എച്ച്‌ഐവി അണുബാധ  ഫലപ്രദമായി നിയന്ത്രിക്കുന്നതിന് കൗമാരപ്രായക്കാര്‍ക്കും യുവാക്കള്‍ക്കും രോഗത്തെക്കുറിച്ച് കൂടുതല്‍ അറിവ് നല്‍കേണ്ടതുണ്ടെന്ന് വീണാജോര്‍ജ് എംഎല്‍എ പറഞ്ഞു. എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി പത്തനംതിട്ട നഗരസഭാ ബസ് സ്റ്റാന്‍ഡില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ. എല്ലാ വ്യക്തികളും അവരുടെ എച്ച്‌ഐവി സ്റ്റാറ്റസ് പരിശോധിച്ച് അറിയാന്‍ തയാറാകണമെന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിട്ടുള്ളതെന്നും എംഎല്‍എ പറഞ്ഞു.
നഗരസഭാധ്യക്ഷ അഡ്വ.ഗീത സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍.ഷീജ മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എബിസുഷന്‍ ദിനാചരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭയിലെ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സിന്ധു അനില്‍ റെഡ്‌റിബണ്‍ അണിയിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ.ജി.അനിത ദിനാചരണ സന്ദേശം നല്‍കി. ഡെപ്യൂട്ടി ഡിഎംഒ ഡോ.പി.എന്‍.പത്മകുമാരി, എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി    സാന്ത്വനം പ്രോജക്ട് മാനേജര്‍ വിജയനായര്‍, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് ജില്ലാ ട്രെയിനിംഗ് കമ്മീഷണര്‍ മാത്യുസണ്‍ പി.തോമസ്, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍മാരായ റ്റി.കെ.അശോക് കുമാര്‍, എ.സുനില്‍ കുമാര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എം.ആര്‍.അനില്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഇതോടനുബന്ധിച്ച് ഇന്നലെ രാവിലെ കളക്ടറേറ്റില്‍ നിന്നും ആരംഭിച്ച സന്ദേശറാലി ഡിവൈഎസ്പി പ്രദീപ് കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. റാലിയില്‍ മികച്ച പങ്കാളിത്തം കാഴ്ചവച്ച നഴ്‌സിംഗ് കോളജുകള്‍ക്ക്  ട്രോഫിയും കാഷ് പ്രൈസും നല്‍കി. അടൂര്‍ ഹോളിക്രോസ് കോളജ് ഓഫ് നഴ്‌സിംഗ് ഒന്നാം സ്ഥാനവും തിരുവല്ല പുഷ്പഗിരി കോളജ് ഓഫ് നഴ്‌സിംഗ് രണ്ടാം സ്ഥാനവും ചുട്ടിപ്പാറ യൂണിവേഴ്‌സിറ്റി കോളജ് ഓഫ് നഴ്‌സിംഗ് മൂന്നാം സ്ഥാനവും നേടി.