ഭാരതീയ ചികിത്സാ വകുപ്പും സംസ്ഥാന സര്‍ക്കാരും നാഷണല്‍ ആയുഷ് മിഷന്റെ ഭാഗമായി വാണിയംകുളം ഗ്രാമ പഞ്ചായത്തിനെ ആയുഷ് ഗ്രാമമായി പ്രഖ്യാപിക്കും. ഡിസംബര്‍ 9 രാവിലെ 10ന് വാണിയംകുളം ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കുന്ന ആയുഷ് ഗ്രാമം പദ്ധതി പ്രഖ്യാപനം എം.ബി.രാജേഷ് എം.പി നിര്‍വഹിക്കും. പരിപാടിയോടനുബന്ധിച്ച് ആയുര്‍വേദ, ഹോമിയോ, സിദ്ധ വിഭാഗങ്ങളുടെ മെഡിക്കല്‍ ക്യാമ്പ് കൗണ്‍സിലിങ് ഡീ അഡിക്ഷന്‍ എന്നിവയില്‍ പ്രത്യേക സ്റ്റാളുകളും സജ്ജമാക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി, എം.എല്‍.എമാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ആയുര്‍വേദംഹോമിയോ വകുപ്പ് അധികൃതര്‍ പങ്കെടുക്കും.
സമ്പൂര്‍ണ ആയുര്‍വേദ പരിരക്ഷ നല്‍കുന്ന പദ്ധതി
വാണിയകുളം ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ ആളുകള്‍ക്കും ഒരു വര്‍ഷത്തേക്ക് സമ്പൂര്‍ണ ആയുര്‍വേദ പരിരക്ഷ നല്‍കുന്ന കേന്ദ്ര ആയുഷ്മിഷന്റെ പദ്ധതിക്ക് ജില്ലയില്‍ വാണിയംകുളം പഞ്ചായത്തില്‍ തുടക്കമാവും. ദൈനംദിന ജീവിതശൈലിയില്‍ മാറ്റം വരുത്തി രോഗങ്ങളും പകര്‍ച്ചവ്യാധികളും തടയുക, ആരോഗ്യകരമായ ആഹാരവും ജീവിത രീതികളും പ്രോത്സാഹിപ്പിക്കുക എന്നത ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആരോഗ്യ ബോധവല്‍ക്കരണം, പകര്‍ച്ചവ്യാധി പ്രതിരോധം, ജീവിത ശൈലീരോഗ നിയന്ത്രണം, ജൈവ ഭക്ഷ്യോല്‍പ്പാദനം, നല്ല ഭക്ഷണശീല പ്രചാരണം, ക്ഷീരവികസനം, ഔഷധസസ്യ വ്യാപനം, യോഗാപരിശീലനം, പ്രകൃതിസംരക്ഷണം, തുടങ്ങിയ രീതികള്‍ മുന്‍നിര്‍ത്തിയാണ് ആയുഷ് ഗ്രാമം പദ്ധതിക്ക് രൂപം നല്‍കുക.
മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡ്, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഔഷധസസ്യങ്ങള്‍ വെച്ചുപിടിപ്പിക്കുന്നത്. ഓരോ ആയുഷ് ഗ്രാമത്തിനും 10 ലക്ഷം രൂപ വീതമാണ് അനുവദിച്ചിട്ടുള്ളത്. ഒരു സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ യോഗ ട്രെയിനര്‍ ഹെല്‍പ്പര്‍ അല്ലെങ്കില്‍ മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ എന്നിവരുടെ സേവനം പദ്ധിയില്‍ ഉറപ്പാക്കും. സമഗ്ര ആരോഗ്യ പുരോഗതിക്കായി ആയുര്‍വേദം, ഹോമിയോപ്പതി, സിദ്ധ, യോഗ, യുനാനി, പ്രകൃതി ചികില്‍സ വിഭാഗങ്ങള്‍ ആയുഷ് ഗ്രാമത്തില്‍ കൈകോര്‍ക്കുന്നു. കൃഷി ശുചിത്വമിഷന്‍ എന്നീ വകുപ്പുകളുടെ പിന്തുണയും പദ്ധതിക്കുണ്ട്. ജില്ലയില്‍ ഒറ്റപ്പാലത്തെ വാണിയംകുളം ഗ്രാമപഞ്ചായത്ത് ഉള്‍പ്പെടെ സംസ്ഥാനത്ത് ഏട്ട് ആയുഷ് ഗ്രാമങ്ങളെയാണ് പദ്ധതിയിലേക്ക് തെരഞ്ഞെടുത്തത്.