കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിന്റെ 2018-2019 മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത് 23 ലക്ഷത്തിലേറെ രൂപ. സാമ്പത്തികമായി പിന്നാക്കം നില്‍കുന്ന ബ്ലോക്ക് പരിധിയിലുളള പട്ടികജാതി വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് വിതരണം. പദ്ധതിയില്‍ ബിരുദാനന്തര ബിരുദക്കാരായ വിദ്യാര്‍ഥികളില്‍ ഒരാള്‍ക്ക് 30000 രൂപയും ബി.ടെക് വിദ്യാര്‍ഥികള്‍ക്ക് 25000 രൂപയും ബിരുദ വിദ്യാര്‍ഥികള്‍ക്ക് 20000 രൂപയുമാണ് വിതരണം ചെയ്യുക. ഇതില്‍ 28 ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കും, മൂന്ന് ബി.ടെക് കോഴ്സ് വിദ്യാര്‍ഥികള്‍ക്കുമായി 9,15,000 രൂപ വിതരണം ചെയ്തു കഴിഞ്ഞു. 70 ബിരുദ വിദ്യാര്‍ഥികള്‍ക്ക് തുക ഉടന്‍ കൈമാറുമെന്നും കുഴല്‍മന്ദം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ സുന്ദരന്‍ അറിയിച്ചു. സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ കോളെജുകളില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നേടിയ പട്ടകജാതി വിദ്യാര്‍ത്ഥികള്‍ക്കും എസ്.സി റിസര്‍വേഷന്‍ സീറ്റുകളില്‍ പ്രവേശനം ലഭിച്ചവര്‍ക്കുമാണ് സ്്കോളര്‍ഷിപ്പ് ലഭിക്കുക. 158 അപേക്ഷകളാണ് ലഭിച്ചത്. കുറഞ്ഞ വരുമാനമുള്ള ബി.പി.എല്‍ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് മുന്‍ഗണന നല്‍കിയാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതെന്നും കുഴല്‍മന്ദം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ സുന്ദരന്‍ പറഞ്ഞു.