ചെങ്ങന്നൂർ : പ്രളയ ശേഷം രോഗങ്ങൾ പടർന്നുപിടിക്കാതിരിക്കാനുള്ള തീവ്ര ശുചീകരണ പ്രവർ്ത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ് വെൺമണിയും പ്രദേശങ്ങളും.അച്ചൻകോവിലാറിനോട് ചേർന്നു കിടക്കുന്ന ചെങ്ങന്നൂർ താലൂക്കിലെ പ്രധാന പഞ്ചായത്താണ് വെൺമണി.ഇവിടെ പ്രളയം സാരമായി ബാധിച്ചിരുന്നു. പ്രളയത്തിന് ശേഷം എലി പരത്തുന്ന രോഗങ്ങളുണ്ടാകാതിരിക്കാൻ എലി നിർമാർജ്ജന യജ്ഞവും ഇവിടെ നടത്തുന്നുണ്ട്. വെൺമണി കൃഷി ഭവന്റെ നേതൃത്വത്തിലാണ് ഗ്രാമ പഞ്ചായത്തിലെ മുഴുവൻ ഭവനങ്ങളിലും എലിനശീകരണ യജ്ഞം നടത്തുന്നത്. ഒരു ദിവസം കൊണ്ട് എല്ലാ വീടുകളിലും എലിവിഷം വെയ്ക്കുന്ന രീതിയിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. പ്രളയത്തിനുശേഷം കൃഷി ഓഫീസർമാരുടെ സംഘടനയായ എ.ഒ.എ.ഒ.കെയുടെ നേതൃത്വത്തിൽ നാലായിരം പായ്ക്കറ്റുകൾ നൽകിയിരുന്നു. കുടുംബശ്രീയുടെ നേതൃത്വത്തിലാണ് എലിവിഷം വീടുകളിൽ എത്തിക്കുന്നത്. എലി നിർമാർജ്ജന ഏകദിനയജ്ഞത്തിന്റെ മുന്നോടിയായി എലിവിഷ വിതരണ ഉദ്ഘാടനവും , കുടുംബശ്രീ അംഗങ്ങൾക്കുള്ള പരിശീലനവും നടന്നു. വെൺമണി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലെജുകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിസിഡന്റ് അജിതാ മോഹൻ അധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ജോർജ് .കെ.മത്തായി പരിശീലനം നൽകി. കൃഷി ഓഫീസർ, വത്സലാകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.