വേറിട്ട എയ്ഡ്സ് ദിനാചരണം
പറവൂർ: വിവാഹ വേദിയിൽ എയ്ഡ്‌സ് ബോധവത്കരണവുമായി നവ ദമ്പതികൾ.എയ്ഡ്‌സ് ബോധവത്കരണത്തിനായി ചുവന്ന ബാഡ്ജ് അണിഞ്ഞുകൊണ്ട് വിവാഹിതരായിരിക്കുകയാണ് ആലപ്പുഴക്കാരായ അശ്വതി -ജിഷ്ണു ദമ്പതികൾ.പറവൂർ ഇ എം എസ് കമ്മ്യൂണിറ്റി ഹാളിൽ നടന്ന വിവാഹ ചടങ്ങിലാണ് ദമ്പതികൾ ബാഡ്ജ് അണിഞ്ഞെത്തിയത്. പുന്നപ്ര വടക്ക് ഗ്രാമ പഞ്ചായത്തും പുന്നപ്ര വടക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രവും ചേർന്ന് സംഘടിപ്പിച്ച എയ്ഡ്സ് ദിനാചരണത്തന്റെ ഭാഗമായാണ് നവദമ്പതികൾ ബാഡ്ജണിഞ്ഞത്. ഇവിടെ നടന്ന എയ്ഡ്‌സ് ദിനാചരണ ഉദ്ഘാടനം പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സുവർണ പ്രതാപൻ നിർവഹിച്ചു.എയ്ഡ്സ് ദിനത്തിന്റെ പ്രാധാന്യം പുതു തലമുറയിലേക്കുമെത്തിക്കുക എന്ന ലക്ഷ്യതോടെയാണിത് നടത്തിയതെന്ന് അവർ പറഞ്ഞു.മെഡിക്കൽ ഓഫീസർ സുലേഖ റാണി എയ്ഡ്സ് ദിന ക്ലാസ്സ് നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ കെ റഫീക്ക്, വൈസ് പ്രസിഡന്റ് വി കെ വിശ്വനാഥൻ, ആശ വർക്കേഴ്‌സ്, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.