ശബരിമല: ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക് ദര്‍ശനത്തിന് യാതൊരു ബുദ്ധിമുട്ടും നേരിടുന്നില്ലെന്നും എല്ലാ തീര്‍ഥാടകര്‍ക്കും സുഖദര്‍ശനം ലഭിക്കുന്നുണ്ടെന്നും ദേവസ്വംവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പമ്പയിലും സന്നിധാനത്തും തീര്‍ഥാടകര്‍ക്ക് ഒരുക്കിയിട്ടുള്ള സൗകര്യങ്ങള്‍ വിലയിരുത്തുന്നതിന് സന്നിധാനത്തെ ദേവസ്വം ഗസ്റ്റ്ഹൗസില്‍ വിളിച്ചുചേര്‍ത്ത വിവിധ കുപ്പ് ഉദ്യോഗസ്ഥരുടെ അവലോകനയോഗത്തില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നു എന്ന രീതിയിലുള്ള പ്രചരണം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് സന്ദര്‍ശനത്തിലൂടെ ബോധ്യപ്പെട്ടു. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരുള്‍പ്പടെ മൂന്നൂറോളം തീര്‍ഥടകരോട് നേരിട്ട് സംസാരിച്ചിരുന്നു. ഇവരില്‍ ഒരാള്‍പ്പോലും യാതൊരു പരാതികളും അറിയിച്ചില്ല. ദര്‍ശനത്തിന് ഒരു ബുദ്ധിമുട്ടും നേരിട്ടില്ലെന്നും സൗകര്യങ്ങളില്‍ പൂര്‍ണ തൃപ്തരാണെന്നും തീര്‍ഥാടകര്‍ അറിയിച്ചതായി മന്ത്രി പറഞ്ഞു. ശബരിമല തീര്‍ഥാടനത്തെ അട്ടിമറിക്കാന്‍ ബോധപൂര്‍വം ചിലര്‍ നടത്തുന്ന ശ്രമങ്ങളെ തീര്‍ഥാടകര്‍ തള്ളിക്കളഞ്ഞു എന്നതിന്റെ തെളിവാണ് തീര്‍ഥാടനകാലം തുടങ്ങിയതിന്റെ പതിമൂന്നാമത് ദിവസം മാത്രം ദര്‍ശനത്തിന് 61600 പേര്‍ എത്തിയത്. ഏറ്റവും തിരക്കുള്ള ദിവസങ്ങളില്‍ പതിനെട്ടാംപടി വഴി പരമാവധി ഒരുലക്ഷത്തിനടുത്ത് ആളുകള്‍ മാത്രമാണ് ദര്‍ശനത്തിനെത്തുന്നത്. ഇത്തരത്തില്‍ അറുപത് ദിവസമുള്ള തീര്‍ഥാടനകാലത്ത് പരമാവധി എത്താവുന്നത് 72 ലക്ഷത്തോളം ആളുകളാണ്. വടക്കേനട വഴി ദര്‍ശനം നടത്തുന്നവരുടേയും കൂടി കണക്കെടുത്താലും ഒരുകോടിയില്‍ കൂടുതല്‍ തീര്‍ഥാടകര്‍ ഒരു തീര്‍ഥാടനകാലത്ത് എത്താറില്ല എന്നത് മനസിലാക്കാവുന്നതാണ്. ശബരിമല തീര്‍ഥാടനം അട്ടിമറിക്കുന്നതിന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പല വ്യാജപ്രചാരണങ്ങളും നടക്കുന്നുണ്ട്. സംഘര്‍ഷം സംബന്ധിച്ച വാര്‍ത്തകളും പകര്‍ച്ചവ്യാധികള്‍ സംബന്ധിച്ച വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കുന്നതിലൂടെ തീര്‍ഥാടകരുടെ വരവ് കുറയ്ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ ഈ പ്രചരണങ്ങളെ തീര്‍ഥാടകര്‍ തള്ളിക്കളഞ്ഞുവെന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസങ്ങളില്‍ തീര്‍ഥാടകരുടെ എണ്ണത്തിലുണ്ടായ വര്‍ധനവെന്നും മന്ത്രി പറഞ്ഞു.
വാവര്‍നടയില്‍ ദര്‍ശനത്തിന് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല. സുരക്ഷയുടെ ഭാഗമായി മഹാകാണിക്കയുടെ സമീപവും വാവര്‍നടയ്ക്ക് സമീപവും പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക് ഇവിടങ്ങളിലേയ്ക്ക് കടന്നുപോകുന്നതിന് ആവശ്യമായ വഴി നല്‍കിയാണ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്. മാളികപ്പുറത്തുനിന്നും ദര്‍ശനം കഴിഞ്ഞ് മടങ്ങിവരുന്ന തീര്‍ഥാടകര്‍ക്ക് വാവര്‍നടയിലേയ്ക്കും മഹാകാണിക്കയിലേയ്ക്കുമുള്ള വഴി എളുപ്പത്തില്‍ മനസിലാക്കുന്നതിന് രണ്ട് വലിയ ബോര്‍ഡുകള്‍ സ്ഥാപിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
പ്രളയം സന്നിധാനത്ത് ഒരുതരത്തിലും ബാധിച്ചില്ല. എന്നാല്‍ പമ്പയില്‍ പ്രളയം വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. ദീര്‍ഘവീക്ഷണമില്ലാതെ പമ്പയുടെ തീരം കോണ്‍ഗ്രീറ്റ് വനമാക്കി മാറ്റിയതിന്റെ അനന്തരഫലമായിവേണം പമ്പയിലെ തകര്‍ച്ചയെ കാണേണ്ടത്. പമ്പയില്‍ സ്ഥിരമായി ഒരു നിര്‍മാണ പ്രവര്‍ത്തനവും സര്‍ക്കാര്‍ നടത്തില്ല. ശബരിമല ഉന്നതാധികാര സമിതിയുടേയും അഭിപ്രായവും ഇതുതന്നെയാണ്. നിലയ്ക്കല്‍ ബേസ്‌ക്യാമ്പാക്കി നിലനിര്‍ത്തിയായിരിക്കും വരും വര്‍ഷങ്ങളിലും തീര്‍ഥാടനം നടത്തുകയെന്നും മന്ത്രി പറഞ്ഞു. നിലയ്ക്കല്‍ ക്ഷേത്രത്തിന് സമീപം ബസ്് നിര്‍ത്താത്തതുമൂലം തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നൂവെന്ന പരാതിക്ക് അടിയന്തിര പരിഹാരം കാണാന്‍ മന്ത്രി കെ.എസ്.ആര്‍.ടി.സിയ്ക്ക് നിര്‍ദേശം നല്‍കി. തീര്‍ഥാടകരെ ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള പരിഷ്‌ക്കാരങ്ങള്‍ ഏര്‍പ്പെടുത്തരുതെന്നും മന്ത്രി പറഞ്ഞു. നിലയ്ക്കലിലും പമ്പയിലും ബസുകളില്‍ കയറുന്നതിന് തീര്‍ഥാടകര്‍ക്ക് ക്യൂ സമ്പ്രദായം ഏര്‍പ്പെടുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.