സ്‌പോർട്‌സ് കേരള ട്രിവാൻഡ്രം മാരത്തോണിന് വ്യവസായ-കായികമന്ത്രി ഇ.പി. ജയരാജൻ മാനവീയം വീഥിയിൽ ഫ്‌ളാഗ് ഓഫ് ചെയ്തു. എല്ലാവർഷവും ഇത്തരത്തിൽ മാരത്തോൺ സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. മുഴുവൻ ജനവിഭാഗങ്ങളെയും ഉൾക്കൊള്ളിച്ച് മഹത്തായ കായികസംസ്‌കാരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് മാരത്തോൺ സംഘടിപ്പിക്കുന്നത്. ‘റൺ ഫോർ റീ ബിൾഡ് കേരള’ എന്നതാണ് 2018ലെ മാരത്തോണിന്റെ മുദ്രാവാക്യം. ഈവർഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധനസമാഹരണത്തിനാണ് രജിസ്ട്രേഷൻ ഫീസ് ഉപയോഗിക്കുക. കേരള പുനർനിർമാണം എന്ന ലക്ഷ്യത്തിനായി മറ്റ് സർക്കാർ വകുപ്പുകളുമായി സഹകരിച്ചാണ് കായിക-യുവജനകാര്യവകുപ്പ് ഈ സംരംഭം നടപ്പാക്കുന്നത്.
ഫാമിലി ഫൺ റണ്ണാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.  ഫാമിലി ഫൺ റണ്ണിൽ പൊതുജനങ്ങൾ, ടെക്നോപാർക്ക്, കര-വ്യോമ-നാവിക സേന, കായികതാരങ്ങൾ മുതലായവർ പങ്കെടുത്തു.
തുടർന്ന് അർധരാത്രി ആദ്യം 42.19 കിലോ മീറ്റർ ഫുൾ മാരത്തോൺ മത്സരവും തുടർന്ന് 21.09 കിലോമീറ്റർ ഹാഫ് മാരത്തോണും 10 കിലോ മീറ്റർ റെയ്‌സും നടന്നു. മാരത്തോണിന്റെ മൂന്നു വിഭാഗങ്ങളിലുമായി 2000 കായിക താരങ്ങൾ പങ്കെടുക്കും. സമ്മാനദാനം ഡിസംബർ രണ്ട് രാവിലെ 11.30 ന് മാനവീയം വീഥിയിൽ കായിക വകുപ്പ് മന്ത്രി നിർവഹിക്കും.
ചടങ്ങിൽ കായികവകുപ്പ് സെക്രട്ടറി ഡോ. എ. ജയതിലക്, കായിക-യുവജനകാര്യ ഡയറക്ടർ സഞ്ജയൻ കുമാർ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ തുടങ്ങിയവർ സംബന്ധിച്ചു.