മഴക്കെടുതിയിലുണ്ടായ നാശനഷ്ടം വിലയിരുത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എല്ലാ വകുപ്പുകളോടും ജില്ലാ വികസന സമിതി യോഗം നിര്‍ദേശിച്ചു. കഴിഞ്ഞ ആഴ്ചയുണ്ടായ കനത്ത മഴയും ഉരുള്‍പൊട്ടലും മൂലം വ്യാപക നാശനഷ്ടങ്ങള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൃഷി നാശം സംബന്ധിച്ചതിന്റെ കണക്കെടുക്കാനും എ.ഡി. എം ഷൈജു.പി. ജേക്കബിന്റെ അധ്യക്ഷതയില്‍ ഇടുക്കി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം നിര്‍ദേശിച്ചു. പല സ്ഥലത്തും റോഡുകളുടെ അരിക് ഇടിഞ്ഞു പോയിട്ടുള്ളതിനാല്‍ ഇത്തരം സ്ഥലങ്ങളില്‍ അപകട സാധ്യത മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ യോഗം നിര്‍ദേശിച്ചു. അപകട സാധ്യത മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണെന്ന് എക്‌സി. എഞ്ചിനീയര്‍, പൊതുമരാമത്ത് (നിരത്തുകള്‍) വിഭാഗം അറിയിച്ചു. പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

എന്‍.എച്ച് 85 ന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് വലിയ യന്ത്രസാമഗ്രികള്‍ നിര്‍ത്തിയിട്ടിയിരിക്കുന്നതിനാല്‍ സീസണ്‍ സമയത്ത് വലിയ രീതിയില്‍ ഗതാഗതതടസം ഉണ്ടാകുന്നുണ്ടെന്ന പരാതിയില്‍ എന്‍. എച്ച് എ. ഐ അധികൃതരോട് റിപ്പോര്‍ട്ട് തേടും. ഇത്തരം സമയങ്ങളില്‍ പ്രവൃത്തി നിര്‍ത്തിവെക്കണമെന്ന് എ.രാജ എം. എല്‍. എ ആവശ്യപ്പെട്ടിരുന്നു.

ഇടമലക്കുടിയിലെ നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത 58 വീടുകളുടെ ബലക്ഷമത സംബന്ധിച്ച് ടെക്‌നിക്കല്‍ കമ്മിറ്റി അടിയന്തിരമായി പരിശോധന നടത്തും. കാലാവസ്ഥ പ്രതികൂലമായതിനാലാണ് ടെക്‌നിക്കല്‍ കമ്മിറ്റിക്ക് പരിശോധന ആരംഭിക്കാന്‍ സാധിക്കാത്തത് എന്ന് വനം വകുപ്പ് അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. ഇടമലക്കുടിയില്‍ പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ള 3 കി.മീ റോഡ് നിര്‍മ്മാണം ഒരാഴ്ചക്കുള്ളില്‍ ആരംഭിക്കും.

തമിഴ്‌നാട്ടില്‍ നിന്നും തൊഴിലാളികളെ കൊണ്ടുവരുന്ന വാഹനങ്ങള്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി അമിതമായി തൊഴിലാളികളെ കുത്തി നിറച്ച് അതിവേഗത്തിലാണ് വരുന്നത്. കട്ടപ്പന, നെടുംങ്കണ്ടം, കുമളി, കമ്പംമെട്ട് തുടങ്ങിയ സ്ഥലങ്ങളിലും, സമീപത്തുള്ള മറ്റ് സ്ഥലങ്ങളിലും ഇതര വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഇതുമൂലം കടുത്ത ബുദ്ധിമുട്ടുണ്ടാകുന്നുവെന്ന പരാതിയില്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ്, ലൈസന്‍സ് തുടങ്ങിയ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് മോട്ടോര്‍ വാഹന വകുപ്പ് കര്‍ശനമായ പരിശോധന നടത്തും.

അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഹോം സ്റ്റേകള്‍, വെള്ളച്ചാട്ടങ്ങള്‍ എന്നിവയുടെ തദ്ദേശഭരണ സ്ഥാപനം തിരിച്ചുള്ള ലിസ്റ്റ് സ്ഥാപനങ്ങള്‍ ലഭ്യമാക്കി. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഹോം സ്റ്റേകള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് എല്‍. എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.

തൊഴില്‍വകുപ്പിന്റെ അതിഥി ആപ്പ് വഴി 27,973 പേര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി തൊഴില്‍ വകുപ്പ് അധികൃതര്‍ അറിയിച്ചു. അതിഥിത്തൊഴിലാളികളുടെ ഇടയിലെ മദ്യം, ലഹരി വസ്തുക്കളുടെ ഉപയോഗം, അടിപിടി, മറ്റ് ക്രമസമാധാന പ്രശ്‌നങ്ങള്‍ എന്നിവ സാമൂഹിക ജീവിതത്തെ സാരമായി ബാധിക്കുന്നതായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ തൊഴില്‍ വകുപ്പ്, ആരോഗ്യ വകുപ്പ്, പോലീസ് എന്നിവരുടെ കര്‍ക്കശമായ പരിശോധനയും നിയന്ത്രണവും ഉണ്ടാകും.

സ്ഥലം ലഭ്യമല്ലാത്ത വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന 61 അങ്കണവാടികള്‍ക്ക് സ്ഥലം ലഭ്യമാക്കുന്ന വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കാന്‍ യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍, വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി. ജ്യോതിമോള്‍ എന്നിവര്‍ പങ്കെടുത്തു.