കുണ്ടറ മണ്ഡലത്തിന്റെ സമഗ്രവികസനം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന ഇടം പദ്ധതിക്കുകീഴില്‍ മേഖലയിലെ കുടിവെള്ള ക്ഷാമത്തിനെതിരായ മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജ്ജിതമായി നടത്തണമെന്ന് മന്ത്രി. ജെ. മേഴ്‌സിക്കുട്ടിയമ്മ നിര്‍ദേശിച്ചു.
പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുന്നതിനുമായി കുണ്ടറയില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും മറ്റ് ജനപ്രതിനിധികളും തദ്ദേശഭരണ സ്ഥപനങ്ങളിലെ സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുത്തു.
    ഒരു വാര്‍ഡില്‍ കുറഞ്ഞത് 50 കിണര്‍ എന്ന തോതില്‍ റീചാര്‍ജിംഗ് നടത്തണം. ഏഴായിരത്തിലധികം കിണറുകളില്‍ ഇങ്ങനെ ജലലഭ്യത ഉറപ്പാക്കാനാകും. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകളും പ്രയോജനപ്പെടുത്തണം. ഭൂജലത്തിന്റെ അളവ് ഉയര്‍ത്താന്‍ പര്യാപ്തമായ നടപടികളാണ് കൈക്കൊള്ളേണ്ടത്. ജലദൗര്‍ലഭ്യം നേരിടുന്ന വീടുകളുടെ വിശദാംശങ്ങള്‍ പഞ്ചായത്തുകള്‍ ശേഖരിക്കണം-മന്ത്രി നിര്‍ദേശിച്ചു.
മാരകരോഗങ്ങളുള്ളവരുടെ വിവരവും ഇതേ മാതൃകയില്‍ ശേഖരിക്കണം. മരുന്ന് വാങ്ങുന്നതിനും മറ്റും സഹായം ആവശ്യമുള്ളവരുടെ പട്ടിക തയ്യാറാക്കണം. ആവശ്യക്കാരായ എല്ലാവര്‍ക്കും ഇടത്തിന്റെ ഭാഗമായി മരുന്ന് ലഭ്യമാക്കാനാണ് തീരുമാനം.
ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാര്‍ഥികളുട പഠനനിലവാരം ഉയര്‍ത്തുന്നതിനുള്ള പിന്തുണയും ഉറപ്പാക്കണം. മണ്ഡലത്തിലെ അഭ്യസ്തവിദ്യരായ യുവതീയുവാക്കളുടെ സേവനം ലഭ്യമാക്കുന്നതിനായി ടീച്ചര്‍ ബാങ്ക് രൂപീകരിക്കണം. ഇവരുടെ സഹകരണത്തോടെ കുട്ടികള്‍ക്ക് ട്യൂഷന്‍ നല്‍കാനാകും. പന്ത്രണ്ടാം ക്ലാസുകാര്‍ക്ക് ഉന്നത പഠനത്തിനോ തൊഴില്‍ നേടുന്നതിനോ സഹായകമായ സംവിധാനമാണ് ഒരുക്കുക. പിന്നാക്ക വിഭാഗക്കാര്‍ കൂടുതലുള്ള മേഖലകളില്‍ അവര്‍ക്ക് ആവശ്യമായ പഠനോപകരണങ്ങളും മറ്റു സഹായങ്ങളും ഉറപ്പ് വരുത്തണം.
കായിക മേഖലയില്‍ തത്പരരായ കുട്ടികള്‍ക്ക് പ്രത്യേക പരിശീലന സൗകര്യം ഏര്‍പ്പെടുത്തണം. ഒരോ പഞ്ചായത്തും ഏതെങ്കിലും ഒരു കായിക ഇനത്തില്‍ കേന്ദ്രീകരിച്ചുള്ള പരിശീലന പരിപാടികളാണ് സംഘടിപ്പിക്കേണ്ടത്.
ഓരോ പഞ്ചാത്തിലേയും 50 വീടുകള്‍ വീതം തെരഞ്ഞടുത്ത് കൃഷി നടത്തുന്നതിന് പ്രോത്സാഹനം നല്‍കണം. കൃഷിയില്‍ പരിശീലനം സിദ്ധിച്ച ഹരിത സേനാംഗങ്ങളെ നിയോഗിച്ച് തൊഴില്‍ മേഖലയെന്ന നിലയ്ക്കും ഇത് പ്രയോജനപ്പെടുത്താം.
ഇടവുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തന പദ്ധതികള്‍ മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തുകളും പ്രത്യേകം സമര്‍പ്പിക്കണം. ചുമതലപ്പെടുത്തിയ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ ഈ മാസം 21ന് അവലോകനയോഗം ചേരുമെന്നും മന്ത്രി വ്യക്തമാക്കി.
ചിറ്റുമല ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് സി. സന്തോഷ് അധ്യക്ഷനായി. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജീവ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, കയര്‍ഫെഡ് ഡയറക്ടര്‍ എസ്. എല്‍. സജികുമാര്‍, ഇടം പദ്ധതി നോഡല്‍ ഓഫീസര്‍ വി. സുദേശന്‍, മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.