ആലപ്പുഴ: 59-ാമത് സംസ്ഥാന സ്‌കൂൾ കലോൽസവത്തിന് നാലുനാൾ ശേഷിക്കേ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലെന്ന് വിലയിരുത്തൽ. അവസാനവട്ട പ്രവർത്തനങ്ങൾ സ്വാഗതസംഘം അധ്യക്ഷനായ പൊതുമരാമത്തുമന്ത്രി ജി.സുധാകരൻ വിലയിരുത്തി. ആലപ്പുഴയുടെ തനിമയ്ക്കും സർക്കാരിന്റെ ഔന്നത്യത്തിനും യോജിക്കും വിധം പരമാവധി പരാതിരഹിതമായി മേള സംഘടിപ്പിക്കാൻ ഏവരുടെയും സഹായസഹകരണം അദ്ദേഹം അഭ്യർഥിച്ചു. മറ്റു ജില്ലകളിൽ നിന്ന് മേളയ്ക്കായി എത്തുന്ന വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും കാര്യത്തിൽ പ്രത്യേക ശ്രദ്ധവേണമെന്നും താമസസ്ഥലങ്ങളിൽ ആവശ്യമായ സുരക്ഷക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും അദ്ദേഹം നിർദേശിച്ചു.
പ്രളയം സാമ്പത്തികമായി ആലപ്പുഴയെ വല്ലാതെ ബാധിച്ചിട്ടുണ്ട്. ഈ പരാധീനത ഏറ്റെടുപ്പിക്കാതെ തന്നെ വിദ്യാഭ്യാസ വകുപ്പ് ആവശ്യമായ സജ്ജീകരണം ഇവിടെ ഒരുക്കുന്നുണ്ട്. സ്വാഭാവികമായും പരാതികൾ ഉണ്ടാകുമെങ്കിലും പരിഹരിക്കപ്പെടാത്ത ഒരു പരാതിയും ഉണ്ടാകാതിരിക്കാൻ വിവിധ സമതികൾ തികഞ്ഞ ജാഗ്രത പുലർത്തണം. കലോൽസവത്തിന്റെ നിയമാവലി പാലിച്ച് മാതൃകാപരമായി ഈ മേള നടത്താൻ ആലപ്പുഴയ്ക്കു കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ചടങ്ങിൽ മൽസരയിനങ്ങളും വേദികളും പരാമർശിക്കുന്ന കലോൽസവ കലണ്ടറും അദ്ദേഹം പ്രകാശനം ചെയ്തു.
29 വേദികൾ 12000 മൽസരാർഥികൾ
29 വേദികളിലായി പരമാവധി ചെലവു കുറഞ്ഞ രീതിയിൽ മികച്ച നിലയിലാണ് കലോൽസവം സംഘാടനം ചെയ്തിട്ടുള്ളതെന്ന് മേളയുടെ കോ-ചെയർമാനായ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ ചൂണ്ടിക്കാട്ടി. 12000 വിദ്യാർഥികളും രക്ഷിതാക്കളുമാണ് മേളയ്ക്ക് എത്തുകയെന്നാണ് പ്രതീക്ഷ. ഇവർക്കാവശ്യമായ അത്യാവശ്യം സൗകര്യങ്ങളെല്ലാം ഒരുക്കി വരികയാണെന്നും ഇക്കാര്യത്തിൽ പരാതിക്കിട നൽകാത്ത വിധം പ്രവർത്തനം ഏകോപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വേദികൾ സജ്ജമാകുന്നു
29 വേദികളുടെയും പെയിന്റിങ് ഉൾപ്പടെയുള്ള കാര്യങ്ങൾ അന്തിമഘട്ടത്തിലാണെന്ന് പ്രോഗ്രാം കമ്മറ്റി അധ്യക്ഷനായ നഗരസഭ ചെയർമാൻ തോമസ് ജോസഫ് പറഞ്ഞു. വിവിധ വേദികളുടെ അറ്റകുറ്റപ്പണിക്കായി 25 ലക്ഷം രൂപയാണ് നരസഭ ചെലവഴിക്കുന്നത്. കലോൽസവമാകെ ഹരിതചട്ടം പാലിക്കുന്നുവെന്നുറപ്പാക്കാൻ നഗരസഭയുടെ മുഴുവൻ സംവിധാനവും ഉപയോഗിക്കും. നെഹ്‌റുട്രോഫി വള്ളംകളി കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ നഗരം മുഴുവൻ വൃത്തിയാക്കിയ മാതൃകയിൽ കലോൽസവ നാളുകളിലും നഗരസഭ ജീവനക്കാരും സന്നദ്ധപ്രവവർത്തകരും ഒത്തൊരുമിച്ചു പ്രവവർത്തിക്കും.
രജിസ്‌ട്രേഷൻ ആറിന് തുടങ്ങും
മേളയിലേക്കുള്ള വിദ്യാർഥികൾ ഈമാസം അഞ്ചോടെ ഇവിടെ എത്തിത്തുടങ്ങുമെന്നാണ് പ്രതീക്ഷ. ആറിന് രാവിലെ രജിസ്‌ട്രേഷൻ നടപടികൾ തുടങ്ങും. ഇവർക്കും അധ്യാപകർക്കും സംഘാടകർക്കും ഉൾപ്പടെയുള്ളവർക്ക് നൽകാനുള്ള ബാഡ്ജുകൾ അഞ്ചിന് തയ്യാറാകും. 14 കേന്ദ്രങ്ങളിലായി 60 അധ്യാപകരാണ് രജിസ്‌ട്രേഷൻ കൗണ്ടറിലുണ്ടാവുക.
12 സ്‌കൂളുകളിൽ താമസസൗകര്യം
കലോൽസവം നഗരത്തിലെ തന്നെ സ്‌കൂളുകൾ കേന്ദ്രീകരിച്ചായതിനാൽ അറവുകാട് മുതൽ തുമ്പോളി വരെയുള്ള ഭാഗങ്ങളിലെ 12 സ്‌കൂളുകളിലാണ് വിദ്യാർഥികൾക്കുള്ള താമസസൗകര്യം ഒരുക്കുന്നത്. ഇവിടങ്ങളിൽ സഹായത്തിനായി പ്രാദേശികമായി ജനകീയ സമതികളും 20 വിദ്യാർഥികൾ വീതമടങ്ങിയ സൗഹൃദ സേനകളും ഉണ്ടാകും. താമസകേന്ദ്രങ്ങളിൽ സുരക്ഷയ്ക്കായി പൊലീസ് സേവനവും ലഭ്യമാക്കും.
ഭക്ഷണവിതരണം നാലുകേന്ദ്രങ്ങളിൽ
മൽസരാർഥികൾക്കുള്ള ഭക്ഷണം തയ്യാറാക്കുക ഇ.എം.എസ്. സ്‌റ്റേഡിയത്തിൽ ഒരുക്കുന്ന പ്രധാന കലവറയിലാകുമെങ്കിലും മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി നാലു കേന്ദ്രങ്ങൾ വഴിയാകും വിതരണം. ചെലവുചുരുക്കലിന്റെ ഭാഗമായാണിത്. പ്രത്യേക വാഹനങ്ങൡ ഭക്ഷണവും കുടിവെള്ളവും ഇവിടെ നിന്ന് നേരത്തെ എത്തിക്കുമെന്ന് ഭക്ഷണസമതി അധ്യക്ഷനായ മൽസ്യഫെഡ് ചെയർമാൻ പി.പി.ചിത്തരഞ്ജൻ പറഞ്ഞു. അഞ്ചുതരം കറിയും ചോറും പായസവും ഉൾപ്പെടുന്നതാകും ഉച്ചഭക്ഷണം. രാവിലെ ഇഡലി, ഉപ്പുമാവ് എന്നിവ മാറിമാറി നൽകും. സ്റ്റേഡിയത്തിൽ 10000 ചതുരശ്രയടി വിസ്തീർണമുള്ള പ്രധാന പന്തൽ ഇതിനായി സജ്ജമാക്കും.
എല്ലാകേന്ദ്രങ്ങളിലും ബുഫെ മാതൃകയിലാകും ഭക്ഷണവിതരണം. ആവശ്യത്തിന് സ്റ്റീൽ പാത്രങ്ങൾ ഇതിനായി സ്വരൂപിച്ചിട്ടുണ്ട്. കലോൽസവ ഭക്ഷണം തയ്യാറാക്കുന്ന പഴയിടം മോഹനൻ നമ്പൂതിരി ഇതിനകം രണ്ടുതവണയെത്തി ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ആറിനെത്തുന്ന കുട്ടികൾക്കു കൂടി ഭക്ഷണം കരുതണമെന്ന മന്ത്രിയുടെ നിർദേശം നടപ്പാക്കുമെന്നും ചിത്തരഞ്ജൻ പറഞ്ഞു. മേളയിൽ പങ്കെടുക്കുന്നവർക്കായി പ്രതിദിനം 30000 ലീറ്റർ കുടിവെള്ളം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ജലഅതോറിട്ടി, ജില്ല ഭരണകൂടം എന്നിവയുടെ നേതൃത്വത്തിൽ എത്തിക്കും.
വിദ്യാർഥികളെ സ്വീകരിക്കാൻ പ്രത്യേക സംവിധാനം
ആറിന് മേളയിലേക്കെത്തുന്ന വിദ്യാർഥികളെ സ്വീകരിച്ച് താമസകേന്ദ്രങ്ങളിലെത്തിക്കാൻ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുക. 18 സ്‌കൂൾ ബസുകൾ ഇതിനായി ക്രമീകരിക്കും. കെ.എസ്.ആർ.ടി.സി. സ്റ്റാന്റ്, റയിൽവേ സ്റ്റേഷൻ എന്നിവടങ്ങളിൽ പ്രത്യേക സഹായകേന്ദ്രങ്ങളും യാത്രാസൗകര്യവും ഏർപ്പെടുത്തും. കലോൽസവ വേദികളെ ബന്ധിപ്പിച്ച് ഓട്ടോറിക്ഷകൾ സൗഹൃദയാത്രകൾ സംഘടിപ്പിക്കും. വേദികളെല്ലാം നഗരത്തിലാകയാൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കൂടുതൽ പൊലീസ് സേനയുടെ സഹായവും ലഭ്യമാക്കും.
സംസ്‌കൃതോൽസവവും അറബിക് കലോൽസവവും
ഇതോടൊപ്പം നടക്കുന്ന സംസ്‌കൃതോൽസവത്തിനും അറബിക് കലോൽസവത്തിനും ആയിരത്തോളം വിദ്യാർഥികളെത്തുമെന്നാണ് പ്രതീക്ഷ. സംസ്‌കൃതോൽസവം നാലുവേദികളിലായി 14 ഇനങ്ങളിലാണ് മൽസരം. 300 വിദ്യാർഥികൾ പങ്കെടുക്കും. 19 ഇനങ്ങളിൽ നടക്കുന്ന അറബിക് കലോൽസവത്തിൽ 500 വിദ്യാർഥികളെത്തും. ഇവയ്ക്കായി രണ്ടു വേദികളാണ സജ്ജമാക്കുക.
സഹായകേന്ദ്രങ്ങൾ തുറക്കണമെന്ന് മന്ത്രി
അവസാനദിനം അമ്പലപ്പുഴ പാൽപായസവും
ആലപ്പുഴ: കലോൽസവത്തിനായി നഗരത്തിൽ എത്തിച്ചേരുന്ന ഒരു വിദ്യാർഥിയും രക്ഷിതാവും വേദികളറിയാതെയും വേണ്ട സഹായം കിട്ടാതെയും അലഞ്ഞുതിരിയുന്ന സാഹചര്യം ഉണ്ടാകരുതെന്നും ചെലവു കുറയ്ക്കലിന്റെ ഭാഗമായി സ്വീകരണ സമതികൾ രൂപീകരിച്ചിട്ടില്ലെങ്കിലും അതിനായി പ്രത്യേകം സൗകര്യം ഒരുക്കണമെന്നും സംഘാടക സമതി അധ്യക്ഷനായ പൊതുമരാമത്തുമന്ത്രി ജി.സുധാകരൻ നിർദേശിച്ചു. മൂന്നു ദിവസവും ഭക്ഷണത്തോടൊപ്പം പായസം ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും സമാപന ദിനത്തിൽ അമ്പലപ്പുഴ പായസം നൽകാനും മന്ത്രി നിർദേശിച്ചു.
ഒരു സമയം 12000 പേർക്കുള്ള ഭക്ഷണം വിതരണം ചെയ്യുമ്പോൾ അത്രയും മാലിന്യവും ഉണ്ടാകുമെന്നതിനാൽ നഗരസഭയുടെ നേതൃത്വത്തിൽ മാലിന്യനിർമാർജന സംവിധാനം ഈ ദിവസങ്ങളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നുവെന്നുറപ്പാക്കണം. വിദ്യാർഥികൾ വരുമ്പോഴും പോകുമ്പോഴും വാഹനസൗകര്യം സംബന്ധിച്ച കൃത്യമായ വിവരങ്ങളും ആവശ്യമായ സഹായവും നൽകണമെന്നും അദ്ദേഹം നിർദേശിച്ചു.
കലോൽസവം ആസ്വദിക്കാൻ എത്തുന്നവർ ഉൾപ്പടെയുള്ള ജനങ്ങളെ നിയന്ത്രിക്കുന്നതിനും മറ്റുമായി ജില്ല പൊലീസ് മേധാവിയുടെ അധ്യക്ഷതയിൽ പ്രത്യേക സമതി രൂപീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഇതനനുസരിച്ച് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, നഗരസഭാധ്യക്ഷൻ തോമസ് ജോസഫ്, മൽസ്യഫെഡ് ചെയർമാൻ പി.പി.ചിത്തരഞ്ജൻ എന്നിവരടങ്ങിയ പ്രത്യേക സമതിക്കും യോഗം രൂപം നൽകി. ജില്ല കളക്ടർ ഉൾപ്പടെയുള്ള ജില്ല ഭരണകൂടത്തിന്റെ മുഴുവൻ സഹായവും സാന്നിധ്യവും കലോൽസവത്തിലുണ്ടാകണമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ നിർദേശിച്ചു.
യോഗത്തിൽ പ്രതിഭ ഹരി എം.എൽ.എ., ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, നഗരസഭാധ്യക്ഷൻ തോമസ് ജോസഫ്, മൽസ്യഫെഡ് ചെയർമാൻ പി.പി.ചിത്തരഞ്ജൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻകുമാർ, സബ് കളക്ടർ വി.ആർ.കൃഷ്ണതേജ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ, ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമതി അധ്യക്ഷൻ കെ.ടി.മാത്യു, നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമതി അധ്യക്ഷൻ ജി.മനോജ്കുമാർ, അഡീഷണൽ ഡി.പി.ഐ.മാരായ ജെസി, ജിമ്മി കെ.ജോസ്, വിവിധ സമതി ചെയർമാന്മാർ, കൺവീനർമാർ തുടങ്ങിയവർ പങ്കെടുത്തു.