ആലപ്പുഴ: കേരളത്തിന്റെ പ്രളയാനന്തര പുനർനിർമ്മാണം സർക്കാർ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളായനന്തര പുനർനിർമാണത്തിന്റെ ഭാഗമായി സഹകരണ വകുപ്പിന്റെ ‘കെയർ ഹോം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചെങ്ങന്നൂരിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തെ സഹായിക്കാൻ താല്പര്യമുള്ളവരിൽ നിന്ന് ലഭിക്കേണ്ട ധനസഹായം കേന്ദ്രം നിഷേധിച്ചതിന് കാരണം വ്യക്തമല്ലെന്ന് പിണറായി വിജയൻ പറഞ്ഞു. യു. എ. ഇയിൽ നിന്ന് 700 കോടി രൂപ കേരളത്തിന് നൽകാൻ സന്നദ്ധത അറിയിച്ചതാണ്. കേന്ദ്രം അത് പരിഗണിച്ചില്ല. ഇതുവഴി സമാന മനസ്സുള്ളവരുടെ എത്രയോ കോടികളാണ് നമുക്ക് നഷ്ടപ്പെട്ടതെന്ന് തിരിച്ചറിയണം. പുറമേ നിന്ന് സഹായിക്കാൻ സ്വയമേ ആരെങ്കിലും സന്നദ്ധരായാൽ അത് സ്വീകരിക്കാൻ നിയമതടസ്സമില്ല. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇങ്ങനെ സഹായം സ്വീകരിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിന് കിട്ടേണ്ട സഹായം എന്തുകൊണ്ട് ലഭിക്കാതാക്കി എന്നത് വ്യക്തമല്ല. ഇന്ത്യക്ക് പുറത്തുള്ള, കേരളത്തെ സഹായിക്കാൻ സന്മനസുള്ള കേരളീയരെ സമീപിക്കാൻ ശ്രമിച്ചപ്പോൾ മുഖ്യമന്ത്രിക്ക് മാത്രമാണ് അനുമതി ലഭിച്ചത് . ഇക്കാര്യത്തിൽ വാക്കു പാലിക്കപ്പെട്ടില്ല എന്നതാണ് അനുഭവമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി നല്ല നിലയിൽ മുന്നോട്ടു പോകുന്നുണ്ട്. വൈകാതെ അത് 3000 കോടിയിലെത്തും. സർക്കാർ ക്രൗഡ് ഫണ്ടിങ് ആരംഭിച്ചിട്ടുണ്ട.് പ്രളയാനന്തരമുള്ള ഏതു പദ്ധതിയും ഇതിലൂടെ ഏറ്റെടുക്കാം. മുടക്കിയ പണം എന്തുചെയ്തു എന്നറിയാൻ പോർട്ടലിൽ സംവിധാനവുമുണ്ട്. കേരളത്തിലെ സഹകരണമേഖല ആദ്യഘട്ടത്തിൽ 2000 വീട് നിർമിക്കുവാൻ മുന്നിട്ടിറങ്ങിയത് അഭിനന്ദനാർഹമായ കാര്യമാണ്. മൂന്നുമാസത്തിനുള്ളിൽ 2000 വീടുകളുടെ പണി പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് പ്രാഥമിക ചെലവുകൾക്കായി പതിനായിരം രൂപ നൽകി. 60 കോടി രൂപയിലധികം ഇതിനായി വിനിയോഗിച്ചു. പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ കുടുംബശ്രീ വഴി വായ്പ നൽകാൻ തീരുമാനിച്ചു. ചെറുകിട കച്ചവടക്കാർക്ക് 10 ലക്ഷം രൂപ വരെ വായ്പ നൽകാൻ ബാങ്കുകളുമായി ചർച്ച ചെയ്തു. ഈ പദ്ധതികളിലെല്ലാം കേരളത്തിലെ സഹകരണ ബാങ്കുകൾ വളരെ നല്ല രീതിയിൽ സഹകരിച്ചു. എന്നാൽ നമ്മുടെ നാട്ടിലെ വാണിജ്യബാങ്കുകൾ വേണ്ടവിധത്തിൽ പ്രതികരിച്ചു കാണാത്തത് ദുഃഖകരമായ അനുഭവമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

31,000 കോടി രൂപ പുനർനിർമാണത്തിന് വേണം. നിശ്ചിത മാനദണ്ഡപ്രകാരം മാത്രമേ കേന്ദ്ര സർക്കാർ ഫണ്ട് നൽകൂ. നഷ്ടപ്പെട്ട വീടിന് ഒരു ലക്ഷത്തിൽ താഴെയും ഒരു കിലോമീറ്റർ റോഡിന് ഒരുലക്ഷം രൂപയും ആണ് തരുന്നത്. കേരളത്തിൽ വീടിന് നാലുലക്ഷം രൂപയാണ് സർക്കാർ നൽകുന്നത്. ഒരു കിലോമീറ്റർ റോഡിന് കോടിയിലധികം രൂപ വേണ്ടിവരും. കേന്ദ്രമാനദണ്ഡം പാലിച്ചാൽപോലും 4000 കോടി രൂപ കേരളത്തിന് അർഹതയുണ്ട്. കേന്ദ്ര സംഘം പഠനം പൂർത്തിയാക്കിയശേഷം 2500 കോടി ശുപാർശ ചെയ്തതെന്ന് ചില മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞു. ഇത് അപര്യാപ്തമാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി നേതൃത്വം നൽകുന്ന കമ്മറ്റി ഇക്കാര്യത്തിൽ കേരളത്തിന് അനുകൂല തീരുമാനം എടുക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ട.് 5000 കോടി രൂപയുടെ പ്രത്യേക പാക്കേജും കേരളം ആവശ്യപ്പെട്ടിരുന്നു. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ പത്ത് ശതമാനം വർദ്ധനവും വായ്പാപരിധി വർദ്ധനവും കേരളം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പ്രതികരണം ഇതുവരെ ഉണ്ടായിട്ടില്ല. പ്രളയത്തിലൂടെ കേരളം കണ്ടത് മതനിരപേക്ഷതയുടെ ശക്തിപ്പെടലാണ്. രക്ഷാപ്രവർത്തനത്തിൽ മത്സ്യത്തൊഴിലാളികളും ചെറുപ്പക്കാരും ജീവൻപോലും അവഗണിച്ച് ജാതി മത ഭേദമില്ലാതെ മനുഷ്യ സമൂഹത്തിനു വേണ്ടി ഇറങ്ങുന്നത് കേരളം കണ്ടു. ചില ആരാധനാലയങ്ങൾ പോലും നാനാജാതി മതസ്ഥർക്ക് അഭയകേന്ദ്രമായി-മുഖ്യമന്ത്രി പറഞ്ഞു.

നമുക്ക് വിശ്വസിക്കാനാവാത്ത കാര്യങ്ങളാണ് സംഭവിക്കുന്നതെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വിലയിടുന്ന സാഹചര്യത്തിലൂടെയാണ് കേരളം കടന്നുപോകുന്നതെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. 50,000 മുതൽ രണ്ടുലക്ഷം രൂപ വരെ പൊതുനന്മ ഫണ്ടിൽനിന്ന് നൽകാനും സഹകാരികളുടെ ഈ വർഷത്തെ ലാഭവിഹിതം കെയർ കേരള പദ്ധതിയിലേക്ക് നൽകാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്. ആദ്യം 2000 വീടുകൾ നിർമ്മിക്കുന്നത് കൂടാതെ അടുത്തഘട്ടമായി 2000 വീടുകൾ കൂടി നിർമ്മിച്ചു നൽകാൻ സഹകരണ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. 15 ദിവസത്തിനകം അതിന്റെയും കർമ പരിപാടികൾ ആരംഭിക്കുമെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഒരു വീടിന് അഞ്ചുലക്ഷം രൂപ സഹകരണ സംഘത്തിന് നൽകുമെന്നും മന്ത്രി പറഞ്ഞു.

പ്രളയം മൂലമുണ്ടായ ഐക്യം തകർക്കാനാവില്ലെന്നാണ് ഇത്തരം ചടങ്ങുകളിലെ ജനപങ്കാളിത്തം സൂചിപ്പിക്കുന്നതെന്ന് പൊതുവിതരണവകുപ്പ് മന്ത്രി പി.തിലോത്തമൻ പറഞ്ഞു.

കൊടിക്കുന്നിൽ സുരേഷ് എം.പി., എം.എൽ.എ.മാരായ സജി ചെറിയാൻ, ആർ.രാജേഷ്, റവന്യൂ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ, ജില്ല കളക്ടർ എസ്. സുഹാസ്, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ജില്ലാ പോലീസ് മേധാവി എസ്.സുരേന്ദ്രൻ, ചെങ്ങന്നൂർ നഗരസഭ ചെയർമാൻ ജോൺ മുളങ്കാട്ടിൽ, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. സുധാമണി, ചെങ്ങന്നൂർ നഗരസഭ കൗൺസിലർ അനിൽകുമാർ, സഹകരണസംഘം രജിസ്ട്രാർ എസ്.ഷാനവാസ്, ജോയിന്റ് രജിസ്ട്രാർ ജി. ശ്രീകുമാർ, സി.പി.എം.ജില്ലാ സെക്രട്ടറി ആർ.നാസർ, ആർ.ഡി.ഓ അതുൽ സ്വാമിനാഥ് തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. കൊഴുവല്ലൂർ കിഴക്കേ കുളേത്ത് കെ.കെ.രവിയ്ക്ക് വീടിന്റെ മാതൃക മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി. ജില്ലാ കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയിസ് ഫെഡറേഷൻ ജീവനക്കാരിൽ നിന്ന് ശേഖരിച്ച ഒരുമാസത്തെ ശബളമായ എൺപത്തിനാല് ലക്ഷത്തി നാൽപ്പതിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചടങ്ങിൽ കൈമാറി.