വയനാട് ജില്ലയിൽ വ്യാപകമായി കൃഷി ചെയ്യുന്ന ഇഞ്ചി, നെല്ല്, കവുങ്ങ് തുടങ്ങിയ വിളകളിൽ കണ്ടുവരുന്ന രോഗങ്ങൾ പരിശോധിച്ച് അവയ്‌ക്ക് ശാസ്ത്രീയ പരിഹാരങ്ങൾ കണ്ടെത്താനും കർഷകർക്ക് കൃത്യമായ മാർഗനിർദ്ദേശങ്ങൾ നൽകാനും ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ കാര്‍ഷിക വികസന സമിതി യോഗത്തിൽ തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സംഷാദ് മരക്കാറുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. മലങ്കര ലിഫ്റ്റ് ഇറിഗെഷൻ പദ്ധതിയുടെ പോരായ്മകളെക്കുറിച്ച് പരിശോധന നടത്തണമെന്നും കർഷകർക്ക് ഗുണം ചെയ്യുന്ന ഈ പദ്ധതി യാഥാർഥ്യമാക്കാനുള്ള ശ്രമം അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിത പ്രദേശത്തെ കാർഷിക മേഖല പുനരുജ്ജീവിപ്പിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തേണ്ടതുണ്ടെന്ന് സംഷാദ് മരക്കാർ യോഗത്തിൽ അഭിപ്രായപ്പെട്ടു.

കാർഷിക മേഖലയിലെ അടിസ്ഥാനതലം മുതലുള്ള എല്ലാ പ്രശ്നങ്ങളും വിശദമായി പരിശോധിച്ച് പരിഹാര മാർഗങ്ങൾ രൂപപ്പെടുത്തണമെന്നും, അവ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഉരുൾപൊട്ടൽ ദുരന്തത്തിൽ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടി ഉപയോഗശൂന്യമായ കൃഷിഭൂമിയുടെ കണക്ക് അടിയന്തരമായി ശേഖരിക്കാനും അവിടങ്ങളിൽ നിന്ന് അവശിഷ്ടം നീക്കം ചെയ്ത് വീണ്ടും കൃഷിയോഗ്യമാക്കി കൈമാറാനുള്ള നടപടികൾ വേഗത്തിലാക്കാനും യോഗം ആവശ്യപ്പെട്ടു. നിലവിൽ കണിയാമ്പറ്റ, തവിഞ്ഞാൽ ഗ്രാമപഞ്ചായത്തുകളിൽ നടപ്പാക്കി കൊണ്ടിരിക്കുന്ന കേര ഗ്രാമം പദ്ധതി മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ 100 ഹെക്ടർ സ്ഥലത്തു കൂടി ആരംഭിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്. കാർഷിക വികസന സമിതിയുടെ ഇടപെടലിലൂടെ കർഷകർക്ക് നടീൽ വസ്തുക്കൾ കൃത്യസമയത്ത് വിതരണം ചെയ്യാനും കാർഷിക കടാശ്വാസ കമ്മീഷൻ സിറ്റിങ്‌ നേരിട്ട് നടത്താനും സാധിച്ചതായി യോഗം വിലയിരുത്തി.

കേര പദ്ധതിയിൽ കാപ്പി കൃഷി വര്‍ദ്ധന ഘടകം ഉൾപ്പെടുത്താൻ നടപടികൾ സ്വീകരിച്ചതായി സമിതി അറിയിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേർസൺ ഉഷ തമ്പി, എ.ഡി.എം കെ ദേവകി, പ്രിൻസിപ്പൽ കൃഷി ഓഫിസറും ജില്ലാ കാർഷിക വികസന സമിതി കൺവീനറുമായ രാജി വർഗീസ്, കൃഷി-അനുബന്ധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ജില്ലാ കാർഷിക വികസന സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.