ഖാദി ബോര്‍ഡ് സംസ്ഥാനതല എക്സിബിഷന്‍ നടത്തുന്നതിന്റെ ഭാഗമായി സ്വാഗതസംഘം രൂപീകരിച്ചു. സംസ്ഥാനതലത്തില്‍ ആദ്യമായാണ് ഇത്തരമൊരു എക്സിബിഷന്‍ പത്തനംതിട്ടയില്‍ സംഘടിപ്പിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ദായക പദ്ധതിയായ പി.എം.ഇ.ജി.പിയുടെ ഭാഗമായാണ് എക്സിബിഷന്‍. ഡിസംബര്‍ 14 മുതല്‍ 23 വരെ പത്തനംതിട്ട ടൗണ്‍ ഹാളില്‍ എക്‌സിബിഷന്‍ നടത്താന്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ ശോഭനാജോര്‍ജ്ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.  പ്രദര്‍ശനത്തില്‍ 25 സ്റ്റാളുകളുണ്ടാകും. പുതിയ വ്യവസായ സംരംഭത്തിലേക്ക് വരുന്നവര്‍ക്ക് പ്രോത്സാഹനം ഒരുക്കുകയെന്നതാണ് പ്രദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്. ഫോട്ടോ പ്രദര്‍ശനം, സ്പിന്നിംഗ് മില്‍, വീവിംഗ് മെഷീന്‍, വിവിധ ഖാദി ഉത്പന്നങ്ങള്‍ എന്നിവയാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുടുംബശ്രീ അംഗങ്ങളെ ഉള്‍പ്പെടുത്തി ഘോഷയാത്ര, പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന വിവിധ കലാപരിപാടികള്‍ എന്നിവയും പ്രദര്‍ശനത്തിലുണ്ടാകും. കലാപരിപാടികളില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നവര്‍ക്ക് സമ്മാനദാനവുമുണ്ടാകും.
നഗരസഭാ കൗണ്‍സിലര്‍ പി.കെ ജേക്കബ്, ലീഡ് ബാങ്ക് മാനേജര്‍ ഡി.വിജയമോഹനന്‍, ഖാദി ബോര്‍ഡ് ഡയറക്ടര്‍മാരായ കെ.എസ് പ്രദീപ്കുമാര്‍, എം.സുരേഷ് ബാബു, പി.കെ അനില്‍കുമാര്‍, പി.സുരേശന്‍ ഖാദി ബോര്‍ഡ് അസിസ്റ്റന്റ് ഡയറക്ടര്‍ പി.സഞ്ജീവ്, ഖാദി ബോര്‍ഡ് ജില്ലാ പ്രോജക്ട് ഓഫീസര്‍മാരായ കെ.പി അനുമോദ്, ആര്‍.ഗിരിജ, ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.