ശബരിമലയിലേക്ക് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമേകുന്നതിനായി കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഇടത്താവളം സജ്ജമായി. കുടിവെള്ളം, ശുചിമുറി, വിശ്രമമുറി എല്ലാം ഉള്‍പ്പെട്ട കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയത്തിലെ ഇടത്താവളത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാംമോഹന്‍ നിര്‍വഹിച്ചു. ശബരിമല തീര്‍ത്ഥാടനത്തിനെത്തുന്ന ഭക്തര്‍ക്ക് അവശ്യസൗകര്യങ്ങളൊരുക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപയാണ് കോഴഞ്ചേരി ഗ്രാമപഞ്ചായത്തിന് അനുവദിച്ചിരിക്കുന്നത്. അയ്യപ്പഭക്തര്‍ക്ക് വിരി വയ്ക്കുന്നതിനും വിശ്രമിക്കുന്നതിനും വിപുലമായ സൗകര്യമാണ് ഇടത്താവളത്തില്‍ ഒരുക്കിയിരിക്കുന്നത്. അയ്യപ്പന്മാര്‍ക്കായി പായ്, പുതപ്പ് എന്നിവയും പഞ്ചായത്ത് ലഭ്യമാക്കിയിട്ടുണ്ട്. കുടിക്കുന്നതിനായി ചുക്കുവെള്ളവും ഇവിടുണ്ട്. ഇടത്താവളത്തില്‍ അയ്യപ്പഭക്തര്‍ക്ക് ഭജന ചൊല്ലുന്നതിനും പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മെഡിക്കല്‍ സേവനം ലഭ്യമാക്കുന്നതിനായി ജില്ലാ ആശുപത്രിയുടെ സഹകരണം ആവശ്യപ്പെടുമെന്ന് പ്രസിഡന്റ് അറിയിച്ചു. അയ്യപ്പഭക്തര്‍ക്ക് സ്വസ്ഥമായി വിശ്രമിക്കുന്നതിനും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യവും മുന്നില്‍കണ്ടാണ് പഞ്ചായത്ത് അധികൃതര്‍ ഈ വര്‍ഷം സ്റ്റേഡിയത്തില്‍ ഇടത്താവളം ഒരുക്കിയത്. ഇടത്താവളത്തില്‍ വിളക്ക് കത്തിക്കുന്നതിനും ശുചീകരണ പ്രവര്‍ത്തനത്തിനുമായി ഒരു ജീവനക്കാരനെയും പഞ്ചായത്ത് താല്‍ക്കാലികമായി നിയമിച്ചിട്ടുണ്ട്. മണ്ഡല മകരവിളക്ക് കാലത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന ആയിരക്കണക്കിന് അയ്യപ്പഭക്തര്‍ പന്തളത്തെത്തി അവിടെനിന്ന് ശബരിമലയിലേക്ക് കാല്‍നടയായി പോകുന്നത് കോഴഞ്ചേരി പഞ്ചായത്തിലെ പഴയതെരുവും പമ്പാടിമണ്ണും ഉള്‍പ്പെടുന്ന പാതയിലൂടെയാണ്. ഇവിടങ്ങളില്‍ ആവശ്യമായ തെരുവുവിളക്കുകള്‍ സ്ഥാപിക്കാനുള്ള നടപടികളും ആരംഭിച്ചു. തിരുവാഭരണം ഭക്തജന ദര്‍ശനത്തിന് വയ്ക്കുന്ന കോഴഞ്ചേരി പാമ്പാടിമണ്‍ അയ്യപ്പക്ഷേത്രത്തിന് സമീപവും തീര്‍ത്ഥാടകര്‍ കടന്നുപോകുന്ന പഴയതെരുവിലും ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നുണ്ട്. കൂടാതെ ഇവിടങ്ങളിലെ പാതവെടിപ്പാക്കലും ശുചീകരണ ജോലികളും പൂര്‍ത്തിയായി വരികയാണ്. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് പ്രകാശ്കുമാര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ക്രിസ്റ്റഫര്‍ദാസ്, ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയര്‍പേഴ്സണ്‍ സാറാമ്മ ഷാജന്‍, വാര്‍ഡ് മെമ്പര്‍ സോണി കൊച്ചുതുണ്ടിയില്‍, പഞ്ചായത്ത് സെക്രട്ടറി റ്റി രാജേഷ്‌കുമാര്‍, കൃഷി ഓഫീസര്‍ എസ്. കവിത തുടങ്ങിയവര്‍ പങ്കെടുത്തു.