അഞ്ച് വർഷത്തെ വികസന നേട്ടങ്ങൾ അവതരിപ്പിച്ച്  കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വികസന സദസ്സ്. കണിയാമ്പറ്റ മുല്ല ഹാജി മദ്രസ ഓഡിറ്റോറിയത്തിൽ നടന്ന വികസന സദസ്സ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. വി രജിത ഉദ്ഘാടനം ചെയ്തു. നെൽകൃഷിക്ക് കൂലിച്ചെലവിന് സബ്‌സിഡി നൽകൽ, പച്ചക്കറി കൃഷി വ്യാപനം, തെങ്ങിൻ തൈയും പയർവിത്തും വിതരണം, ചെക്ക് ഡാമുകൾ, തടയണകൾ എന്നിവയുടെ നിർമ്മാണം, കനാലുകൾ, പമ്പ് ഹൗസുകൾ മുതലായവ നിർമ്മിച്ച് ജലസേചന സൗകര്യങ്ങൾ വർദ്ധിപ്പിക്കൽ, നാളികേര ഉത്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ, കുരുമുളക് കൃഷിക്ക് പ്രോത്സാഹനം, നെൽവിത്ത് വിതരണം, മത്സ്യ കൃഷി സഹായം, ഏലം, ജാതി, കവുങ്ങ് മുതലായ തൈ വിതരണം തുടങ്ങി കൃഷി, തൊഴിലുറപ്പ് പരിസ്ഥിതി സംരക്ഷണം മേഖലയിൽ ഗ്രാമപഞ്ചായത്ത് ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച്ച വെച്ചതായി വികസന സദസ്സിൽ വിശദീകരിച്ചു.

ക്ഷീര – മൃഗസംരക്ഷണ മേഖലയിൽ പാലിന് സബ്സിഡി നൽകൽ, മൃഗാശുപത്രിക്ക് മരുന്ന് ലഭ്യമാക്കൽ, കന്നുകുട്ടി പരിപാലന പദ്ധതി, ചികിത്സാ കേന്ദ്രങ്ങളുടെ ഭൗതിക സൗകര്യം വർദ്ധിപ്പിക്കൽ, കാലിത്തീറ്റയ്ക്കുള്ള ധനസഹായ പദ്ധതി, കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ്, മുട്ടക്കോഴി വളർത്തൽ പ്രോത്സാഹനം എന്നിവ ഉൾപ്പെടുത്തി പഞ്ചായത്ത്‌ നിരവധി പദ്ധതികൾ നടപ്പാക്കി.
ദാരിദ്ര്യ ലഘുകരണവും പാർപ്പിട വികസനവും ലക്ഷ്യമാക്കി ഭവന നിർമ്മാണം, ഭവന പുനരുദ്ധരാണം, പൂർത്തീകരിക്കാത്ത വീടുകളുടെ പൂർത്തീകരണം, ശുചിത്വ ശൗചാലയങ്ങളുടെ നിർമ്മാണം, ആശ്ര അഗതി പദ്ധതി, ഗ്രാമീണ റോഡുകളുടെ നിർമ്മാണം പുനരുദ്ധാരണം, സാമൂഹ്യ നീതി,കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ, ഭിന്നലിംഗക്കാർക്ക് പുരോഗതി തുടങ്ങിയ പദ്ധതികൾ നടപ്പാക്കാൻ ഗ്രാമപഞ്ചായത്തിന് സാധിച്ചു.

കിടപ്പ് രോഗികൾക്ക് പോക്ഷകാഹാര കിറ്റ് നൽകൽ, ബാലസഭ പ്രവർത്തനങ്ങൾ, ഭിന്നശേഷിക്കാർക്ക് സ്കോളർഷിപ്പ്, അങ്കണവാടികളിലെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, അങ്കണവാടികളിലൂടെയുള്ള പോഷകാഹാര വിതരണം, വയോജനങ്ങൾക്ക് കട്ടിൽ, കമ്പിളി, മരുന്ന് എന്നിവ നൽകിൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഗ്രാമപഞ്ചായത് നടപ്പാക്കി. അങ്കണവാടികളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച്, എല്ലാ കേന്ദ്രങ്ങളിലും സ്വന്തമായ കെട്ടിടം, കുടിവെള്ളം, വൈദ്യുതി കണക്ഷൻ എന്നിവ പൂർത്തിയാക്കി.

പട്ടികജാതി- പട്ടിക വർഗ്ഗ വികസനത്തിന്റെ ഭാഗമായി ഭൂരഹിത ഭവന രഹിതർക്ക് സ്ഥലം- വീട്, നടപ്പാതകളുടെ നിർമ്മാണവും നവീകരണവും, വൈദ്യുതിയും കുടിവെള്ളവും ലഭ്യമാക്കൽ, വിദ്യാർത്ഥികൾക്ക് ലാപ്പ്ടോപ്, മേശ, കസേര, ഗതാഗത സൗകര്യം, വീടുകളുടെ പുനരുദ്ധാരണം, വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണം, ബാഗ്, കുട എന്നീ പദ്ധതികൾ ഗ്രാമപഞ്ചായത്ത് പൂർത്തിയാക്കി. വരദൂർ സി.എച്ച്.എസി യെ എഫ്.എച്ച്.എസി ആയി ഉയർത്തുന്നതിനുള്ള നടപടികൾ നടന്ന് വരുന്നു. ഇതിനായി ജില്ലാ കോൺക്ലേവിൽ സി.എസ്.ആർ അനുവദിച്ചിട്ടുണ്ട്.

പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി സി.എസ്.ആർ ഫണ്ട് ലഭ്യമാക്കി ആബുലൻസ് വാങ്ങൽ, സി.എസ്.ആർ ഫണ്ട് ഉപയോഗപ്പെടുത്തി വരദൂർ സി.എച്ച്.എസിക്ക് വാഹാനം വാങ്ങൽ, വരദൂർ ആശുപത്രിയിൽ പൊതുജന സൗകര്യാർത്ഥം ലാബോറട്ടറി ഏർപ്പെടുത്തൽ, കണിയാമ്പറ്റ, കമ്പളക്കാട് സർക്കാർ യു.പി സ്‌കൂളുകളിൽ കുട്ടികളുടെ പാർക്ക്, പുന്തോട്ടം മുതലായ സൗകര്യങ്ങൾ ഏർപ്പെടുത്തൽ, ഗ്രാമ പഞ്ചായത്ത് ഇൻഡോർ സ്റ്റേഡിയം നിർമാണം, ജൈവവൈവിധ്യ ബോർഡിൻ്റെ ഫണ്ട് ലഭ്യമാക്കി കരണി കരിയാത്തൻ കാവ്, പത്താം വാർഡിലെ കണ്ടഭദ്ര കാവ് എന്നിവടങ്ങളിൽ കാവ് നവീകരണം, ജൈവ സംരക്ഷണ പ്രവർത്തനങ്ങൾ എന്നിവ ഗ്രാമപഞ്ചായത്തിന്റെ മികച്ച നേട്ടങ്ങളാണ്.

ഡെസ്റ്റിനേഷൻ ചാലഞ്ച് പദ്ധതിയിൽ ഉൾപ്പെടുത്തി വരദൂർ മൃഗാശുപത്രി കവലയക്ക് സമീപം ഓപ്പൺ ജിംനേഷ്യം, കഫ്റ്റീരിയ, കുട്ടികളുടെ പാർക്ക് തുടങ്ങിയ സൗകര്യങ്ങളോടുകൂടിയ ടൂറിസം കേന്ദ്രവും കല്ലംചിറ ചെക്ക് ഡാമിന് സമീപം ബോട്ടിങ്, പാർക്കിങ് സൗകര്യങ്ങളോടെ കൂടിയ വിനോദ കേന്ദ്രവും ആരംഭിക്കുന്നതിനുള്ള അവസാനഘട്ട പ്രവർത്തിയിലാണ് ഗ്രാമപഞ്ചായത്ത്.
കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നൂർഷ ചേനോത്ത് അധ്യക്ഷനായ പരിപാടിയിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ ഗഫൂർ കാട്ടി, ഗ്രാമ പഞ്ചായത്ത്‌ വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ ലിഷു, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.മനോഹരൻ,ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എൻ.ബി ബിജിത്ത്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി. മുരളി മാസ്റ്റർ, ഇമ്പ്ലിമെന്റിങ് ഓഫീസർമാർ, ഹരിത കർമ സേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, പൊതുജനങ്ങൾ ജനങ്ങൾ എന്നിവർ പങ്കെടുത്തു.