രാജ്യത്തെ മികച്ച വിദ്യാഭ്യാസ സമ്പ്രദായം കേരളത്തിലാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ ബാലഗോപാൽ. തൊടിയൂർ സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ ബഹുനില മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശരാശരി എണ്ണത്തിലും മുന്നിലാണ്.   ഇലക്ട്രോണിക്സ്, ഐ.ടി, ഇലക്ട്രിക്കൽ, റോബോട്ടിക്സ് മേഖലകളിൽ തൽപരരായ വിദ്യാർഥികൾക്കും ഗവേഷകർക്കും നൈപുണ്യവികസനത്തിന് പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. റോബോട്ടിക്സ്, ത്രീ-ഡി പ്രിൻറിംഗ് തുടങ്ങി നൂതന സാങ്കേതിക വിദ്യകളുള്ള  ലാബുകളും കേരളത്തിലെ സ്കൂളുകളിലുണ്ട്. കലാ കായികരംഗത്തെ മുന്നേറ്റത്തിനും സ്റ്റാർട്ടപ്പ് വ്യവസായങ്ങൾക്കും വിദേശത്തും സ്വദേശത്തും യുവതി യുവാക്കൾക്ക് തൊഴിൽ ലഭിക്കുന്നതിനും സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായം അടിത്തറ പാകുകയാണെന്നും മന്ത്രി വ്യക്തമാക്കി.

കിഫ്ബി ധനസഹായത്തോടെ  വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി 1.30 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ചതാണ് കെട്ടിടം. സിആർ മഹേഷ് എംഎൽഎ അധ്യക്ഷനായി. സ്കൂൾ ചെയർപേഴ്സൺ മുഹമ്മദ് ഫാറൂഖ് ഭരണഘടനയുടെ ആമുഖം വായിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ അഡ്വ. എസ് അനിൽ കല്ലേലിഭാഗം,  ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ഗീതാകുമാരി എന്നിവർ പ്രതിഭകളെ ആദരിച്ചു. കില ചീഫ് മാനേജർ ആർ മുരളി റിപ്പോർട്ട് അവതരിപ്പിച്ചു. വിദ്യാകിരണം ജില്ലാ കോഡിനേറ്റർ കെ കിഷോർ കൊച്ചയ്യം പദ്ധതി വിശദീകരിച്ചു.