ഒരിക്കലും നടക്കില്ലെന്ന് വിചാരിച്ചത് യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷത്തിലാണ് ആ എട്ട് കുടുംബങ്ങള്‍ ഇന്ന് (വെള്ളി) മലപ്പുറത്തുനിന്ന് മടങ്ങിയത്. 40 വര്‍ഷത്തിലേറെയായി സ്വന്തമായി ഭൂമിയെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ഒരുപാട് ശ്രമിച്ചെങ്കിലും പലവിധ കാരണങ്ങളാല്‍ സാധ്യമായിരുന്നില്ല. എന്നാല്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഭൂമിയുടെ അവകാശികളായതിന്റെ സന്തോഷം അവരുടെ മുഖത്ത് കാണാമായിരുന്നു. പൊന്നാനി താലൂക്കില്‍ കാലടി വില്ലേജിലെ നരിപ്പറമ്പില്‍ താമസിച്ചുവരികയായിരുന്ന ആമിന പാലക്കല്‍, കുഞ്ഞിബാവ -സഫിയ കളത്തില്‍വളപ്പില്‍, ജമീല -ഇബ്രാഹിം കുട്ടി എഴുത്തച്ഛന് വീട്ടില്‍, സുഹ്റ-ബഷീര്‍ പള്ളിവളപ്പില്‍, ഉമ്മര്‍കോയ-മറിയ വലിയ പറമ്പില്‍, പി.വി. സീനത്ത്-ഫൈസല്‍ പണിക്കവീട്ടില്‍, റഫീഖ്-റൈഹാനത്ത് പറപ്പൂര് വളപ്പില്‍, സുബൈദ മുസ്ലിയാര്‍വീട്ടില്‍ എന്നിവര്‍ക്കാണ് ഇന്ന്(വെള്ളി) കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല പട്ടയമേളയില്‍ വച്ച് പട്ടയം ലഭിച്ചത്.
പഴയ ദേശീയപാത പുറമ്പോക്കില്‍ താമസിച്ചുവരികയായിരുന്നു ഇവരുള്‍പ്പെടെയുള്ള 19 കുടുംബങ്ങള്‍. നേരത്തെ ദേശീയപാതക്കായി ഏറ്റെടുത്ത ഭൂമി ദേശീയപാത ദിശമാറുകയും പുതിയ സ്ഥലത്തിലൂടെ കടന്നുപോവുകയും ചെയ്തതോടെ പഴയഭൂമി ഉപേക്ഷിക്കപ്പെട്ടു. വെറുതെ കിടന്ന ഈ ഭൂമിയില്‍ 19 കുടുംബങ്ങളാണ് താമസിച്ചുവന്നിരുന്നത്. എന്നാല്‍ ഇവിടെ താമസിച്ചവര്‍ക്ക് ഭൂമി പതിച്ചുനല്‍കാനോ അംഗീകാരം നല്‍കാനോ ദേശീയപാത അതോറിറ്റി തയ്യാറായിരുന്നില്ല. തുടര്‍ന്ന് റവന്യൂ വകുപ്പിന്റെ ഇടപെടലിലൂടെ ദേശീയപാത അതോറിറ്റി ഭൂമി വിട്ടുനല്‍കാന്‍ തയ്യാറായതോടെ സ്വന്തമായി ഒരു തുണ്ട് ഭൂമി പോലുമില്ലാത്ത എട്ടുപേരെ കണ്ടെത്തി ജില്ലാ പട്ടയ ഡാഷ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തുകയും പട്ടയം അനുവദിക്കുകയുമായിരുന്നു.
