വിഷന്‍ 2031 ന്റെ ഭാഗമായി സമഗ്ര പുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിഷന്‍ 2031 ആഭ്യന്തരവകുപ്പിന്റെ സംസ്ഥാനതല സെമിനാറിന്റെ സമാപന സമ്മേളനം കളക്ടറേറ്റ് മൈതാനിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള പോലീസ് സേനയാണ് കേരളത്തിലുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് ദേശീയതലത്തിലുള്ള പല അംഗീകാരങ്ങളും പോലീസ് സേനക്ക് ലഭിച്ചത്. സൗമനസ്യവും കാര്‍ക്കശ്യവും തുല്യമായ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകുന്ന സേവനോൻമുഖമായ ഒരു സേന എന്ന രീതിയില്‍ കേരള പോലീസ് ശ്രദ്ധിക്കപ്പെട്ട ഘട്ടമാണ് നിലവിലുള്ളത്. ഉയര്‍ന്ന ക്രമസമാധാന രംഗം നിലനിര്‍ത്താന്‍, കുറ്റാന്വേഷണ രംഗത്ത് തിളക്കമാര്‍ന്ന നേട്ടമുണ്ടാക്കാനും ഈ ഘട്ടത്തില്‍ കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങളുടെ ഏത് വിപത്തിനും ഒപ്പം ഉണ്ടാവുന്ന ഒരു സേവന സന്നദ്ധ സേന എന്ന നിലയിലേക്ക് പോലീസിന് മാറ്റുകയാണ് 2031 ആഭ്യന്തര സെമിനാറിന്റെ ലക്ഷ്യം. ഉയര്‍ന്ന വയോജന ജനസംഖ്യയാണ് കേരളത്തിലുള്ളത്. 50 ലക്ഷത്തോളം വയോജന പൗരന്മാര്‍ 2031ല്‍ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഒരു പിന്തുണയും ഇല്ലാതെ കഴിയുന്നവര്‍ ഏതാണ്ട് 40 ലക്ഷം വീടുകള്‍ ഇത്തരത്തില്‍ ഉണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു. ഇവര്‍ക്ക് ഏതെങ്കിലും തരത്തിലുമുള്ള ഒരു ആപത്തിന്റെ സൂചന ലഭിച്ചാല്‍ ആ നിമിഷത്തില്‍ തന്നെ ഒരേ സമയം പോലീസിനെയും അടുത്ത ബന്ധുക്കളെയും ബന്ധപ്പെയാന്‍ തക്ക വിധത്തിലുള്ള ഡിജിറ്റല്‍ കണക്ടിവിറ്റി ഉണ്ടാക്കാന്‍ കഴിയേണ്ടതുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി ഇവര്‍ക്ക് വേണ്ട സഹായം ഉറപ്പാക്കാനാകും. എന്തെങ്കിലും സംശയകരമായ നീക്കം കണ്ടാല്‍ വയോജനങ്ങള്‍ക്ക് ബന്ധപ്പെടാവുന്ന കണ്‍ട്രോള്‍ റൂം സ്ഥാപിക്കും. സിസിടിവിയില്‍ നിരീക്ഷണത്തിനുള്ള ക്രമീകരണങ്ങള്‍ ഉണ്ടാകും. പ്രായമായവരെ ഉപേക്ഷിക്കപ്പെട്ട നിലയിലോ സുരക്ഷിതത്വം ഇല്ലാത്ത നിലയിലോ ആകാന്‍ അനുവദിക്കാനാവില്ല. ലോക്കല്‍ പോലീസ്, തദ്ദേശസ്ഥാപനങ്ങള്‍, അസോസിയേഷന്‍ എന്നിവയുടെ സഹായ സഹകരണത്തോടെ ഇവരുടെ സമ്പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലവിലുള്ള സിറ്റിസണ്‍ പോലീസ് ആപ്പിനെ ഇന്‍ന്ററാക്ടീവ് എമര്‍ജന്‍സി റെസ്‌പോണ്‍സ് പ്ലാറ്റ്‌ഫോം ആക്കി ഉയര്‍ത്താന്‍ കഴിയണം. വിഷമാവസ്ഥകള്‍ നേരിട്ടാല്‍ ഏത് പൗരനും ഇതില്‍ ബന്ധപ്പെടാം. ജനങ്ങളുടെ ആവശ്യത്തോട് അപ്പപ്പോള്‍ പ്രതികരിക്കുന്ന ഒരു പോലീസ് സംസ്‌കാരത്തിന്റെ ഭാഗമാകുമിത്. പോലീസിന്റെ സുരക്ഷാകരങ്ങള്‍ ഓരോ പൗരനും എത്തിക്കും. വിവരം നല്‍കുന്നവര്‍ക്ക് രഹസ്യാത്മകതയുടെ സംരക്ഷണം സര്‍ക്കാര്‍ ഉറപ്പാക്കും. ആപ്പില്‍ വീട് ലൊക്കേഷന്‍ ചെയ്യാനും വീട് പൂട്ടിയോ ഇല്ലയോ എന്നറിയാനുള്ള സൗകര്യവും ഉണ്ടായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് വാഹനങ്ങള്‍ വര്‍ദ്ധിക്കുന്നതിനാല്‍ ട്രാഫിക് കുരുക്ക് കൂടുകയാണ്. ഇത് പരിഗണിച്ചാണ് ദേശീയപാത- തീരദേശപാത വികസനം, മലയോര പാതനിര്‍മ്മാണം എന്നിവ മുന്നോട്ട് കൊണ്ട് പോകുന്നത്. പുനക്രമീകരണത്തിലൂടെയും വികേന്ദ്രീകരണത്തിലൂടെയും ട്രാഫിക് പുനര്‍ ക്രമീകരിക്കാനാകും. 2031 ഓടെ റോഡ് അപകടങ്ങള്‍ കൊണ്ട് ഉണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കാനും ഇല്ലാതാക്കാനും ശ്രമിക്കണം. നല്ല രീതിയില്‍ കുറയ്ക്കാന്‍ ആവണം 2023 ല്‍ 4317 ആണ് അപകടമണം. 2031 ആകുമ്പോള്‍ ഇത് വലിയതോതില്‍ കുറയ്ക്കാന്‍ കഴിയണം. ഇന്റലിജന്‍സ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം വഴി കര്‍കശമായി ഇടപെടെലാണ് ഉണ്ടാകേണ്ടത്. ഡ്രൈവര്‍ ഇല്ലാത്തതും എ ഐ കേന്ദ്രമായ വാഹനങ്ങള്‍ നിരത്തിലിറങ്ങുകയാണ്. സാങ്കേതിക ജ്ഞാന നിയന്ത്രിത വാഹനം എന്ന നിലയിലേക്ക് മാറുന്നു. ഇവയെക്കുറിച്ച് ചിന്തിക്കാന്‍ ആകണം. എ ഐ അടിസ്ഥാനത്തിലുള്ള ട്രാഫിക് ലൈറ്റുകള്‍, കുരുക്കുകള്‍ മുന്‍കൂട്ടി അറിയിക്കാന്‍ സംവീധാനം തുടങ്ങിയവ ആലോചിച്ച് ട്രാഫിക് അച്ചടക്കം മെച്ചപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഗ്‌നിശമന സുരക്ഷ ശേഷികള്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സേനയെ സമഗ്ര ദുരന്ത നിവാരണ സര്‍വീസ് ആക്കി മാറ്റും. തീവ്രമായ അപകടസാധ്യതകള്‍ക്ക് അനുസൃതമായി നിയമഭേദഗതികള്‍ വരുത്തും. ഉയര്‍ന്ന അപകട സാധ്യതയുള്ള കെട്ടിടങ്ങളില്‍ അഗ്‌നിബാധ സാധ്യത വിലയിരുത്താന്‍ പ്രത്യേക ശാഖ ഏര്‍പ്പെടുത്തും. മലയോര സെറ്റില്‍മെന്റ്കളും കടല്‍തീര നിര്‍മിതികളുമൊക്കെ അഗ്‌നിശമന പ്രവര്‍ത്തനങ്ങള്‍ക്കും അഗ്നിബാധ നേരിടാനുള്ള അടിയന്തര സജ്ജതയ്ക്കും വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. അതിനാല്‍ കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂവിന്റെ ശേഷി കാര്യക്ഷമമായി വര്‍ദ്ധിപ്പിക്കും. ആധുനിക സാങ്കേതിക സൗകര്യങ്ങളോടുകൂടി വിദഗ്ധ പരിശീലനം നല്‍കും. ദുരന്തനിവാരണ സംവിധാനങ്ങള്‍ അപ്‌ഗ്രേഡ് ചെയ്യും. ആവശ്യമായ ഏകോപനം ഉറപ്പാക്കും. രക്ഷാപ്രവര്‍ത്തനത്തില്‍ സേനയെ സജ്ജമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വര്‍ഗീയപ്രവര്‍ത്തനങ്ങള്‍ ഏത് ശക്തിയുടെ ഭാഗത്തുനിന്നുണ്ടായാലും നടപടി എടുക്കും. ഈ നയം മതനിരപേക്ഷതയുടെ അടിത്തറയിലുള്ളതാണ്. അത് ആ അര്‍ത്ഥത്തില്‍ തന്നെ നടപ്പാകേണ്ടതുണ്ട്. സ്തീ സരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാനാകില്ല. വീട്ടിനുള്ളിലും പൊതു ഇടങ്ങളിലും സ്തീക്ക് സംരക്ഷണം നല്‍കുക എന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികള്‍ പോലീസ് നടപ്പാക്കി വരുന്നുണ്ട്. ഒറ്റപ്പെട്ട വഴികളില്‍ ഉണ്ടാകുന്ന അപകടങ്ങള്‍ ശ്രദ്ധിക്കപ്പെടാത്ത സാഹചര്യത്തില്‍ വഴികളുടെ പ്രവേശന ഭാഗത്തും പുറത്തേക്കുള്ള വഴിയിലും നിരീക്ഷണം ഏര്‍പ്പെടുത്തും. അപകടം ഉണ്ടായാല്‍ ഉടന്‍ രക്ഷാസേനയുടെ സഹായം എത്തിക്കാനുള്ള സംവിധാനം ഉണ്ടാക്കും. ഐടി മേഖല, ലോജിസ്റ്റിക്‌സ്, ഹെല്‍ത്ത് കെയര്‍, ടൂറിസം എന്നീ മേഖല സജീവമാക്കുന്നതിനാല്‍ രാത്രികാലങ്ങളില്‍ സ്ത്രീകള്‍ അടക്കം യാത്ര ചെയ്യേണ്ടിവരുന്ന സാഹചര്യത്തില്‍ വിഷന്‍ 2031 ന്റെ ഭാഗമായി ‘സമഗ്ര നിശാ സുരക്ഷ’ പദ്ധതി ഏര്‍പ്പെടുത്തും. രാത്രികാലങ്ങളില്‍ പൊതു ഇടങ്ങളും വഴികളും കൂടുതല്‍ പ്രകാശഭരിതമാക്കുകയും നൈറ്റ് പെട്രോളിങ് വ്യാപിപ്പിക്കുകയും ചെയ്യും. രാത്രികാലങ്ങളില്‍ തൊഴിലാളികളുടെയും യാത്രക്കാരുടെയും സുരക്ഷാ ആവശ്യങ്ങള്‍ക്ക് ഉടനടി പ്രതികരിച്ചെത്തുന്ന പോലീസ് സംവിധാനം ഏര്‍പ്പെടുത്തും.
2031 ല്‍ പോലീസ് സേനയില്‍ വനിതകളുടെ അംഗബലം 15 ശതമാനമായി ഉയര്‍ത്തി ഓരോ സേനയിലും 33 ശതമാനം വനിതാ സേനാംഗങ്ങളാക്കും.
പോലീസ് സേനാംഗങ്ങളുടെ മാനസിക പിരിമുറുക്കം കുറക്കുന്നതിനായി കൗണ്‍സിലര്‍ സപ്പോര്‍ട്ട് തുടങ്ങിയവ ഏര്‍പ്പെടുത്തും. പോലീസിന്റെ പെരുമാറ്റം മാനുഷികമാക്കാന്‍ എമ്പതി ബിഹേവിയര്‍ ട്രെയിനിങ് എന്നിവ നല്‍കും. സാങ്കേതിക സംവിധാനങ്ങളോടു കൂടിയ കൗണ്‍സിലിംഗ് സെന്ററുകളും ഗാര്‍ഹിക പീഡനക്കേസുകള്‍ക്ക് സഹായകേന്ദ്രങ്ങളും ഏര്‍പ്പെടുത്തും. മയക്കുമരുന്ന് മുക്ത കേരളം ഉറപ്പാക്കുന്നതിനായി എക്‌സൈസ്, പോലീസ് ആന്റി നാര്‍ക്കോട്ടിക്‌സ് വിഭാഗങ്ങളുടെ ഏകോപനത്തോട് കൂടിയ സംവിധാനം ഉറപ്പാക്കും. എല്ലാ പോലീസ് സ്റ്റേഷനുകളിലും സൈബര്‍ സെല്ലുകള്‍ സ്ഥാപിക്കേണ്ടത് ആവശ്യമാണ്. മൊബൈല്‍ ആപ്പ്, ഡിജിറ്റല്‍ ഇടപാടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്കെതിരെ പ്രാദേശിക അന്വേഷണം നടത്താന്‍ സംവിധാനം ഒരുക്കേണ്ടതായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജയിലുകളില്‍ തിങ്ങിപ്പാര്‍ക്കല്‍ ലഘൂകരിക്കാന്‍ പദ്ധതികള്‍, നിര്‍മ്മാണങ്ങള്‍ എന്നിവ സമയബന്ധിതമായി പൂര്‍ത്തീകരിക്കും. സംസ്ഥാനത്തിന്റെ മറ്റു മേഖലയില്‍ സെന്‍ട്രല്‍ ജയില്‍ സ്ഥാപിക്കും. സുരക്ഷാ സംവിധാനങ്ങള്‍ നവീകരിക്കും. ജയില്‍ അന്തേവാസികളുടെ നൈപുണ്യ വികസനത്തിന് ഊന്നല്‍ നല്‍കി പുനരധിവാസ പ്രക്രിയ ഫലപ്രദമാക്കും. വിചാരണ തടവുകാരുടെ എണ്ണം കാര്യമായി കുറക്കാന്‍ നടപടി ഉണ്ടാക്കും. വീഡിയോ കോണ്‍ഫറന്‍സ് സംവിധാനങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ച് കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനുള്ള അവസരം ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ ഒട്ടുമിക്ക പോലീസ് സ്റ്റേഷനുകളും സ്ത്രീ സൗഹൃദം ആയിട്ടുണ്ട്. വനിതകള്‍ക്ക് പോലീസ് സ്റ്റേഷനില്‍ എത്താതെ തന്നെ പരാതികള്‍ അറിയിക്കാനുള്ള വനിതാ സെല്ലുകള്‍, വനിതാ ബറ്റാലിയന്‍, അപരാജിത, നിഴല്‍, വനിതകള്‍ക്കായുള്ള സ്വയം പ്രതിരോധ പരിശീലനങ്ങള്‍, വനിതാ ബീറ്റുകള്‍ ഇവയെല്ലാം ഈ സുരക്ഷാ പദ്ധതികളില്‍ ചെറുത് മാത്രമാണ്. ഇവയ്ക്ക് പുറമേ സൈബര്‍ലോകത്ത് അക്രമങ്ങള്‍ തിരിച്ചറിയാനുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും മൊബൈല്‍ ആപ്പുകളും നിലവിലുണ്ട്. സ്ത്രീയെ സംബന്ധിച്ചിടത്തോളം ശാരീരിക ആരോഗ്യത്തെ പോലെ പ്രധാനമാണ് മാനസിക ആരോഗ്യവും. പോലീസ് സേനകളില്‍ ഉണ്ടാകുന്ന സ്ത്രീകളുടെ മാനസിക സംഘര്‍ഷം വ്യക്തിപരമായി മാത്രമല്ല സാമൂഹികപരമായും ബാധിക്കും. ഇത് ഒഴിവാക്കുന്നതിനായി ഡ്യൂട്ടിയിലടക്കം ശാസ്ത്രീയ സമീപനങ്ങള്‍ സ്വീകരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്വതന്ത്രവും നീതിയുക്തമായും പ്രവര്‍ത്തിക്കാന്‍ കേരളത്തിലെ പോലീസിന് ഒരു തടസ്സവുമില്ല. സംസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോലീസ് നിയന്ത്രണത്തിലുള്ള പെട്രോളിങ് യൂണിറ്റുകള്‍, എ ഐ ക്യാമറ സംവിധാനങ്ങള്‍ സ്ഥാപിക്കണം. ഇതിനായി സര്‍ക്കാരും സ്വകാര്യമേഖലയും ചേര്‍ന്ന് ക്യാമറ നെറ്റ് വര്‍ക്ക് ആരംഭിക്കുന്ന കാര്യം പരിശോധിക്കാവുന്നതാണ്. ട്രാഫിക് നിയന്ത്രണത്തില്‍ എ ഐ അടിസ്ഥാനമാക്കിയ പൂര്‍ണ്ണ ഓട്ടോമേഷന്‍ നടപ്പാക്കേണ്ടതുണ്ട്. എല്ലാ സിഗ്‌നലുകളും എ ഐ അടിസ്ഥാനത്തില്‍ സംയോജിപ്പിക്കും. നൂതന ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ വഴി മുഴുവന്‍ സംസ്ഥാന ട്രാഫിക് നിയന്ത്രണവും ഏകോപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രജിസ്‌ട്രേഷന്‍, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി. രാജ്യത്തിനു മാതൃകയാണ് കേരളത്തിന്റെ ആഭ്യന്തര സംവിധാനമെന്ന് മന്ത്രി പറഞ്ഞു. ആഭ്യന്തര വകുപ്പിന്റെ കഴിഞ്ഞ പത്തു വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശനം മുഖ്യമന്ത്രി മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് നല്‍കി നിര്‍വ്വഹിച്ചു.
ഇന്റലിജന്‍സ് എഡിജിപി പി. വിജയന്‍, തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി എസ് അജീത ബീഗം എന്നിവര്‍ പാനല്‍ ചര്‍ച്ചയിലെ പ്രധാന ആശയങ്ങളുടെ അവതരണം നടത്തി. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്‌നകുമാരി, ആഭ്യന്തര ആന്‍ഡ് വിജിലന്‍സ് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖര്‍, എന്നിവര്‍ സംസാരിച്ചു.
