കേരളത്തില്‍ പൊതു വിദ്യാഭ്യാസരംഗം ഉണര്‍വിന്റെ പാതയിലാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. പാലയാട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയ സ്റ്റേജ്, ഗ്രീന്‍ റൂം എന്നിവ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂളുകളിലെ അടിസ്ഥാന ഭൗതിക സാഹചര്യങ്ങളുടെ മാറ്റം ഏറ്റവും ശ്രദ്ധേയമാണ്. മനോഹരമായ കെട്ടിട സൗകര്യങ്ങള്‍, സ്മാര്‍ട്ട് ക്ലാസ്സ് റൂമുകള്‍, നല്ല ലൈബ്രറികള്‍, നല്ല ലബോറട്ടറികള്‍ എല്ലാം നിര്‍മ്മിക്കാന്‍ കഴിഞ്ഞതോടുകൂടി ലക്ഷക്കണക്കിന് കുട്ടികള്‍ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് തിരിച്ചു വരുന്ന സ്ഥിതിയുണ്ടെന്നും മന്ത്രി പറഞ്ഞു.

പരിപാടിയില്‍ ധര്‍മ്മടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ രവി അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം കോങ്കി രവീന്ദ്രന്‍, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബൈജു നങ്ങാരത്ത്, പി സീമ, ധര്‍മ്മടം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരസമിതി അധ്യക്ഷന്‍ മോഹനന്‍, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ സി.വി പുഷ്പ, പഞ്ചായത്ത് അംഗം കെ പ്രീത, സ്‌കൂള്‍ എച്ച് എം വി.പി ലയ, പിടിഎ പ്രസിഡന്റ് എ രതീശന്‍, മദര്‍ പിടിഎ പ്രസിഡന്റ് പി. പി.ഷിജിന, സ്‌കൂള്‍ പാര്‍ലമെന്റ് ചെയര്‍പേഴ്‌സണ്‍ വൈഗ റിജേഷ്, സ്റ്റാഫ് സെക്രട്ടറി കെ. ഷിജീഷ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.