പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയെ അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഉയര്‍ത്താന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രതയാണ് ലൈഫ് മിഷന്‍ പദ്ധതിയെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ചെമ്പിലോട് ഗ്രാമപഞ്ചായത്തില്‍ ലൈഫ് ഭവനപദ്ധതിയില്‍ നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ദാനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ദരിദ്രരെയും നിരാലംബരെയും ചേര്‍ത്തുപിടിക്കുന്ന പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. രാജ്യത്തെ ആദ്യത്തെ അതിദാരിദ്ര്യ മുക്തമായ സംസ്ഥാനമായി കേരളം മാറിയത് സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമാണ്. ഭൂമിയും വീടും ഇല്ലാത്തവര്‍ക്ക് സ്വന്താമായി ഭൂമിയും വീടും ലൈഫ് പദ്ധതിയിലൂടെ നല്‍കി. ഉപജീവന മാര്‍ഗ്ഗം, ഭക്ഷണം എന്നിവയും സര്‍ക്കാര്‍ ഉറപ്പാക്കി. സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നല്‍കി സാമ്പത്തിക സുരക്ഷാ ഉറപ്പാക്കി. എങ്ങനെ സമൂഹത്തിന്റെ താഴെത്തട്ടിലുള്ള ജനങ്ങളെ ചേര്‍ത്ത് പിടിച്ചു വികസനത്തിന്റെ അന്തസത്ത ഉള്‍ക്കൊള്ളുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പദ്ധതിയില്‍ അര്‍ഹരായ ഒന്‍പത് കുടുംബങ്ങള്‍ക്ക് മന്ത്രി റോഷി അഗസ്റ്റിന്‍ വില്ലകളുടെ താക്കോല്‍ കൈമാറി. പദ്ധതി കോണ്‍ട്രാക്ടര്‍, യു.എല്‍.സി.സി പ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തകര്‍, വിഇഒ എന്നിവരെ മന്ത്രി ആദരിച്ചു.
ചെമ്പിലോട് പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ ഇരിവേരി വില്ലേജിലെ വെള്ളച്ചാല്‍ പ്രദേശത്തെ 67.5 സെന്റ് ഭൂമിയിലാണ് ലൈഫ് ഭാവന പദ്ധതിയില്‍ വില്ലകള്‍ നിര്‍മ്മിച്ചത്. ഭൂരഹിതരും ഭാവന രഹിതരുമായ ഒന്‍പത് കുടുംബങ്ങള്‍ക്കാണ് ഇവിടെ വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയത്. മൂന്ന് സെന്റ് ഭൂമിയില്‍ 420 ചതുരശ്രഅടി വിസ്തീര്‍ണ്ണമുള്ള വീടുകളാണ് നിര്‍മ്മിച്ചത്. രണ്ട് കിടപ്പ് മുറികള്‍, അടുക്കള, ഡൈനിങ്ങ് റൂം, ശുചിമുറികള്‍ എന്നിവയാണ് സൗകര്യങ്ങള്‍. ലൈഫ് വില്ലകളുടെ നിര്‍മ്മാണത്തിന് 36 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. സ്വച്ഛ്ഭാരത് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശുചിമുറി നിര്‍മ്മാണത്തിന് 12000 രൂപ വീതം ഓരോ വീടിനും ചെലവാക്കി.
വെള്ളച്ചാല്‍ കെ.ഭാസ്‌കരന്‍ നഗറില്‍ നടന്ന പരിപാടിയില്‍ ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ദാമോദരന്‍ അധ്യക്ഷനായി. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.പ്രമീള, ജില്ലാപഞ്ചായത്ത് അംഗം വി.കെ.ബിജു, ലൈഫ് മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം.പി. വിനോദ് കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി. ചെമ്പിലോട് പഞ്ചായത്ത് വിഇഒ ഇ.സീമ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചെമ്പിലോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പ്രസീത, വിവിധ സ്ഥിരംസമിതി അധ്യക്ഷരായ അഡ്വ. എം.സി.സജീഷ്, കെ.സുരേശന്‍, ഡി.ജിഷ, ടി. രതീശന്‍, എടക്കാട് ബ്ലോക്ക് അംഗം ഇ.കെ.സുരേശന്‍, ചെമ്പിലോട് പഞ്ചായത്ത് അംഗം പി.കെ.ഷംന, സെക്രട്ടറി എ. എം.ഷിബിന്‍, ആസൂത്രണസമിതി ഉപാധ്യക്ഷന്‍ അജയന്‍ മാസ്റ്റര്‍, സി.സി. അഷ്റഫ്, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.
