കണ്ണൂർ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഡിസംബർ 11 ന് നടത്തുന്ന പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാപെരുമാറ്റച്ചട്ടം നവംബർ 10 മുതൽ പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളെ സംബന്ധിച്ചും മറ്റും സ്ഥാനാർത്ഥികൾ, പൊതുജനങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ ഉന്നയിക്കുന്ന സംശയങ്ങൾക്ക് നിവാരണം നടത്തുന്നതിനും പരാതികളിൽ ഉടൻ പരിഹാര നടപടി സ്വീകരിക്കുന്നതിനും ജില്ലാതല മോണിറ്ററിംഗ് സമിതി രൂപീകരിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ അരുൺ കെ വിജയൻ ചെയർമാനായ സമിതിയുടെ കൺവീനർ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ ടി.ജെ അരുൺ ആണ്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻ രാജ്, റൂറൽ ജില്ലാ പോലീസ് മേധാവി അനുജ് പലിവാൾ, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ കെ. കെ. ബിനി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.പി. വിനീഷ് എന്നിവരാണ് സമിതി അംഗങ്ങൾ.
പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികൾക്ക് ഉടൻ തന്നെ പരിഹാരം കാണുന്നതിന് കമ്മിറ്റി പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും കുറ്റക്കാർക്കെതിരെ ആവശ്യമെങ്കിൽ നിയമനടപടി സ്വീകരിക്കേണ്ടതാണെന്നും കമ്മിറ്റി രൂപവത്കരിച്ചു കൊണ്ടുള്ള ഉത്തരവിൽ ജില്ലാ കളക്ടർ വ്യക്തമാക്കി. ഏതെങ്കിലും വിഷയം സംബന്ധിച്ച് കമ്മീഷൻ്റെ ഇടപെടൽ ആവശ്യമുള്ള പക്ഷം റിപ്പോർട്ട് സഹിതം അവ ഉടൻ തന്നെ കമ്മീഷനിലേക്ക് മേൽ നടപടികൾക്കായി അയക്കേണ്ടതാണ്. ജില്ലാ മോണിറ്ററിംഗ് സമിതി യോഗം രണ്ട് ദിവസങ്ങളിൽ ഒരിക്കൽ ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിക്കണം. എന്നാൽ അടിയന്തര പ്രാധാന്യമുള്ള സന്ദർഭങ്ങളിൽ ഉടൻ തന്നെ യോഗം ചേർന്ന് നടപടി സ്വീകരിക്കേണ്ടതാണെന്നും വ്യക്തമാക്കി.
ജില്ലാതല മീഡിയ റിലേഷൻസ് സമിതി രൂപവത്കരിച്ചു
തദ്ദേശ സ്വയംഭരണ സ്ഥാപന പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാധ്യമ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ ലംഘിച്ചതായുള്ള പരാതികളിന്മേലും അല്ലെങ്കിൽ മറ്റേതെങ്കിലും മാധ്യമ സംബന്ധിയായ കാര്യങ്ങളിൽ തീർപ്പ് കൽപ്പിക്കുന്നതിനുമായി ജില്ലാ മീഡിയാ റിലേഷൻസ് സമിതി രൂപീകരിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ അരുൺ കെ വിജയൻ ചെയർമാനായ സമിതിയുടെ കൺവീനർ ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.പി. വിനീഷ് ആണ്.
ഐ ആൻഡ് പി ആർ ഡി, കണ്ണൂർ റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടർ സി എഫ് ദിലീപ് കുമാർ, കലക്ടറേറ്റ് ലോ ഓഫീസർ ഒ.ടി. പ്രേംല, ദി ഹിന്ദു ദിന പത്രം റിട്ട. ബ്യൂറോ ചീഫ് പി. മുഹമ്മദ് നസീർ, കേരള സ്റ്റേറ്റ് ഐടി മിഷൻ ജില്ലാ പ്രൊജക്ട് മാനേജർ മിഥുൻ കൃഷ്ണ സി.എം എന്നിവരാണ് സമിതി അംഗങ്ങൾ.
പോസ്റ്ററുകളിലും ലഘുലേഖകളിലും അച്ചടിക്കാരൻ്റെയും പ്രസാധകന്റെയും പേരും വിലാസവും വേണം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് 2025 മായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളും വിവിധ രാഷ്ട്രീയ പാർട്ടികളും അച്ചടിക്കുന്ന പോസ്റ്ററുകളിലും ലഘുലേഖകളിലും അച്ചടിക്കാരൻ്റെയും പ്രസാധകന്റെയും പേരും വിലാസവും കോപ്പികളുടെ എണ്ണവും ഉണ്ടായിരിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ അറിയിച്ചു. അച്ചടിക്കുന്ന രേഖയുടെ പകർപ്പും പ്രസാധകന്റെ പ്രഖ്യാപനവും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് നൽകിയിരിക്കണം എന്നും നിഷ്കർഷിച്ചിട്ടുണ്ട്. ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിൽ ഉൾപ്പെടുന്ന മുഴുവൻ പ്രസ്സുകൾക്കും പ്രസാധകന്മാർക്കും ഈ നിർദ്ദേശം അടിയന്തിരമായി നൽകേണ്ടതാണെന്നും വിവരം കലക്ടറുടെ ഓഫീസിൽ അറിയിക്കേണ്ടതാണെന്നും തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകി.
