തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ നോഡൽ ഓഫീസർമാരുടെ യോഗം കണ്ണൂർ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ്റെ അധ്യക്ഷതയിൽ ചേർന്നു. പ്രശ്നബാധിത ബൂത്തുകളിലെ വെബ്കാസ്റ്റിംഗ്, വീഡിയോഗ്രാഫി എന്നിവ സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു. ഇതിന് ആവശ്യമായ സാങ്കേതിക സഹായം നൽകാൻ ബി.എസ്.എൻ.എല്ലിനും കെസ്വാനും നിർദ്ദേശം നൽകി. വെബ് കാസ്റ്റിംഗ്, വീഡിയോഗ്രാഫി നോഡൽ ഓഫീസർ പി.ഡബ്ല്യു.ഡി. ഇലക്ട്രോണിക്സ് സബ് ഡിവിഷൻ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ പി. ബിന്ദു ഇത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്തു.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിനുള്ള ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാൻഡമൈസേഷൻ നവംബർ 17ന് ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ നടക്കുമെന്ന് ഇ ഡ്രോപ്സ് നോഡൽ ഓഫീസറായ എ.ഡി.എം കലാ ഭാസ്കർ അറിയിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം സംബന്ധിച്ച പരാതികൾ അറിയിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം ഹെൽപ്പ് ഡെസ്ക് രൂപീകരിക്കുമെന്ന് നോഡൽ ഓഫീസറായ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജെ. അരുൺ അറിയിച്ചു. ക്രമസമാധാന പാലനം, പോളിംഗ് സ്റ്റേഷനുകൾ, തെരഞ്ഞെടുപ്പ് സാമഗ്രികളുടെ സ്വീകരണ, വിതരണ കേന്ദ്രങ്ങൾ, ഹരിത പെരുമാറ്റച്ചട്ടം, വാഹനങ്ങൾ ലഭ്യമാക്കൽ തുടങ്ങിയ വിഷയങ്ങൾ അവലോകനം ചെയ്തു.

അസിസ്റ്റൻ്റ് കലക്ടർ എഹ്‌തെദ മുഫസ്സിർ, എ.ഡി.എം കലാ ഭാസ്കർ, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ കെ.കെ. ബിനി, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജെ അരുൺ, മറ്റ് നോഡൽ ഓഫീസർമാർ എന്നിവർ സംസാരിച്ചു.