തദ്ദേശസ്വയംഭരണസ്ഥാപന തിരഞ്ഞെടുപ്പിലെ പെരുമാറ്റ ചട്ട ലംഘനത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കൊല്ലം ജില്ലാ കളക്ടര്‍ എന്‍ ദേവിദാസ്. പെരുമാറ്റ ചട്ട നിരീക്ഷണ സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കവെ അര്‍ധസര്‍ക്കാര്‍ സര്‍വീസില്‍ തുടരവേ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ജീവനക്കാരനെതിരെ ലഭിച്ച പരാതി പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി.
ഏഴു പരാതികളാണ് സമിതിക്ക് ലഭിച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നതിനാല്‍ നിര്‍ത്തിവച്ച നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് തദ്ദേശവകുപ്പുമായി ബന്ധപ്പെടാനും തുടര്‍ നടപടിക്കും നിര്‍ദേശം നല്‍കി. വ്യക്തിഗത അനൂകൂല്യങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പില്‍ നിന്ന് വിശദീകരണം തേടി. റോഡ് പണിയുമായിബന്ധപ്പെട്ട പരസ്യബോര്‍ഡ് സ്ഥാപിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡിനെയും തദ്ദേശസ്ഥാപന സെക്രട്ടറിയേയും ചുമതലപ്പെടുത്തി.
സമിതിയുടെ കണ്‍വീനറായ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എസ്. സുബോധ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍. ഹേമന്ത് കുമാര്‍, ഡി.വൈ.എസ്.പി. രവി സന്തോഷ്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ബി ജയശ്രീ, വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
