തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ആലപ്പുഴ ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും ആറ് നഗരസഭകളിലേക്കുമുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം കളക്ടറേറ്റിൽ ആരംഭിച്ചു. കളക്ട്രേറ്റിലെ ഗോഡൗണില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടർ അലക്സ് വർഗീസ് ആര്യാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും എ.ആർ.ഒയുമായ കെ എം ഷിബുവിന് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു.

ആര്യാട്, ചമ്പക്കുളം, മാവേലിക്കര, മുതുകുളം എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലേക്കും, കായംകുളം, മാവേലിക്കര എന്നീ നഗരസഭകളിലേക്കുമാണ് വെള്ളിയാഴ്ച വോട്ടിങ് യന്ത്രങ്ങള്‍ വിതരണം ചെയ്തത്. നവംബർ 29ന് അമ്പലപ്പുഴ, ചെങ്ങന്നൂർ, ഭരണിക്കാവ്, തൈക്കാട്ടുശ്ശേരി എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലേക്കും ആലപ്പുഴ, ചെങ്ങന്നൂർ എന്നീ നഗരസഭകളിലേക്കും വിതരണം ചെയ്യും. നവംബർ 30ന് വെളിയനാട്, കഞ്ഞിക്കുഴി, പട്ടണക്കാട്, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തുകൾക്കും ഹരിപ്പാട്, ചേർത്തല എന്നീ നഗരസഭകൾക്കും യന്ത്രങ്ങള്‍ വിതരണം ചെയ്യും. ഓരോ ബ്ലോക്കുകളിലേക്കും പ്രത്യേകം സജ്ജീകരിച്ച കവചിത വാഹനങ്ങളിലാണ് യന്ത്രങ്ങൾ കൊണ്ടുപോകുന്നത്.

പ്രാഥമികതല ചെക്കിങ് പൂര്‍ത്തിയാക്കിയ 3305 കണ്‍ട്രോള്‍ യൂണിറ്റുകളും 9206 ബാലറ്റ് യൂണിറ്റുകളുമാണ് വിതരണം ചെയ്യുന്നത്. ഡിസംബര്‍ മൂന്നിന് വോട്ടിങ് യന്ത്രങ്ങളുടെ കമ്മീഷനിങ് നടക്കും.
വിതരണോദ്ഘാടന ചടങ്ങില്‍ തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ എസ്. ബിജു, ഇ.വി.എം മാനേജ്മെന്റ് നോഡൽ ഓഫീസർ രമ്യ എസ്. നമ്പൂതിരി, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥർ, പൊലീസ്, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.