മണ്ണിന്റെ സംരക്ഷണത്തെക്കുറിച്ചും സുസ്ഥിരമായ കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി മണ്ണ് സർവേ, മണ്ണ് സംരക്ഷണ വകുപ്പ് സംസ്ഥാന വ്യാപകമായി ലോക മണ്ണുദിനാചരണ പരിപാടികൾ സംഘടിപ്പിക്കും. ഡിസംബർ 5ന് തിരുവനന്തപുരം കനകക്കുന്നിന് സമീപമുള്ള ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്‌സ് ഹാളിൽ രാവിലെ 10 മണിക്കാണ് സംസ്ഥാനതല പരിപാടികൾ സംഘടിപ്പിക്കുന്നത്.

സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർപേഴ്‌സൺ പ്രൊഫ. വി.കെ. രാമചന്ദ്രൻ പരിപാടികൾ ഉദ്ഘാടനം ചെയ്യും. വകുപ്പിന്റെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുന്ന പ്രദർശനം, ക്വിസ് മത്സരം, മണ്ണ് സംരക്ഷണത്തിന്റെ പ്രാധാന്യം ചർച്ച ചെയ്യുന്ന സാങ്കേതിക സെഷനുകൾ, മണ്ണിനെ ആസ്പദമാക്കിയുള്ള വിവിധ കലാപരിപാടികൾ, കർഷകരുടെ ഉത്പന്നങ്ങളുടെ പ്രദർശനം വിൽപ്പന എന്നിവ നടക്കും. സ്ഥിരതയാർന്ന കൃഷിക്കും ഭക്ഷ്യസുരക്ഷയ്ക്കും മണ്ണുസംരക്ഷണം എന്നിവ എത്രത്തോളം നിർണായകമാണെന്ന സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം.