ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് നിലയ്ക്കലില്‍ മൊബൈല്‍ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് യൂണിറ്റിന്റെ പ്രവര്‍ത്തനം തുടങ്ങി. ശുചിത്വമിഷന്റെ നേതൃത്വത്തില്‍ യൂണിസെഫിന്റെയും വാഷ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും സഹകരണത്തോടെയാണ് നിലയ്ക്കലിലെയും പമ്പയിലെയും സെപ്‌റ്റേജ് മാലിന്യം സംസ്‌കരിക്കുന്നതിന് മൊബൈല്‍ ട്രീറ്റ്‌മെന്റ് യൂണിറ്റുകള്‍ ലഭ്യമാക്കിയത്. ശബരിമല സ്‌പെഷ്യല്‍ ഓഫീസര്‍ വി.ആര്‍.പ്രേംകുമാറിന്റെ നിര്‍ദേശപ്രകാരമാണ് യൂണിറ്റുകള്‍ നിലയ്ക്കലിലേക്കും പമ്പയിലേക്കുമായി എത്തിച്ചത്. നിലവില്‍ ബേസ് ക്യാമ്പായി പ്രവര്‍ത്തിക്കുന്ന നിലയ്ക്കലില്‍ ശാസ്ത്രീയമായി മുഴുവന്‍ സെപ്‌റ്റേജ് മാലിന്യവും സംസ്‌കരിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് മൊബൈല്‍ ട്രീറ്റ്‌മെന്റ് യൂണിറ്റുകള്‍ പ്രവര്‍ത്തനത്തിനായി എത്തിച്ചത്.
മണിക്കൂറില്‍ മൂവായിരം ലിറ്റര്‍ ദ്രവമാലിന്യം സംസ്‌കരിക്കുന്നതിന് ശേഷിയുള്ള രണ്ട് യൂണിറ്റുകളാണ് നിലയ്ക്കലില്‍ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ എത്തിച്ചിട്ടുള്ളത്. സെപ്റ്റിക് ടാങ്കുകളില്‍ നിന്നും മാലിന്യം പമ്പ് ചെയ്ത് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ടാങ്കില്‍ എത്തിക്കുകയും ആക്ടിവേറ്റഡ്  കാര്‍ബണൈസേഷന്‍, അള്‍ട്രാഫില്‍ട്രേഷന്‍, സെന്‍ട്രിഫ്യൂഗല്‍ സിസ്റ്റം എന്നീ പ്രക്രിയകളിലൂടെ സെപ്‌റ്റേജ് മാലിന്യത്തെ ശാസ്ത്രീയമായി സംസ്‌കരിക്കുന്ന മാതൃകയാണ് അവലംബിച്ചിരിക്കുന്നത്. സംസ്‌കരണാനന്തരം ഉണ്ടാകുന്ന ജലം മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മാനദം്ഡം പാലിക്കുന്നുവെന്ന് പരിശോധിച്ച് ഉറപ്പാക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ദേവസ്വം ബോര്‍ഡിന്റെ സഹകരണത്തോടെ നിലയ്ക്കലും പമ്പയിലും സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കും. പ്രളയാനന്തര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും യൂണിസെഫിന്റെ സഹായത്തോടെ ഇത്തരം മൊബൈല്‍ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് യൂണിറ്റുകള്‍ ജില്ലയില്‍ ലഭ്യമായിരുന്നു.