കടലില്‍ രക്ഷാപ്രവര്‍ത്തനവും തിരച്ചിലും തുടരുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ശംഖുംമുഖം എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
കടലിലുള്ള എല്ലാ മത്‌സ്യത്തൊഴിലാളികളെയും രക്ഷിച്ചുകൊണ്ടുവരുന്നതു വരെ നടപടികള്‍ തുടരും. പ്രകൃതിക്ഷോഭം ഉണ്ടാകുന്നതിന് 15 ദിവസം മുമ്പ് തന്നെ കടലില്‍ പോയവരുമുണ്ട്. രക്ഷാദൗത്യങ്ങളില്‍ മത്‌സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തും. 11 മത്‌സ്യത്തൊഴിലാളികള്‍ രാവിലെ തന്നെ രക്ഷാദൗത്യത്തിന്റെ ഭാഗമായിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള മത്‌സ്യത്തൊഴിലാളികള്‍ ഇന്ത്യയിലെ മറ്റു ചില തുറമുഖങ്ങളില്‍ എത്തിയിട്ടുണ്ട്. അവരെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് സഹായം നല്‍കും. മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായി ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. ഓരോ മണിക്കൂറിലും നാവിക സേന, തീരസംരക്ഷണ സേന എന്നിവരില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കുന്നുണ്ട്.
കേന്ദ്രമന്ത്രി വിഴിഞ്ഞം, പൂന്തുറ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, ജെ. മെഴ്‌സിക്കുട്ടിഅമ്മ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. രാവിലെ ടെക്‌നിക്കല്‍ ഏരിയയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തി. രക്ഷാപ്രവര്‍ത്തനങ്ങളില്‍ യോജിച്ചു മുന്നോട്ടു പോകാന്‍ തീരുമാനിച്ചു. മന്ത്രിമാരായ            ജെ. മേഴ്‌സിക്കുട്ടിഅമ്മ, കടകംപള്ളി സുരേന്ദ്രന്‍, ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം എന്നിവര്‍ സന്നിഹിതരായിരുന്നു. ഇതിനു ശേഷം എം.എല്‍.എമാര്‍, സേനാ മേധാവികള്‍ എന്നിവരുമായും മന്ത്രി ചര്‍ച്ച നടത്തി.