ആയിരത്തിലേറെ ഒഴിവുകളിലേക്ക് വിജ്ഞാപനം ഉടന്‍
സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകളിലെ നിയമനങ്ങള്‍ സുതാര്യവും നിയമാനുസൃതവുമായി നിര്‍വഹിക്കുന്നതിന് തയ്യാറാക്കിയ ഓണ്‍ലൈന്‍ റിക്രൂട്ട്മെന്റ് മാനേജ്മെന്റ് സിസ്റ്റം ദേവജാലികയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. എം. രാജഗോപാലന്‍ നായര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍, ഓവര്‍സീയര്‍ തസ്തികകളുടെ വിജ്ഞാപനം മുഖ്യമന്ത്രി ഓണ്‍ലൈനിലൂടെ പ്രസിദ്ധപ്പെടുത്തും. നാളെ (ഡിസംബര്‍ ആറിന്) ഉച്ചകഴിഞ്ഞ് 3.30ന് തൈക്കാട് ഗവ: ഗസ്റ്റ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം റിക്രൂട്ട്മെന്റുകള്‍ പൊതുസമൂഹം ശ്രദ്ധയോടെ നോക്കിക്കാണുന്ന കാലമാണിത്. നിയമനങ്ങളില്‍ യാതൊരുവിധ കൃത്രിമവും നടത്താതെ അര്‍ഹരും യോഗ്യരുമായവര്‍ക്ക് നിയമനം ഉറപ്പാക്കുക ബോര്‍ഡിന്റെ ഉത്തരവാദിത്വമാണ്. സുതാര്യവും വ്യവസ്ഥാപിതവുമായ മാര്‍ഗങ്ങളിലൂടെ ആര്‍ക്കും പരാതിയില്ലാത്തവിധം നിയമന നടപടികള്‍ പൂര്‍ത്തിയാക്കും. പൂര്‍ണമായും സുരക്ഷിതവും കൃത്യമായി പ്രവര്‍ത്തിക്കുന്നതുമായ ഓണ്‍ലൈന്‍ സംവിധാനമുപയോഗിച്ച് രജിസ്ട്രേഷന്‍ മുതല്‍ അഭിമുഖം വരെയുള്ള നടപടിക്രമങ്ങള്‍ നടപ്പിലാക്കാനാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷയും അഭിമുഖവും സംബന്ധിച്ച വിവരങ്ങള്‍ എസ്എംഎസ് ആയി നല്‍കാനും കഴിയും.
ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുമുന്‍പ് കേരള ദേവസ്വം റിക്രൂട്ടമെന്റ് ബോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.kdrb.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തണം. ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്ത്, ബന്ധപ്പെട്ട വിവരങ്ങള്‍ രേഖപ്പെടുത്തി രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥിക്ക് യൂസര്‍ ഐഡിയും പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്തശേഷം അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈനായി ഫീസടയ്ക്കാനുള്ള പേയ്മെന്റ് ഗേറ്റ് വേ സംവിധാനവുമുണ്ട്. അപേക്ഷകളുടെ സൂക്ഷ്മ പരിശോധന, രജിസ്ട്രേഷന്‍ നമ്പര്‍ അനുവദിക്കല്‍, പരീക്ഷാ സെന്റര്‍ നിശ്ചയിക്കല്‍, അഡ്മിഷന്‍ ടിക്കറ്റ്, റാങ്ക് പട്ടിക തുടങ്ങിയവ തയ്യാറാക്കല്‍ എന്നിവ വെബ്പോര്‍ട്ടല്‍ വഴി നിര്‍വഹിക്കും.
ദേവസ്വം ബോര്‍ഡുകളില്‍ നിലവിലുള്ള ആയിരത്തിലേറെ ഒഴിവുകളില്‍ സംവരണ ചട്ടങ്ങള്‍ പാലിച്ച് നിയമനം നടത്തും. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ ആയിരത്തിലേറെ താത്കാലിക തൊഴിലാളികള്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്നുണ്ട്. ഇവരുടെ സേവനം ഒരു സുപ്രഭാതത്തില്‍ അവസാനിപ്പിക്കുന്നത് മാനുഷികമല്ല. താല്‍കാലിക നിയമനങ്ങള്‍ റഗുലറൈസ് ചെയ്യണമെന്നാവശ്യപ്പെട്ട് ജീവനക്കാരും ദേവസ്വം ബോര്‍ഡ് മാനേജിംഗ് കമ്മിറ്റിയും ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി റഗുലറൈസേഷന് അനുമതി നല്‍കിയില്ല. എന്നാല്‍ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് നിയമന നടപടികളുമായി മുന്നോട്ടുപോകുമ്പോള്‍ ഇവര്‍ക്ക് കൂടി നിയമനം ലഭിക്കാന്‍ സഹായകമായ നടപടികള്‍ സ്വീകരിക്കും. താത്കാലികമായി ജോലി ചെയ്ത അപേക്ഷകര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് അനുവദിച്ച് ജോലി നേടാന്‍ അവസരം നല്‍കുകയും എഴുത്തു പരീക്ഷയിലോ അഭിമുഖത്തിലോ സര്‍വീസിന്റെ അടിസ്ഥാനത്തില്‍ ഗ്രേസ് മാര്‍ക്ക് നല്‍കുകയും ചെയ്യും.
കൊച്ചി ദേവസ്വം ബോര്‍ഡില്‍ ശാന്തി, ക്ഷേത്രം ജീവനക്കാരുടെ 300ഓളം ഒഴിവുകളും മലബാര്‍ ദേവസ്വം ബോര്‍ഡില്‍ എക്സിക്യൂട്ടിവ് ഓഫീസര്‍മാരുടെ 40 ഒഴിവുകളുമുണ്ട്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊച്ചി ദേവസ്വം ബോര്‍ഡില്‍ 70 ക്ലര്‍ക്ക്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ 20 ക്ലര്‍ക്ക്, 200 പ്യൂണ്‍, സെക്യൂരിറ്റി ഒഴിവുകളും നൂറിലധികം കഴകം, ക്ഷേത്ര ജീവനക്കാരുടെ ഒഴിവുകളുമുണ്ട്. കൂടല്‍മാണിക്യം ദേവസ്വത്തിലും ഏതാനും ഒഴിവുകളുണ്ട്. ഈ ഒഴിവുകള്‍ സംവരണ ചട്ടങ്ങള്‍ പാലിച്ച് നികത്താന്‍ നടപടി സ്വീകരിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. ബോര്‍ഡ് അംഗങ്ങളായ ജി.എസ്. ഷൈലാമണി, പി.സി. രവീന്ദ്രനാഥന്‍, ബോര്‍ഡ് സെക്രട്ടറി ആര്‍. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.