ഹരിത കേരളം മിഷന് രണ്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നടത്തുന്ന കോഴിത്തോട് പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി പുഴ നടത്തം നാരങ്ങാനം പൂതക്കുഴി ജംഗ്ഷനില്‍ സംഘടിപ്പിച്ചു. സംഘാടകസമിതി ചെയര്മാന് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ബി സത്യന് യോഗം ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് കടമ്മനിട്ട കരുണാകരന് അധ്യക്ഷത വഹിച്ചു. മല്ലപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് ലത വിക്രമന്, ഇലന്തൂര്‍ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് ഷീബി അന്ന ജോര്‍ജ്, ബ്ലോക്ക് മെമ്പര്‍മാരായ വത്സമ്മ മാത്യൂ, സാലി തോമസ്, ജോണ്‍ വി തോമസ്, പ്രോജക്ട് ഡയറക്ടര്‍ ഹരികുമാര്‍, ഹരിത കേരളം മിഷന് പത്തനംതിട്ട കോ-ഓര്‍ഡിനേറ്റര്‍ ആര് രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.
യോഗത്തില്‍ നാരങ്ങാനം പഞ്ചായത്ത് സംഘാടകസമിതി രൂപീകരിച്ചു. വാര്‍ഡ് മെമ്പര്‍മാരായ ജിനി ജോസ് , ജേയ്മോന്, ജെസ്സി, കുഞ്ഞമ്മ തങ്കന്, എം എസ് സീജു, എം കെ സജി, ഗീത സദാശിവന്, രാഗിണി വിശ്വനാഥന്, സുജാമണി, വി ആര് കാവേരി എന്നിവര്‍ പുഴനടത്തത്തില്‍ പങ്കാളികളായി.
ഡിസംബര്‍ എട്ടിന് രാവിലെ എട്ടിന് കോഴിത്തോട് നീര്‍ത്തടം പുനരുജ്ജീവന പദ്ധതിയുടെ ഉദ്ഘാടനം വീണാ ജോര്‍ജ് എംഎല്‍എ നാരങ്ങാനം പൂതക്കുഴിയില്‍ നിര്‍വഹിക്കും.
തോടിന്റെ ഉത്ഭവ സ്ഥാനമായ ചുണ്ഡലംകാവ് ഊട്ടുപാറയില്‍ നിന്നും രാവിലെ ഒമ്പതിന് ആരംഭിച്ച് കല്ലുപുരയ്ക്കള്, പരുത്തുപാറ, പരിയാരം ഏല, തെങ്ങുതടപാലം, വഴി ഇലന്തൂരില്‍നിന്നും മല്ലപ്പുഴശ്ശേരി ചക്കിട്ടപ്പടി, ആനപ്പാറയ്ക്കല് ഏല, കുറുന്താര്‍ വഴി
ആറന്മുള നാല്ക്കാലിപ്പാലം, കോഴിപ്പാലം വരെ ജനപ്രതിനിധികളും ഹരിത കേരള മിഷന്, എന്‍ ആര് ഇ ജി എസ്, മൈനര്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥരും, ജനപങ്കാളിത്തത്തോടെ നടത്തിയ പുഴ നടത്തം വൈകിട്ട് നാലിന് അവസാനിച്ചു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെയും ഹരിത കേരള മിഷന് നീര്‍ത്തട മാസ്റ്റര്‍ പ്ലാനിന്റെയും ഭാഗമായി പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ നടത്തും. പ്രദേശത്തെ കര്‍ഷകരും ജനങ്ങളുമായി ആശയവിനിമയം നടത്തി പദ്ധതിക്ക് അനുയോജ്യമായ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
ആറന്മുള നാല്ക്കാലിക്കല് പാലത്തില്‍ എസ് വി ജി വി എച്ച്് എസ് സ്കൂളിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ബോധവല്‍ക്കരണ യോഗം നടന്നു. പുഴ നടത്തം സമാപനവേദിയായ ആറന്മുള കോഴിപ്പാലത്തിന് സമീപം ആറന്മുള സംഘാടകസമിതി രൂപീകരണയോഗവും നടന്നു. ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് ഐഷ പുരുഷോത്തമന്, ജില്ല പഞ്ചായത്ത് മെമ്പര്‍ വിനീത അനില്‍ എന്നിവര്‍ നേതൃത്വം നല്കി.