കേരളീയ ഭക്ഷ്യസംസ്‌കാരത്തിന്റെ പുത്തന്‍ ശീലുകളുമായി കുടുംബശ്രീയുടെ ഡിസംബര്‍ ഫെസ്റ്റിന് തുടക്കം. കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ഭക്ഷ്യമേള പത്തനംതിട്ട മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉദ്ഘാടനം ചെയ്തു. ആരോഗ്യപൂര്‍ണമായ ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ നല്ല ഭക്ഷണത്തിനുള്ള പങ്ക് ചെറുതല്ലായെന്നും, ഇത്തരത്തില്‍ മായമില്ലാത്ത ഗൃഹാതുരത്വമുണര്‍ത്തുന്ന രുചിക്കൂട്ടുകളാണ് കുടുംബശ്രീ ജില്ലയ്ക്കായി ഒരുക്കിയിരിക്കുന്നതെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. മൊട്ട ദോശ, ചിക്കന്‍ ദോശ, വെജിറ്റബിള്‍ ദോശ എന്നിങ്ങനെ വ്യത്യസ്ത തരത്തിലുള്ള ദോശകള്‍, ഔഷധകഞ്ഞി, ബിരിയാണി, പായസം, നെല്ലിക്കയുടെ ഏഴ് തരം ജ്യൂസ്, പലഹാരങ്ങള്‍, കപ്പ , മീന്‍ കറി, ബീഫ് കറി, ചിക്കന്‍ കറി,  നാടന്‍ വിഭവങ്ങള്‍ തുടങ്ങി മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ കേരളീയ ശൈലിയില്‍ വ്യത്യസ്തമായ ഭക്ഷണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന കറിപൊടികള്‍, ധാന്യപ്പൊടികള്‍, തേന്‍, കരകൗശലവസ്തുക്കള്‍, ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, ബാഗുകള്‍ എന്നിവയുടെ പ്രദര്‍ശനവും, വിപണനവും മേളയില്‍ ഒരുക്കിയിട്ടുണ്ട്. മേളയോടനുബന്ധിച്ച് എല്ലാ ദിവസവും ഗോത്ര പൊലിമ എന്ന പേരില്‍ ഗോത്ര കലാമേളകളും, സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്. മാത്രമല്ല, കോല്‍ക്കളി, നാടന്‍ പാട്ട് എന്നിവയും മേളയ്ക്ക് കൊഴുപ്പ് കൂട്ടുന്നു. ജൈവ കൃഷിയിലൂടെ ഉത്പാദിപ്പിച്ച പച്ചക്കറി, ഔഷധ സസ്യങ്ങള്‍ എന്നിവയുടെ പ്രദര്‍ശന വിപണനവും മേളയിലുണ്ട്. രണ്ടു കഫേ യൂണിറ്റുകളും, നാല് സംരംഭക യൂണിറ്റുകളുമാണ് മേളയില്‍ ഉള്ളത്.
പത്തനംതിട്ട നഗരസഭാ  ചെയര്‍പേഴ്സണ്‍ ഗീത സുരേഷ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ വി.എസ് സീമ, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ കെ എസ് സെലീന, എ മണികണ്ഠന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ഷാലു ഷാജഹാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മേള ഏഴിന് അവസാനിക്കും