പത്തനംതിട്ട: ലോക കേരള സഭയുടെ ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റിയുടെ ആദ്യ യോഗം ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പി. അജന്തകുമാരിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. പ്രഥമ ലോക കേരളസഭാ തീരുമാനങ്ങളുടെ ഭാഗമായി പ്രവാസികളുടെ പ്രശ്നപരിഹാരത്തിനായി രൂപീകരിച്ചതാണ് കമ്മിറ്റി. ജില്ലയില്‍ പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായാണ് ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്. എല്ലാ മാസവും 30 വരെ പരാതികള്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലോ, കളക്ടറേറ്റിലോ സമര്‍പ്പിക്കാവുന്നതാണ്. ഈ പരാതികള്‍ അടുത്ത കമ്മിറ്റിയില്‍ പരിഗണിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. തുടര്‍നടപടികള്‍ ആവശ്യമാണെങ്കില്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് വേണ്ട പരിഹാരങ്ങള്‍ കണ്ടെത്തുമെന്നും, പ്രവാസികള്‍ക്ക് ഇതൊരു തുറന്ന വേദിയായിരിക്കുമെന്നും ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു. ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റിയുടെ ചെയര്‍മാന്‍ ജില്ലാ കളക്ടറും, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് കണ്‍വീനറും ആയിരിക്കും. കൂടാതെ ജില്ലാ പോലീസ് മേധാവി, നോര്‍ക്ക റൂട്ട്സ് പ്രതിനിധി, കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് പ്രതിനിധി, തിരികെ വന്ന പ്രവാസികളില്‍ നിന്നും ഗവണ്‍മെന്റ് നാമനിര്‍ദ്ദേശം ചെയ്യുന്ന മൂന്ന് പ്രതിനിധികള്‍ എന്നിവരും കമ്മിറ്റിയില്‍ ഉണ്ടാകും.
യോഗത്തില്‍ പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ പി.ജി പ്രകാശ്, നോര്‍ക്ക സെന്‍ട്രല്‍ മാനേജര്‍ കെ. ഹരികുമാര്‍, ഡിവൈഎസ്പി അഡ്മിനിസ്ട്രേഷന്‍ ആര്‍ പ്രദീപ് കുമാര്‍, കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് പ്രതിനിധി ഗീതാ മണിയമ്മ, തിരികെ വന്ന പ്രവാസികളില്‍ നിന്നും ഗവണ്‍മെന്റ് നാമനിര്‍ദ്ദേശം ചെയ്ത പ്രതിനിധികളായ പീറ്റര്‍ മാത്യു വല്ല്യത്ത്, സുധാ രഞ്ജന്‍, സജി ജോണ്‍സണ്‍ ഇട്ടിയാംപറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.