പ്രളയാനന്തര പുനരധിവാസത്തിന്റെ ഭാഗമായി മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കൂടുതൽ തൊഴിൽദിനങ്ങൾ സൃഷ്ടിക്കും. തൊഴിൽദിനങ്ങൾ സൃഷ്ടിക്കുന്നതിനും ജീവനോപാധികൾ മെച്ചപ്പെടുത്തുന്നതിനും മറ്റ് വകുപ്പുകളുടെ പദ്ധതികൾ കൂടി സംയോജിപ്പിക്കും. കൃഷി, മൃഗസംരക്ഷണം, ഫിഷറീസ്, വനം, സാമൂഹ്യനീതി, ജലവിഭവം തുടങ്ങിയ വകുപ്പുകൾ, കുടുംബശ്രീ എന്നിവയുമായി സഹകരിച്ച് തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനാണ് തീരുമാനം.
കൃഷി വകുപ്പുമായി സഹകരിച്ച് പ്രളയാനന്തരം കൃഷിഭൂമിയിൽ അടിഞ്ഞുകൂടിയ ചളി, മണ്ണ് അവശിഷ്ടങ്ങൾ നീക്കംചെയ്യൽ, തെങ്ങ്, കവുങ്ങ്, റബർ തുടങ്ങിയ വിളകൾക്ക് നിലമൊരുക്കൽ, പച്ചക്കറി കൃഷി അഭിവൃദ്ധിപെടുത്തൽ, കാർഷികാവശ്യങ്ങൾക്കുള്ള കുളങ്ങൾ, തോടുകൾ, കനാലുകൾ എന്നിവയുടെ നവീകരണം, ഗതിമാറിയൊഴുകിയ പുഴകളുടേയും തോടുകളടേയും പുനഃസ്ഥാപനം എന്നി പ്രവർത്തികൾ തൊഴിലുറപ്പ് പദ്ധതിയിലൂടെ നടപ്പാക്കും. മൃഗസംരക്ഷണ വകുപ്പുമായി ബന്ധപ്പെട്ട് തൊഴുത്ത്, കോഴിക്കൂട്, ആട്ടിൻകൂട്, മിൽക്ക് ഷെഡ്ഡുകളുടെ നിർമാണം, തീറ്റപ്പുൽകൃഷി-നിലമൊരുക്കൽ, തീറ്റപ്പുല്ല് നട്ടുപിടിപ്പിക്കൽ എന്നിവയും ഏറ്റെടുക്കും. ഫിഷറീസ് വകുപ്പിന്റെ മത്സ്യകൃഷി വ്യാപനത്തിന് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിക്കും. വനംവകുപ്പിൽ വൃക്ഷത്തൈ ഉൽപാദനത്തിനുള്ള നഴ്‌സറി, വനവത്കരണ പ്രവർത്തനങ്ങൾ, മണ്ണ്-ജലസംരക്ഷണ പ്രവർത്തനങ്ങളും ഏറ്റെടുക്കും. സാമൂഹികനീതി വകുപ്പിന്റെ അങ്കണവാടി നിർമാണം, കുടുംബശ്രീയുടെ ഗ്രാമീണ ചന്ത നിർമാണം, ലൈഫ് മിഷൻ പദ്ധതിക്കാവശ്യമായ ഇഷ്ടിക, കട്ടിള എന്നിവയുടെ നിർമാണം, ജലവിഭവ വകുപ്പിന്റെ കനാൽ നിർമാണവും നവീകരണവും തുടങ്ങിയവ തൊഴിലുറപ്പിൽ ഉൾപ്പെടുത്തും.
കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ എ.ആർ. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ജോയി ജോൺ, ഡെപ്യൂട്ടി ഡെവലപ്‌മെന്റ് കമ്മീഷണർ എസ്. സനോജ്, ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ പി.ജി. വിജയകുമാർ, പ്ലാനിങ് ഓഫീസർ കെ.എം. സുരേഷ്, പഞ്ചായത്ത്തല സെക്രട്ടറിമാർ, ബ്ലോക്ക് പ്രോഗ്രാം ഓഫീസർമാർ, അക്രഡിറ്റഡ് എൻജിനീയർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.