പ്രളയത്തിൽ തകർന്ന കാർഷിക മേഖലയെ തിരിച്ചെത്തിക്കാൻ പുനർജനി പദ്ധതിയുമായി കാർഷിക വികസന-കർഷകക്ഷേമ വകുപ്പ്. പ്രളയശേഷം കാർഷിക മേഖലയ്ക്കുണ്ടായ ഗുരുതരമായ പ്രശ്‌നങ്ങൾ ക്രിയാത്മകമായി പരിഹരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കേരള കാർഷിക സർവകലാശാല, കൃഷിവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, മണ്ണുസംരക്ഷണ വകുപ്പ്, എംജിഎംഎൻആർഇജിഎ എന്നിവ സംയുക്തമായാണ് സംസ്ഥാനമൊട്ടാകെ പഞ്ചായത്ത് തലത്തിൽ പുനർജനി മാതൃക വിളപരിപാലന രീതി നടപ്പാക്കുന്നത്. പ്രളയാനന്തരം മണ്ണിനും വിളകൾക്കും സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് കാർഷിക സർവകലാശാല ശാസ്ത്രീയ പഠനം നടത്തി റിപോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളാണ് പുനർജനി പദ്ധതിയിലൂടെ നടത്തുക.
കാലവർഷക്കെടുതിയിൽ 1,008 കോടി രൂപയുടെ നഷ്ടമാണ് കൃഷിവകുപ്പ് കണക്കാക്കിയത്. പാടശേഖര സമിതികൾക്കും അഗ്രോ സർവീസ് സെന്ററുകൾക്കും കൃഷി ഓഫിസുകൾക്കും നാശം നേരിട്ടു. സർക്കാർ സംവിധാനങ്ങളും ത്രിതല പഞ്ചായത്തുകളും കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിച്ചുവരികയാണ്. ആയിരം ഹെക്റ്റർ നെൽവയലുകളിലേക്ക് 85 ടണ്ണോളം വിത്തുകൾ കൃഷിവകുപ്പ് മുഖേന വിതരണം ചെയ്തു. വാഴകൃഷി നശിച്ച കർഷകർക്ക് ഒമ്പതു ലക്ഷത്തോളം കന്നുകളുടെ വിതരണം പൂർത്തിയായിവരികയാണ്. മാനന്തവാടി, സുൽത്താൻ ബത്തേരി ബ്ലോക്കുകളിൽ വാഴക്കന്ന് വിതരണം പൂർത്തിയായി. പനമരം, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തുകളിൽ ഡിസംബർ അവസാനത്തോടെ പൂർത്തീകരിക്കും. പ്രളയം കവർന്ന പച്ചക്കറികൾക്കു പകരം 27 ലക്ഷം പച്ചക്കറിത്തൈകളാണ് ജില്ലയിൽ വിതരണം ചെയ്യുക. പച്ചക്കറി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 12 ലക്ഷം തൈകളും വയനാട് പാക്കേജിലൂടെ 15 ലക്ഷം തൈകളുമാണ് കർഷകർക്കു നൽകാൻ ഉദ്ദേശിക്കുന്നത്. വിള ഇൻഷുറൻസ് പദ്ധതിയിലുൾപ്പെടുത്തി 250 ലക്ഷത്തോളം രൂപ കർഷകർക്കു വിതരണം ചെയ്തു. ഇതിനൊക്കെ പുറമെയാണ് പുനർജനി പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പനമരം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ തെങ്ങിൻതൈക്ക് വെള്ളമൊഴിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ ഉദ്ഘാടനം ചെയ്തു. കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരും ത്രിതല പഞ്ചായത്ത് സംവിധാനങ്ങളും കാര്യക്ഷമമായി ഇടപെടുന്നുണ്ടെന്ന് അവർ പറഞ്ഞു. നെൽകൃഷിക്ക് മൂന്നു കോടിയും ക്ഷീരമേഖലയ്ക്ക് രണ്ടുകോടിയും ജില്ലാ പഞ്ചായത്ത് ഇത്തവണ വകയിരുത്തുമെന്നും അവർ അറിയിച്ചു. പ്രളയത്തിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കി പുനർകൃഷി ചെയ്ത നീർവാരം കല്ലുവയൽ പാടശേഖരസമിതിക്കുള്ള ധനസഹായ വിതരണം കെ.ബി. നസീമ നിർവഹിച്ചു. യോഗത്തിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കുഞ്ഞായിഷ, പനമരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി കൃഷ്ണൻ, വൈസ് പ്രസിഡന്റ് ടി. മോഹനൻ, ജില്ലാ കാർഷിക വികസന സമിതി അംഗം അഡ്വ. ജോഷി സിറിയക്, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷാജി അലക്‌സാണ്ടർ, പനമരം കൃഷി അസിസ്റ്റന്റ് ഡയറക്ടർ ആർ. മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു.