പ്രളയാനന്തരം മണ്ണ് സംരക്ഷണത്തിന് പ്രത്യേക പ്രാധാന്യം നൽകണമെന്നു കൃഷിവകുപ്പ്. പ്രളയശേഷം മണ്ണിന്റെ അമ്ലരസം വർധിച്ചതായും ജൈവാംശം കുറഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്. മേൽമണ്ണ് ഒലിച്ചുപോയ മലയോര പ്രദേശങ്ങളിലും കുന്നിൻപ്രദേശങ്ങളിലും നൈട്രജൻ, ഫോസ്ഫറസ്, കാത്സ്യം, മഗ്നീഷ്യം, സൾഫർ, ബോറോൺ എന്നിവയും നഷ്ടപ്പെട്ടതായി കണ്ടെത്തി. ഇവിടങ്ങളിൽ അമ്ലത്വം കൂടുകയും ചെയ്തിട്ടുണ്ട്. ഇതു പരിഹരിക്കാൻ സെന്റിന് 2.5 കിലോഗ്രാം എന്ന നിരക്കിൽ കുമ്മായമോ ഡോളമൈറ്റോ ചേർക്കണം. ഇതിനു ശേഷമാണ് മണ്ണിൽ ജൈവവളങ്ങൾ ചേർക്കേണ്ടത്. സമതല പ്രദേശങ്ങളിലും പുഴയോരങ്ങളിലും അടിഞ്ഞുകൂടിയ എക്കൽ മണ്ണിൽ പൊട്ടാസ്യം, കാത്സ്യം, ബോറോൺ എന്നിവയുടെ അഭാവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എക്കലിന്റെ അമ്ലത്വം നിർവീര്യാവസ്ഥയിലാണ്. ഇത് നല്ല ഘടനയുള്ള മണ്ണാക്കി മാറ്റാൻ പരിശോധനയുടെ അടിസ്ഥാനത്തിൽ കാത്സ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയ കുമ്മായം, ഡോളമൈറ്റ്, ജിപ്‌സം എന്നിവ ചേർക്കണം. മണൽ അടിഞ്ഞുകൂടിയ പ്രദേശങ്ങളിൽ അതും എക്കലിനോട് കൂട്ടിച്ചേർക്കുന്നത് അഭികാമ്യമാണ്.
പ്രളയം അതിജീവിച്ച വിളകളിൽ പത്രപോഷണം വഴി ആരോഗ്യം വേഗത്തിൽ മെച്ചപ്പെടുത്താൻ കഴിയും. ദീർഘകാല വിളകളിൽ മൂലകങ്ങളുടെ അഭാവം പരിഹരിക്കുന്നതിനായി 19:19:19 മിശ്രിതം (മൂന്നു ഗ്രാം), സോലുബോർ (1 ഗ്രാം) എന്നിവ ഒരുലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ഇലകളിൽ തളിക്കാം. വിദഗ്ധരുടെ ശുപാർശ പ്രകാരം മഗ്നീഷ്യം സൾഫേറ്റും ആവശ്യാനുസരണം നൽകാം. നെല്ല്, വാഴ, പച്ചക്കറി വിളകൾക്കായി കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത ‘സമ്പൂർണ’ എന്ന സൂക്ഷ്മ മൂലക മിശ്രിതം പത്രപോഷണത്തിന് അനുയോജ്യമാണ്.