ആലപ്പുഴ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിനായി നാടും നഗരവും ഒരുങ്ങി. കലാമേളയ്ക്ക് കൊഴുപ്പേകാനുള്ള കലവറ ഡിസംബർ 6 മുതൽ പ്രവർത്തനമാരംഭിച്ചു. കൊതിയൂറും വിഭവങ്ങളാണ് മത്സരാർത്ഥികൾക്കായി ഇവിടെ തയ്യാറാകുന്നത്. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഭക്ഷണമൊരുക്കുന്നത്. ഇ.എം.എസ്. സ്റ്റേഡിയത്തിലാണ് ഭക്ഷണം തയ്യാറാക്കുക. പാചകത്തിന്റെ ആരംഭം പാല് കാച്ചിക്കൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ, ജില്ലാ കളക്ടർ എസ്. സുഹാസ്, പൊതു വിദ്യാഭ്യാസ ഡയറക്ടർ മോഹൻകുമർ, ജില്ലാ പഞ്ചായത്തംഗം മാത്യൂ റ്റി. തോമസ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ധന്യ ആർ. കുമാർ എന്നിവർ നിർവ്വഹിച്ചു.

ഡിസംബർ 6ന്‌ ജില്ലയിലെത്തിയ മത്സരാർത്ഥികൾക്കുള്ള ഭക്ഷണം ഇ.എം.എസ്. സ്റ്റേഡിയത്തിൽ നിന്നും വിതരണം ചെയ്തു. റെജിസ്ട്രേഷൻ പൂർത്തിയാക്കിയ എല്ലാ മത്സരാർത്ഥികൾക്കും ഇവിടെ നിന്നാണ് ഭക്ഷണം നൽകിയത് .രണ്ടായിരത്തോളം വിദ്യാർത്ഥികൾക്കുള്ള രാത്രി ഭക്ഷണവും ഇവിടെ ക്രമീകരിച്ചിരുന്നു. കേരള സ്‌കൂൾ ടീച്ചേർസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് കലവറയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഭക്ഷണ സാധനങ്ങൾ തലച്ചുമടായി എത്തിക്കുന്നതിലും അധ്യാപകർ പങ്കാളികളാകുന്നു. കലോത്സവ ദിവസങ്ങളിൽ രാവിലെ ഏഴുമണി മുതൽ ഒമ്പതുമണി വരെ പ്രഭാത ഭക്ഷണം, പതിനൊന്ന് മുതൽ രണ്ടര വരെ ഉച്ചഭക്ഷണം, വൈകിട്ട് നാല് മുതൽ അഞ്ച് വരെ ചായ, രാത്രി ഏഴ് മുതൽ ഒമ്പതു വരെ അത്താഴം എന്നിങ്ങനെയാണ് ഭക്ഷണ സമയം ക്രമീകരിച്ചിരിക്കുന്നത്.

30 വേദികളിലായി നടക്കുന്ന കലോത്സവത്തിൽ എല്ലാ വേദിയിൽ നിന്നുള്ളവർക്കും പ്രധാന ഭക്ഷണ വിതരണ കേന്ദ്രമായ ഇ.എം.എസ്. സ്റ്റേഡിയത്തിൽ നിന്നും ഭക്ഷണം ലഭിക്കും. ഇതിനുപുറമേ എസ്.ഡി.വി ഗ്രൗണ്ട്, തിരുവമ്പാടി യു.പി. സ്‌കൂൾ, പൂങ്കാവ് എം.ഐ.എച്.എസ്. എന്നിവടങ്ങളാണ് മറ്റു ഭക്ഷണ വിതരണ കേന്ദ്രങ്ങൾ. മൂന്നു ദിവസവും അഞ്ച് വീതം കറികളടങ്ങിയ ഉച്ചയൂണാണ് ഒരുക്കുന്നത്.പായസവുമുണ്ടാകും. രണ്ടു തരം ഒഴിച്ചു കറികൾ, അവിയൽ, തോരൻ, അച്ചാർ, കൂട്ടുകറി എന്നിവയടങ്ങുന്നതാണ് മെനു. പ്രഭാത ഭക്ഷണമായി ഇഡ്ലി, ഉപ്പുമാവ്, പുട്ട് എന്നിവയാണ് ഒരുക്കുക. വൈകിട്ട് ചായയും ചെറുകടിയും ഒരുക്കിയിട്ടുണ്ട്.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ പതിനായിരത്തോളം സ്റ്റീൽ ഗ്ലാസുകൾ, പാത്രങ്ങൾ, 120 പാചക വാതക സിലിണ്ടറുകൾ എന്നിവയാണ് തയ്യാറാക്കിയിരിക്കുന്നത്. പ്ലാസ്റ്റിക്കൊഴിവാക്കി ഹരിത ചട്ടപ്രകാരമാണ് കലവറയുടെ പ്രവർത്തനങ്ങൾ. ഹരിതചട്ടം ഉറപ്പാക്കാനായി എൻ.എസ്.എസ്., ഹരിതകർമ്മ സേന, ശുചീകരണ ഉദ്യോഗസ്ഥർ എന്നിവരെ വിന്യസിക്കും. അജൈവ, ജൈവ മാലിന്യങ്ങൾ പ്രത്യേകം തരംതിരിച്ച് ശേഖരിക്കാനായി പ്രത്യേക സംഭരണികളും സ്ഥാപിക്കും.
മലയോര ജില്ലകളായ വയനാട്, ഇടുക്കി ജില്ലകളിൽ നിന്നും ഏലയ്ക്ക, തെയില, കാപ്പി എന്നിവയും കോട്ടയം ജില്ലയിൽ നിന്ന് പഞ്ചസാര, ശർക്കര എന്നിവയും, കൊല്ലത്തുനിന്ന് വെളിച്ചെണ്ണ, നാളികേരം, വെള്ളരിക്ക, കറിനാരങ്ങ എന്നിവയും എറണാകുളം ജില്ലയിൽ നിന്നുള്ള ചേനയും പത്തനംതിട്ട ജില്ലയിൽ നിന്നുള്ള പച്ചക്കായും കലോത്സവ കലവറക്ക് മാറ്റേകും. വിവിധ ജില്ലകളിൽ നിന്നുമുള്ള പച്ചക്കറികൾ ഭക്ഷണ കമ്മിറ്റി ചെയർമാൻ പി.പി. ചിത്തരജ്ഞൻ ഏറ്റുവാങ്ങി. അതത് ജില്ലകളിൽ നിന്നുമുള്ള കേരള സ്‌കൂൾ ടീച്ചേർസ് അസോസിയേഷൻ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് കലവറയിലേക്കാവശ്യമുള്ള വസ്തുക്കൾ എത്തിച്ചത്. പത്തനംതിട്ട ജില്ലാ കമ്മിറ്റിയാണ് ആദ്യമെത്തി വിഭവങ്ങൾ കൈമാറിയത്. ്‌വിവിധ ജില്ലകളിൽ നിന്നുള്ള ഭക്ഷണ സാധനങ്ങളെല്ലാം പ്രധാന ഭക്ഷണ വിതരണ കേന്ദ്രമായ ഇ.എം.എസ്. സ്റ്റേഡിയത്തിലെ കലവറയിൽ എത്തി കഴഞ്ഞു.