രാജ്യാന്തര മൗണ്ടൻ സൈക്ലിങ് ചാമ്പ്യൻഷിപ്പ് പഞ്ചാരക്കൊല്ലി പ്രിയദർശിനി എസ്റ്റേറ്റിൽ ഡിസംബർ ഏഴിന് തുടക്കമാവും. 4.8 കിലോമീറ്റർ ട്രാക്കിലാണ് മത്സരം. അപകട മേഖലയിൽ ബാരിക്കേഡുകളുണ്ട്. പ്രളയത്തിൽ മൂന്നിടങ്ങളിലായി ട്രാക്കിന് കേടുപാടുകൾ സംഭവിച്ചിരുന്നു. അവ പൂർണമായി നന്നാക്കി. മൺപാതയിൽ കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളുമുണ്ട്. മത്സരാർഥികൾക്ക് അപകടം കൂടാതെ പോകാവുന്ന വിധത്തിലാണ് ട്രാക്കുകൾ ക്രമീകരിച്ചിട്ടുള്ളത്.
എസ്‌റ്റേറ്റിനകത്ത് ഒഫീഷ്യലുകൾക്ക് താമസിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മത്സരാർഥികൾക്ക് മാനന്തവാടിയിലും സമീപപ്രദേശങ്ങളിലുമാണ് താമസസൗകര്യം. പ്രാദേശിക പിന്തുണയോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. പ്രദേശത്തുനിന്നും 40 വളണ്ടിയേഴ്‌സിനേയും തിരഞ്ഞെടുത്തു. 10 പേർ എസ്‌റ്റേറ്റിനുള്ളിൽ നിന്നും 30 പേർ പുറത്തുനിന്നുമാണ്. അന്താരാഷ്ട്ര മത്സരത്തിന് പ്രിയദർശിനിയുടെ മുഴുവൻ സാധ്യതകളും പ്രയോജനപ്പെടുത്തുകയാണ് സംഘാടകരുടെ ലക്ഷ്യം. ടൂറിസം വികസനപ്രവൃത്തികൾ പൂർത്തിയായ പ്രിയദർശിനിയിൽ ടൂറിസം പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം നടത്താനിരിക്കേയാണ് അന്താരാഷ്ട്ര സൈക്ലിങ് ചാമ്പ്യൻഷിപ്പ് എത്തിയത്. ഇത് പ്രിയദർശിനിയുടെ ടൂറിസം പദ്ധതിക്കും കുതിപ്പാകും. മനംമയക്കുന്ന കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. മലമുകളിലേക്കുള്ള ട്രക്കിങ്, നോക്കെത്ത ദൂരത്തേക്ക് മിഴിതുറക്കുന്ന വ്യൂപോയിന്റ്, ഓപ്പൺ എയർ തീയറ്റർ, ടീ കൗണ്ടി, ടീ മ്യൂസിയം, ട്രീ ഹട്ട്, വില്ലകൾ, ചിൽഡ്രൻസ് പാർക്ക്, ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവയെല്ലാം ഒരുങ്ങിക്കഴിഞ്ഞു.
ഓസ്‌ട്രേലിയ, ഇറാൻ, മലേഷ്യ, സിങ്കപ്പൂർ, തായ്‌ലൻഡ്, ശ്രീലങ്ക, നേപ്പാൾ, ഭൂട്ടാൻ, അർമേനിയ, ഫിലിപ്പൻസ്, ഇന്തോനേഷ്യ എന്നി രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ അന്തരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കും. ദേശീയതല പുരുഷ ക്രോസ് കൺട്രിയിൽ നാൽപതോളം താരങ്ങളും വനിതകൾക്കുള്ള മത്സരത്തിൽ 20 താരങ്ങളും പങ്കെടുക്കും.