അട്ടപ്പാടി ബ്ലോക്കില്‍ വിജയകരമായി നടപ്പാക്കിയ മഹിളാമിത്ര വായ്പാ പദ്ധതി പാലക്കാട് പാര്‍ലമെന്റ് മണ്ഡലം ഒട്ടാകെ നടപ്പാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് എം.ബി രാജേഷ് എം.പി പറഞ്ഞു. കുടുംബശ്രീ, ജില്ലാ സഹകരണ ബാങ്ക്, എം.പി ഫണ്ട് എന്നിവയുടെ സഹായത്തോടെയാണ് മഹിളാമിത്ര വ്യാപിപ്പിക്കുന്നത്. മരുതറോഡ് ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ വിവിധ ഗ്രൂപ്പുകള്‍ക്ക് റിവോള്‍വിങ് ഫണ്ട്, മാച്ചിങ് ഗ്രാന്റ്, പിന്നാക്ക വിഭാഗ കോര്‍പ്പറേഷന്‍ വായ്പ എന്നിവയുടെ വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എംപി. സ്ത്രീകള്‍ക്ക് തുല്യതാ ലഭ്യമാക്കാനുള്ള പോരാട്ടങ്ങള്‍ക്ക് വന്‍ എതിര്‍പ്പ് നേരിടേണ്ടി വന്നതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. എങ്കിലും ഭരണഘടന ഉറപ്പുവരുത്തുന്ന തുല്യനീതി എക്കാലത്തും ഒരു ശക്തികള്‍ക്കും തടയാനാവില്ല. അടുക്കളയ്ക്ക് പുറത്തുള്ള ലോകത്തിന് അവകാശികളാകാന്‍ സ്ത്രീകളെ പ്രാപ്തരാക്കിയ സംരംഭമാണ് കുടുംബശ്രീയെന്നും എം.ബി രാജേഷ് എംപി പറഞ്ഞു.

മരുതറോഡ് ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ വിവിധ ഗ്രൂപ്പുകള്‍ക്ക് റിവോള്‍വിങ് ഫണ്ട്, മാച്ചിങ് ഗ്രാന്റ്, പിന്നാക്ക വിഭാഗ കോര്‍പ്പറേഷന്‍ വായ്പ എന്നിവയുടെ വിതരണം എം.ബി രാജേഷ് എം.പി നിര്‍വഹിക്കുന്നു

75 ശതമാനം പിന്നാക്ക വിഭാഗത്തിലെ അംഗങ്ങള്‍ ഉള്ള 16 കുടുംബശ്രീ അയല്‍കൂട്ടങ്ങള്‍ക്ക് പിന്നാക്ക വിഭാഗ കോര്‍പ്പറേഷന്‍ വായ്പയായി 56 ലക്ഷം രൂപ വിതരണം ചെയ്തു. അയല്‍ക്കൂട്ടങ്ങളുടെ ലഘുസമ്പാദ്യം പ്രോത്സാഹിപ്പിക്കുന്നതിനും ആന്തരിക വായ്പ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്തുന്നതിനും ബാങ്ക് ലിങ്കേജ് വായ്പാ സൗകര്യം പ്രയോജനപ്പെടുത്തുന്നതിനും കുടുംബശ്രീയില്‍ നിന്നും ലഭിക്കുന്ന പ്രോത്സാഹന തുകയാണ് മാച്ചിങ് ഗ്രാന്റ്. 18 ഗ്രൂപ്പുകള്‍ക്കായി 80,000 രൂപ മാച്ചിങ് ഗ്രാന്റ് ഇനത്തില്‍ വിതരണം ചെയ്തു. അയല്‍ക്കൂട്ടങ്ങളുടെ ആന്തരിക വായ്പ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ മാത്രമായി ജില്ലാ മിഷനില്‍ നിന്നും ലഭ്യമാകുന്നതാണ് റിവോള്‍വിങ് ഫണ്ട്. പഞ്ചായത്തിനു കീഴിലെ 10 അയല്‍ക്കൂട്ടങ്ങള്‍ക്ക് 10000 രൂപ വീതം ഒരു ലക്ഷം രൂപ റിവോള്‍വിങ് ഫണ്ട് ഇനത്തില്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ നടന്ന പരിപാടിയില്‍ മരുതറോഡ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ബി മുരളീധരന്‍ അധ്യക്ഷനായി. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സുഗുണ രാജേന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ജില്ലാ മാനേജര്‍ വി ലത, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ. അശോകന്‍, പി വിമല, സി. പ്രിയ, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.പി രാധാരമണി, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. വിനേഷ്, മരുതറോഡ് ഗ്രാമപഞ്ചായത്ത് അംഗം സൗമ്യ വിനീഷ്, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.