ഫോട്ടോസ്റ്റാറ്റ് കടകള്‍ ഉപേക്ഷിക്കുന്ന കവറുകള്‍ ശേഖരിച്ച് ക്യാരി ബാഗുകള്‍ നിര്‍മ്മിച്ച് പുനരുപയോഗത്തിന് മാതൃകയാവുകയാണ് മുടിയൂര്‍ക്കര ഗവ.എല്‍ പി സ്‌കൂളിലെ കുരുന്നുകള്‍. ഫോട്ടോസ്റ്റാറ്റ് കടകളിലും ഇന്റര്‍നെറ്റ് കഫേകളിലും എ ഫോര്‍ സൈസ് പേപ്പറുകള്‍ പൊതിഞ്ഞു വരുന്ന കവറുകള്‍ റോഡരികില്‍ കൂട്ടിയിട്ട് കത്തിക്കുന്നത് ശ്രദ്ധയില്‍പെട്ടപ്പോഴാണ് അധ്യാപികയായ മേരിക്കുട്ടി സേവ്യര്‍ പുനരുപയോഗ സാധ്യതയെക്കുറിച്ച് ചിന്തിച്ചത്്. ഉപയോഗശൂന്യമായ കവറുകളില്‍ നിന്നും പുതിയ കവറുകള്‍ ഉണ്ടാക്കുന്ന വിധം കുട്ടികള്‍ക്കു മുമ്പില്‍ അവതരിപ്പിച്ചപ്പോള്‍ ഏറെ ഉത്സാഹത്തോടെ അവരത് ഏറ്റെടുത്തു. ഉച്ചഭക്ഷണത്തിനു ശേഷം കിട്ടുന്ന ഇടവേളകളിലും മറ്റുമാണ് ക്യാരി ബാഗ് നിര്‍മ്മാണം. കടകളില്‍ നിന്നും ശേഖരിക്കുന്ന കവറുകള്‍ സ്‌കൂളിലെത്തിച്ചാല്‍ ഉടന്‍ തന്നെ ബക്കറ്റുകളില്‍ വെള്ളം നിറച്ച് അതില്‍ മുക്കി വയ്ക്കും. കവറിലെ പശ നീക്കം ചെയ്യാനാണ് ഇപ്രകാരം ചെയ്യുന്നത്. പിറ്റേ ദിവസം കവറുകള്‍ വെള്ളത്തില്‍ നിന്നെടുത്ത് ഉണക്കിയെടുക്കും. ഉണങ്ങിയ കവര്‍ രണ്ടായി മുറിച്ചെടുത്ത് ഒരു ഭാഗം കൊണ്ട് രണ്ട് ക്യാരി ബാഗുകളാണ് ഉണ്ടാക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ബാഗിന് പുറത്ത് ‘ പുനരുപയോഗം ശീലമാക്കുക ‘ എന്ന സീല്‍ പതിക്കും. ഇരുന്നൂറോളം ക്യാരി ബാഗുകള്‍ ഇതിനകം നിര്‍മ്മിച്ചുകഴിഞ്ഞു. ബാഗുകള്‍ മരുന്നുകടകളിലും മറ്റും സൗജന്യമായി നല്‍കാനാണ് തീരുമാനം. സമൂഹത്തിന് ഒരു വലിയ സന്ദേശമാണ് ഈ കുഞ്ഞുങ്ങള്‍ പകര്‍ന്നു നല്‍കാന്‍ ശ്രമിക്കുന്നത്. ഉപയോഗശൂന്യമായ ഇത്തരം കവറുകള്‍ സ്‌കൂളിലെത്തിച്ചു നല്‍കുന്നവര്‍ക്ക് ക്യാരി ബാഗുകള്‍ സൗജന്യമായി നിര്‍മ്മിച്ചു നല്‍കുന്നതാണെന്ന് പ്രധാന അദ്ധ്യാപിക കെ.സിന്ധു പറഞ്ഞു.
