പണിയൻ സമുദായം തലമുറകളായി കൈവശം വെച്ചിട്ടുള്ള ഭൂമിക്ക്  പട്ടയം നൽകണം – നിയമസഭാസമിതി
വയനാട് ജില്ലയിലെ പണിയൻ സമുദായം തലമുറകളായി കൈവശം വെച്ചിട്ടുള്ള ഭൂമിക്ക് പട്ടയം നൽകണമെന്നും വനാവശകാശനിയമപ്രകാരം ലഭിച്ച ഭൂമിയുടേയും നിലവിൽ ഇവരുടെ കൈവശമുള്ള ഭൂമിയുടെ രേഖകൾ അടിയന്തരമായി ഇവർക്ക് ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും നിയമസഭയുടെ പട്ടികജാതി പട്ടികവർഗക്ഷേമം സംബന്ധിച്ച സമിതി ശുപാർശ ചെയ്തു. പട്ടികജാതി പട്ടികവർഗക്ഷേമം സംബന്ധിച്ച സമിതി (2016-19) യുടെ ഒന്നുമുതൽ അഞ്ചുവരെയുള്ള റിപ്പോർട്ടുകളാണ് സഭയിൽ സമർപ്പിച്ചതെന്ന് സമിതി അധ്യക്ഷൻ ബി. സത്യൻ എം.എൽ.എ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പണിയൻ സമുദായത്തിന് ‘ആശിക്കും ഭൂമി ആദിവാസികൾക്ക് സ്വന്തം’ പദ്ധതിയിൽ ഭൂമി വാങ്ങുന്നതിന് സർക്കാർ അനുവദിച്ച തുക അർഹതപ്പെട്ടവർക്ക് ലഭ്യമാക്കണം. ഒരു വീട്ടിൽ ഒന്നിൽ കൂടുതൽ കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന അവസ്ഥ ഒഴിവാക്കുന്നതിന് ഓരോ കുടുംബത്തിനും മേൽത്തരം വീട് നിർമിക്കുന്നതിന് ‘ലൈഫ് മിഷൻ’ മുഖേന സാമ്പത്തികസഹായം ലഭ്യമാക്കണം.
എല്ലാ പട്ടികവിഭാഗക്കാർക്കും നിർബന്ധമായി ശ്മശാന സൗകര്യം ഉറപ്പാക്കണം. ഗർഭിണികളായ ആദിവാസി സ്ത്രീകളെ തുടക്കത്തിലേ കണ്ടെത്തി യഥാസമയം പ്രസവശുശ്രൂഷകൾ ലഭ്യമാക്കാൻ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കണമെന്നുമാണ് രണ്ടാമത്തെ റിപ്പോർട്ടിലെ പ്രധാന ശുപാർശകൾ.
പട്ടികജാതി പട്ടികവർഗ വികസന വകുപ്പിന്റെ മണ്ണന്തലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സിവിൽ സർവീസസ് എക്‌സാമിനേഷൻ ട്രെയിനിംഗ് സൊസൈറ്റിയെ മികവിന്റെ കേന്ദ്രമായി ഉയർത്താൻ നടപടി സ്വീകരിക്കണമെന്നും സമിതി ശിപാർശ ചെയ്തു. 1989ൽ തുടങ്ങിയ സ്ഥാപനത്തിൽ 30 പേർക്കാണ് പരിശീലനത്തിന് സൗകര്യമുണ്ടായിരുന്നത്. ഇത് സിവിൽ സർവീസ് അക്കാദമിയുമായി ചേർന്ന് 340 കുട്ടികൾക്ക് വിദഗ്ധമായ പരിശീലനം നൽകും. ട്രെയിനിംഗ് സൊസൈറ്റിയിൽ 100 പേർക്ക് ഹോസ്റ്റൽ സൗകര്യം നൽകുമ്പോൾ ഏറ്റവും കുറവ് വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികൾക്ക് മുൻഗണന നൽകണം. സ്ഥാപനത്തിൽ സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടുകൾ നേരിടുന്ന കുട്ടികളെ കണ്ടെത്തി സാമ്പത്തിക സഹായം നൽകുന്നതിന് നടപടി സ്വീകരിക്കണം. അവരുടെ ഭൗതികസാഹചര്യവും പഠനനിലവാരവും മെച്ചപ്പെടുത്താനുള്ള സമഗ്ര കർമ പദ്ധതികൾ നടപ്പാക്കണമെന്നും ശുപാർശ ചെയ്യുന്നു.
വെള്ളായണി അയ്യൻകാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌പോർട്‌സ് ഹയർസെക്കൻഡറി സ്‌കൂളിനെ ദേശീയതലത്തിൽ ഒരു മികച്ച സ്‌പോർട്‌സ് ഇൻസ്റ്റിറ്റ്യൂട്ടായി ഉയർത്തിക്കൊണ്ടുവരാനും ശുപാർശ ചെയ്തു. അടുത്ത അധ്യയനവർഷം മുതൽ പഠനസമയം രാവിലെ 8.30 മുതൽ ഉച്ചക്ക് 1.30 വരെയായി പുന:ക്രമീകരിക്കണം. സ്‌കൂളിലെ അക്കാദമിക്, നോൺ അക്കാദമിക്, സ്‌പോർട്‌സ് എന്നീ മൂന്നു വിഭാഗങ്ങളെ ഏകോപിപ്പിച്ചുള്ള പ്രവർത്തനത്തിന് വകുപ്പുതലത്തിൽ സമഗ്രനിരീക്ഷണം വേണം. മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ മാനേജർ-കം-റസിഡൻറ് ട്യൂട്ടർ തസ്തികയിൽ അടിയന്തരമായി സ്ഥിരനിയമനം നടത്തണം. അത്‌ലറ്റിക്‌സ് ഇനങ്ങൾക്കും വോളിബോൾ, ബാസ്‌കറ്റ്‌ബോൾ, ഷട്ടിൽ ബാഡ്മിൻറൺ എന്നീ ഇൻഡോർ ഗെയിമുകൾക്കും റെസിലിംഗിനും മികച്ച പരിശീലകരെ നിയോഗിക്കണം. സ്‌കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ അവകാശം കാർഷിക സർവകലാശാലയ്ക്കായതിനാൽ പുതുതായി അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് ഇത് തടസ്സമുണ്ടാക്കുമെങ്കിൽ ജില്ലയിൽത്തന്നെ മറ്റൊരിടത്ത് സ്ഥലം കണ്ടെത്താൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ട് ശിപാർശ ചെയ്യുന്നു.
സി.കെ. ആശ, ഐ.സി ബാലകൃഷ്ണൻ, ചിറ്റയം ഗോപകുമാർ, ഒ.ആർ. കേളു, കോവൂർ കുഞ്ഞുമോൻ, എൻ.എ. നെല്ലിക്കുന്ന്, യു.ആർ. പ്രദീപ്, പുരുഷൻ കടലുണ്ടി, റോഷി അഗസ്റ്റിൻ, വി.പി സജീന്ദ്രൻ എന്നിവരാണ് സമിതി അംഗങ്ങൾ.