തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ 13ന് നടക്കും. ജില്ലയിൽ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ അലക്സ് വർഗീസ് അറിയിച്ചു. ബ്ലോക്ക്, നഗരസഭ വരണാധികാരികളുടെ നേതൃത്വത്തില്‍ 18 കേന്ദ്രങ്ങളിലായി രാവിലെ എട്ട് മണി മുതൽ വോട്ടുകൾ എണ്ണിത്തുടങ്ങും.

കായംകുളം, മാവേലിക്കര, ഹരിപ്പാട് നഗരസഭ ഓഫീസുകള്‍, ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍, ആലപ്പുഴ സെന്റ് ജോസഫ്സ് എച്ച്.എസ്.എസ് ഫോര്‍ ഗേള്‍സ്, ചേര്‍ത്തല ശ്രീനാരായണ മെമ്മോറിയല്‍ ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്നിവയാണ് നഗരസഭകളിലെ കേന്ദ്രങ്ങള്‍. എന്‍.എസ്.എസ് കോളേജ്, പള്ളിപ്പുറം (തൈക്കാട്ടുശ്ശേരി ബ്ലോക്ക്), ടി.ഡി ഹൈസ്കൂള്‍ തുറവൂര്‍(പട്ടണക്കാട്), ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജ് (കഞ്ഞിക്കുഴി), കലവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ (ആര്യാട്), അമ്പലപ്പുഴ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ (അമ്പലപ്പുഴ), ചമ്പക്കുളം സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ (ചമ്പക്കുളം), മുട്ടാര്‍ സെന്റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ (വെളിയനാട്), ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് (ചെങ്ങന്നൂര്‍), നങ്ങ്യാര്‍കുളങ്ങര ടി.കെ. മാധവ മെമ്മോറിയല്‍ കോളേജ് (ഹരിപ്പാട്), മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ (മാവേലിക്കര), നൂറനാട് സെന്റ് ജോസ്ഫ്സ് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ (ഭരണിക്കാവ്), മുതുകുളം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ (മുതുകുളം) എന്നിവയാണ് ബ്ലോക്ക്‍തല കേന്ദ്രങ്ങള്‍.

വോട്ടെണ്ണലിനുള്ള ജീവനക്കാരെ ഇതിനോടകം നിയോഗിച്ചു കഴിഞ്ഞു. ഇവര്‍ക്കുള്ള പരിശീലനം പുരോഗമിക്കുകയാണ്. ഒരു വോട്ടണ്ണല്‍ കേന്ദ്രത്തില്‍ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണത്തിനനുസരിച്ച് എട്ട് മുതല്‍ 16 വരെ ടേബിളുകള്‍ ഒരുക്കിയിട്ടുണ്ട്. പോസ്റ്റല്‍ ബാലറ്റുകളായിരിക്കും ആദ്യം എണ്ണുക. വോട്ടെണ്ണല്‍ ദിവസം രാവിലെ എട്ട് മണിവരെ ലഭിക്കുന്ന പോസ്റ്റല്‍ വോട്ടുകളും പരിഗണിക്കും. വോട്ടെണ്ണല്‍ ഫലങ്ങള്‍ ലഭ്യമാക്കുന്നതിന് കളക്ട്രേറ്റില്‍ മീഡിയ സെന്റര്‍ പ്രവർത്തിക്കും. ട്രെൻഡ് പോര്‍ട്ടലിലൂടെയാണ് തൽസമയ ഫലങ്ങള്‍ ലഭ്യമാക്കുന്നത്.