പട്ടികജാതി വികസന വകുപ്പിന്റെ പഠനമുറി പദ്ധതി വിദ്യാര്‍ത്ഥികള്‍ക്ക് അനുഗ്രഹമാവുന്നു. ഈ വര്‍ഷം പഠനമുറി നിര്‍മ്മിച്ച് കൊടുക്കാനായി ജില്ലയില്‍ നീക്കിവെച്ചത് 2.10 കോടി രൂപയാണ്. പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ പഠനസൗകര്യം മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഓരോ വിദ്യാര്‍ത്ഥികള്‍ക്കും രണ്ട് ലക്ഷം രൂപയാണ് പഠനമുറി ഒരുക്കുന്നതിന് അനുവദിക്കുന്നത.്
ഈ വര്‍ഷം 105 വിദ്യാര്‍ത്ഥികള്‍ക്ക് ഫണ്ട് അനുവദിച്ചു. പലരുടെയും പഠനമുറിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നുകൊണ്ടിരിക്കയാണ്. ഈ മാസത്തോടെ 65 വിദ്യാര്‍ത്ഥികള്‍ക്ക് കൂടി തുക അനുവദിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ജില്ലാ പട്ടികജാതി വികസന വകുപ്പ്. 2017 -18 വര്‍ഷത്തില്‍ 190 വിദ്യാര്‍ത്ഥികള്‍ക്ക് 3.5 കോടിയാണ് പഠനമുറി ഒരുക്കാനായി ജില്ലയില്‍ ചിലവഴിച്ചത്.
പട്ടികജാതിയില്‍പ്പെട്ടതും പരമാവധി ഒരുലക്ഷം രൂപ വരെ വാര്‍ഷിക വരുമാനം ഉള്ള കുടുംബത്തിലെ സംസ്ഥാന പാഠ്യപദ്ധതി പിന്‍തുടരുന്ന 8,9,10, ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളെയാണ് പദ്ധതിയുടെ മുഖ്യ ഗുണഭോക്താക്കളായി പരിഗണിക്കുന്നത്.സാമ്പത്തിക പരാധീനതയനുഭവിക്കുന്ന ഈ വിഭാഗത്തിലെ ഏഴു മുതല്‍ പന്ത്രാണ്ടാം തരം വരെയുള്ള വിദ്യാര്‍ത്ഥികളെയും പദ്ധതിയില്‍ പരിഗണിക്കുന്നു.പദ്ധതി പ്രകാരം നാല് ഗഡുക്കളായാണ് പണം അനുവദിക്കുന്നത്. ആദ്യഘട്ടത്തില്‍ 30,000 രൂപയും രണ്ടംഘട്ടത്തില്‍ 60,000 രൂപയും മൂന്നാം ഘട്ടത്തില്‍ 80,000 രൂപയും നാലാം ഘട്ടത്തില്‍ 30,000 രൂപയുമാണ് നല്‍കുക.
നിലം ടൈല്‍ ചെയ്ത പഠനമുറിയില്‍ ലൈറ്റ്, ഫാന്‍, മേശ, ഷെല്‍ഫ് തുടങ്ങി എല്ലാ സൗകര്യവും ഉണ്ടായിരിക്കും. പഠനമുറിയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് അലോസരമില്ലാതെ പഠിക്കാനും പഠിത്തത്തില്‍ മുന്നേറാനും സഹായകമാവുമെന്നാണ് വകുപ്പ് വിലയിരുത്തുന്നത് .