ശബരിമല: അഗസ്ത്യാര്‍കൂടത്തിലെ ആദിമനിവാസികള്‍ വനവിഭവങ്ങളുമായി കാനനവാസനായ അയ്യപ്പന്റെ തിരുസന്നിധിയില്‍ കാണിക്കയര്‍പ്പിച്ച് സായൂജ്യമടഞ്ഞു. തിരുവനന്തപുരം കുറ്റിച്ചല്‍ പഞ്ചായത്തിലെ കോട്ടൂര്‍ മുണ്ടണിമാടന്‍ തമ്പുരാന്‍ ക്ഷേത്രത്തില്‍ പരമ്പരാഗത ആചാരപ്രകാരം പൂജാകര്‍മ്മങ്ങള്‍ നിര്‍വഹിച്ചുവരുന്നവരാണിവര്‍. മുളംകുറ്റിയില്‍ നിറച്ച കാട്ടുചെറുതേന്‍, കാട്ടുകുന്തിരിയ്ക്കം, കദളിക്കുല, ഈറ്റയിലും ചൂരലിലും തീര്‍ത്ത പൂജാപാത്രങ്ങള്‍, കരിമ്പിന്‍കെട്ട് തുടങ്ങിയ വനവിഭവങ്ങളാണ് വൃതശുദ്ധിയോടെ അഗസ്ത്യാര്‍കൂടത്തിലെ വനാന്തരങ്ങളില്‍ നിന്നും ശേഖരിച്ച് തലച്ചുമടായി അയ്യന്റെ സോപാനത്തില്‍ സമര്‍പ്പിച്ചത്. കാടിനുള്ളിലെ കാണിസെറ്റില്‍മെന്റില്‍ നിന്നും മാടന്‍തമ്പുരാന്റെ ക്ഷേത്രത്തിലെത്തി പ്രത്യേകപൂജകളും പ്രാര്‍ത്ഥനകളും നടത്തി വനദേവതകളെ പ്രീതിപ്പെടുത്തിയശേഷമാണ് 17ംഗസംഘം കാല്‍നടയായി യാത്ര ആരംഭിച്ചത്. 55വയസിനുനേല്‍ പ്രായമുള്ള സ്ത്രീകളും കുട്ടികളുമടങ്ങുന്നതാണ് സംഘം.  ക്ഷേത്രംട്രസ്റ്റിയും ഗുരുസ്വാമിയുമായ വിനോദ്കുമാറിന്റെ നേതൃത്വത്തിലാണ് സംഘം എത്തിയത്. സന്നിധാനത്ത് ഡിസംബര്‍ ആറിന് രാത്രിയിലെത്തിയ സംഘം അയ്യന് വനവിഭവങ്ങള്‍ തിരുമുല്‍കാഴ്ചയര്‍പ്പിച്ച് ക്ഷേത്ര തന്ത്രിയേയും മേല്‍ശാന്തിയേയും കണ്ടുവണങ്ങി രാത്രി സന്നിധാനത്ത് തങ്ങിയശേഷം രാവിലെയാണ് മടങ്ങിയത്.