കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് 13-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2019-20 വാര്‍ഷിക പദ്ധതി രൂപീകരണത്തിനായി വികസന സെമിനാര്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന വികസന സെമിനാര്‍ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദ തുളസീദാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ 13-ാം പഞ്ചവത്സര പദ്ധതിയില്‍ കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കുന്നതെന്നും ഏറ്റെടുത്ത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കണമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. 13-ാം പഞ്ചവത്സര പദ്ധതി പ്രകാരം 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഉത്പാദന മേഖലയ്ക്ക് 1,92,29380 രൂപയും സേവന മേഖലയ്ക്കായി 4,90,64540 രൂപയും പശ്ചാത്തല മേഖലയ്ക്കായി 8,33,35000 രൂപയും മെയിന്റനന്‍സ് ഗ്രാന്റ് ഇനത്തില്‍ 55,96000 രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ കൂടുതലുള്ള മുതലമട പഞ്ചായത്തില്‍ ഈ വിഭാഗങ്ങളുടെ ഉന്നമനത്തിന് ഗോവിന്ദപുരത്ത് വിവിധ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കോടി രൂപ നീക്കിവെച്ചിട്ടുണ്ടെന്നും കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദ തുളസീദാസ് അറിയിച്ചു. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.ഉദയകുമാര്‍ അധ്യക്ഷനായ പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഉമ്മര്‍ കൊങ്ങത്ത്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.സന്തോഷ് കുമാര്‍, അഡ്വ.മുരുകദാസ്, അഡ്വ.ശില്‍പ, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എ.ഗണേശന്‍, അസി. പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.സുന്ദരന്‍, പഞ്ചായത്ത് അദ്ധ്യക്ഷന്‍മാര്‍, സ്ഥിരംസമിതി അംഗങ്ങള്‍, മെംബര്‍മാര്‍, എന്നിവര്‍ സംസാരിച്ചു.