യുവതലമുറ സംരംഭകത്വ മേഖലയെ പ്രോത്സാഹിപ്പിച്ച് തൊഴിലന്വേഷണത്തിനൊപ്പം തൊഴില്‍ദാതാക്കളാവണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. പൂക്കോട് വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വ്വകലാശാലയിലെ അഞ്ചാമത് ബിരുദദാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സര്‍വ്വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണ്ണര്‍. സര്‍വ്വകലാശാലയില്‍ നിന്നും വിജയിച്ച് വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്വര്‍ണ്ണമെഡലും വിവിധ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ഗവര്‍ണര്‍ വിതരണം ചെയ്തു. ബിരുദ പഠനത്തിന് ശേഷം ജോലി ചെയ്യുകയെന്നത് മാത്രമാകരുത് യുവജനങ്ങളുടെ ലക്ഷ്യമെന്നും മറ്റുള്ളവര്‍ക്ക് ജോലി നല്‍കാനുതകുന്ന നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിയ്ക്കാന്‍ ശ്രമിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

രാജ്യത്തെ രണ്ട് സര്‍വ്വകലാശാലകളില്‍ മാത്രമാണ് പൗള്‍ട്രി സയന്‍സില്‍ കോഴ്‌സുകള്‍ നടക്കുന്നത്്. അതിലൊന്ന് പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാല എന്നത് അഭിമാനിക്കാവുന്ന കാര്യമാണെന്നും വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കുന്നതോടെ വിദേശ രാജ്യങ്ങളില്‍ തൊഴിലവസരങ്ങള്‍ ലഭിക്കുന്നത് പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. യുവസംരംഭകര്‍ക്ക് പ്രോത്സാഹനം നല്‍കുന്ന നിരവധി പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നുണ്ടെന്നും സര്‍വ്വകലാശാലയ്ക്ക് കീഴില്‍ സംരംഭകത്വ വികസനത്തിന് പ്രത്യേക സെല്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ബിരുദം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ സ്ത്രീധനത്തിനെതിരെ ഒപ്പിട്ട് സമര്‍പ്പിച്ച സത്യവാങ്മൂലം സംസ്ഥാനത്തിനാകെ മാതൃകയാണെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി.

ബി.വി.എസ്.സി ആന്‍ഡ് എ.എച്ച്, എം.വി.എസ്.സി, പി.എച്ച്.ഡി, ബി.ടെക് (ഡയറി സയന്‍സ്), എം.ടെക്, പി.എച്ച്.ഡി, ബി.എസ്.സി (പി.പി.ബി.എം), വിവിധ ഡിപ്ലോമ കോഴ്സുകള്‍ വിജയികരമായി പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. പരിപാടിയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്വര്‍ണ്ണ മെഡലുകളും, 300 ഓളം വിദ്യാര്‍ത്ഥികള്‍ക്കുള്ള ബിരുദ, ബിരുദാനന്തര ബിരുദ, ഡോക്ടറേറ്റ് സര്‍ട്ടിഫിക്കറ്റുകള്‍, എം.എസ്.സി, എം.എസ്, ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ വിതരണം ചെയ്തു.

സര്‍വ്വകലാശാല പ്രൊ-ചാന്‍സലറും മൃഗ സംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രിയുമായ ജെ. ചിഞ്ചുറാണി പരിപാടിയില്‍ അധ്യക്ഷയായി. ബിരുദധാരികളുടെ തുടര്‍ പ്രവൃത്തികളാണ് വെറ്റിറിനറി രംഗത്തെ മാറ്റങ്ങള്‍ക്ക് പ്രചോദനമാകുകയെന്നും കര്‍ഷകര്‍ക്ക് കൈത്താങ്ങാവേണ്ടത് ധര്‍മ്മമാണെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. നാഷണല്‍ ഡയറി ഡെവലപ്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ ഡോ. മീനേഷ് ഷാ ഓണ്‍ലൈനായി സംസാരിച്ചു. വൈസ്-ചാന്‍സലര്‍ പ്രൊഫ കെ.എസ്. അനില്‍, രജിസ്ട്രാര്‍ പ്രൊഫ പി. സുധീര്‍ബാബു, അക്കാദമിക്-ഗവേഷണ വിഭാഗം ഡയറക്ടര്‍ പ്രൊഫ സി. ലത, ഫാക്കല്‍റ്റി ഡീന്‍മാരായ പ്രൊഫ കെ. അല്ലി, പ്രൊഫ ബീന എ.കെ, ഡയറക്ടര്‍മാര്‍, സര്‍വ്വകലാശാല ഭരണസമിതി, മാനേജ്‌മെന്റ് കൗണ്‍സില്‍, അക്കാദമിക് കൗണ്‍സില്‍ അംഗങ്ങള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.