കാറ്റിലും മഴയിലും കടല്‍ക്ഷോഭത്തില്‍നിന്ന് രക്ഷപ്പെട്ട് ചികിത്‌സയിലുള്ളവരെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ചു. ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലുള്ളവരെയാണ് മന്ത്രി സന്ദര്‍ശിച്ച് പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞത്.
ആശുപത്രിയിലുള്ളവര്‍ക്ക് ആവശ്യമായ ചികിത്‌സ ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു. വള്ളം മറിഞ്ഞ് അപകടത്തില്‍പ്പെട്ട് ചതവും പരിക്കുമുള്ളവരാണ് ചികിത്‌സയിലുള്ളവരില്‍ കൂടുതല്‍. 67 പേരാണ് ജനറല്‍ ആശുപത്രിയില്‍ ചികിത്‌സയിലുള്ളത്. ഇന്നലെ 11 പേരാണ് ചികിത്‌സയിലെത്തിയത്. അപകടത്തിന്റെ മാനസികസമ്മര്‍ദ്ദത്തിലുള്ളവര്‍ക്ക് കൗണ്‍സലിംഗ് നല്‍കും.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ യോഗം ചേരുകയും ആവശ്യമായ ചികിത്‌സയൊരുക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. മെഡിക്കല്‍ കോളേജില്‍ പ്രത്യേക വാര്‍ഡുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മന്ത്രിയെ അനുഗമിച്ചു.