ശബരിമല: പോസ്റ്റ്കാര്‍ഡും ഇന്‍ലന്റും കവറു ഉപയോഗിച്ച് വിശേഷങ്ങളും വാര്‍ത്തകളും ദൂരെദേശങ്ങൡലുള്ളവര്‍ക്ക് കൈമാറിയ തപാല്‍കാലത്തെ കുറിച്ച് പുതുതലമുറയ്ക്ക് അറിയണമെന്നില്ല. മൊബൈല്‍ഫോണ്‍, എസ്.എം.എസ്, ചാറ്റിങ് ആപ്പുകളും ഇ-മെയിലും നിറഞ്ഞാടുന്ന വാര്‍ത്താവിനിമയ വിസ്‌ഫോടനകാലത്ത് കത്തെഴുതുകയെന്നത് തീര്‍ത്ത് മറന്ന് തുടങ്ങിയ ഒരുകാര്യമാണ്. എന്നാല്‍ ശബരിമലയില്‍ അതല്ല സ്ഥിതി. ഇവിടെയെത്തുന്ന ഭക്തരിലേറെപേരും മാളികപ്പുറത്തിനടുത്തുള്ള തപാല്‍ ആഫീസില്‍ എത്തി, പ്രിയപ്പെട്ടവര്‍ക്ക് കത്തെഴുതുന്നു. കാര്‍ഡുകള്‍ വാങ്ങിക്കൊണ്ടുപോവുകയും ഇവ നിധിപോലെ സൂക്ഷിക്കുകയും ചെയ്യുന്നു. തപാല്‍ഓഫിസിനോടോ, കത്തെഴുതുന്നതിനോ ഉള്ള പ്രണയമല്ല മറിച്ച് ആ കത്തുകളില്‍ പതിയ്ക്കുന്ന തപാല്‍മുദ്രയോടുള്ള ഭക്തിയാണ് അയ്യപ്പഭക്തരെ ശബരിമല തപാല്‍ഓഫിസില്‍ എത്തിക്കുന്നത്.
പതിനെട്ടാംപടിയും അയ്യപ്പനും ചേരുന്ന പ്രത്യേകതയുള്ള തപാല്‍മുദ്ര. ഭക്തര്‍ അയ്യപ്പനയക്കുന്ന കത്തുകളും മണി ഓര്‍ഡറുകളും കൈകാര്യം ചെയ്യുന്നതും ഇവിടെതന്നെ. ജീവിതദു:ഖങ്ങളെ കുറിച്ചും സന്തോഷസന്ദര്‍ഭങ്ങളെ കുറിച്ചും പലരും അയ്യപ്പന്റെ പേരില്‍ കത്തുകളെഴുതുന്നു. കല്യാണം, ഗൃഹപ്രവേശം, കടയുടെ ഉദ്ഘാടനം തുടങ്ങിയവയുടെ ക്ഷണകത്തുകളും അയ്യപ്പനെത്തേടിയെത്തുന്നത് പതിവ്മാത്രം. ഇവയെല്ലാം തരംതിരിച്ച് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് ജീവനക്കാര്‍ കൈമാറുന്നു. ഇങ്ങനെ സന്നിധാനത്തെ ഭക്തിവ്യവഹാരങ്ങളില്‍ സജീവസാന്നിധ്യമാവുകയാണ് ശബരിമല തപാല്‍ഓഫീസ്.
രാജ്യത്ത് ഇങ്ങനെ വ്യത്യസ്ഥമായ തപാല്‍മുദ്രയുള്ള ഒരേ തപാല്‍ഓഫീസാണ് ശബരിമല തപാല്‍ഓഫീസ്. പതിനെട്ടാംപടിയ്ക്ക് പടിയ്ക്കുമേല്‍ അയ്യപ്പനിരിക്കുന്ന ചിത്രമുള്ള ശബരിമുദ്രയാണ് ഈ ഓഫീസിന്റെ തപാല്‍മുദ്ര. മറ്റ് തപാല്‍ഓഫീസുകളില്‍ നിന്നും 689713 പിന്‍കോഡുള്ള ഈ തപാല്‍ഓഫിസിനെ വ്യത്യസ്ഥമാക്കുന്നതും ഇതുതന്നെ. ഈ മുദ്ര കത്തുകളില്‍ ചേര്‍ത്ത് കിട്ടാന്‍ സന്നിധാനത്തെത്തുന്നവര്‍ തപാല്‍ഓഫിസിലെത്തി കത്തുകളയയ്ക്കുന്നു. ചിലര്‍ കാര്‍ഡുകളും കവറുകളും മുദ്രചാര്‍ത്തിവാങ്ങി വീടുകളില്‍ പൂജാമുറികളില്‍ വെക്കുന്നു. പ്രിയപ്പെട്ടവര്‍ക്ക് സമ്മാനായി നല്‍കുന്നു.
1960ല്‍ ബ്രാഞ്ച് തപാല്‍ഓഫീസായി തുടങ്ങിയ ഇവിടെ 1975 മുതലാണ് ഇത്തരം തപാല്‍മുദ്ര പതിച്ച് തുടങ്ങിയത്. അന്ന് മുതല്‍ ശബരിമുദ്രയാണ് ഇവിടുത്തെ കത്തുകളില്‍ പതിയ്ക്കുന്നത്. ശബരിമലസീസണ്‍ തുടങ്ങുന്ന നവംബര്‍ 16 മുതല്‍ അവസാനിക്കുന്ന ജനുവരി 17വരെ ഈ ഓഫീസ് പ്രവര്‍ത്തിക്കുന്നു. രാവിലെ ഏഴുമുതല്‍ രാത്രി 8.30വരെ ഓഫീസ് പ്രവര്‍ത്തനസജ്ജമാണ്. പത്തനംതിട്ട പോസ്റ്റല്‍ ഡിവിഷന് കീഴിലെ ആറ് ജീവനക്കാരാണിവിടെയുള്ളത്. കത്തുകള്‍ക്ക് പുറമെ ഇന്‍സ്റ്റന്റ് മണിഓഡര്‍, സേവിങ്‌സ്, മൊബൈല്‍ഫോണ്‍ ചാര്‍ജിങ് തുടങ്ങിയ സേവനങ്ങളും ഇവിടെ ലഭ്യമാണ്.