മലയാളികളെ ഒരുമിപ്പിച്ചത് സാംസ്‌കാരികകൂട്ടായ്മകൾ പ്രസരിപ്പിച്ച മാനവികമൂല്യം – മുഖ്യമന്ത്രി
* മജീദ് മജീദിക്ക് സമഗ്രസംഭാവനയ്ക്കുള്ള അവാർഡ് സമ്മാനിച്ചു
ചലച്ചിത്രമേളകൾ പോലുള്ള സാംസ്‌കാരിക കൂട്ടായ്മകൾ പ്രസരിപ്പിച്ച മാനവികമൂല്യങ്ങൾ കൂടിയാണ് മലയാളികൾക്ക് പ്രളയകാലത്ത് ഐക്യവും ഒത്തൊരുമയും സാധ്യമാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 23-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയാനന്തര കേരളം കലാരംഗത്ത് തകർന്നുപോയിട്ടില്ലെന്ന് ലോകത്തിനു കാണിച്ചുകൊടുക്കാൻ രാജ്യാന്തര ചലച്ചിത്രമേള സഹായകമാകും. ആഘാതാനന്തര മാനസികാവസ്ഥയിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കുന്നതിന് കലാപ്രവർത്തനം വലിയ തോതിൽ ഉപകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതെല്ലാം അംഗീകരിച്ചാണ് സാമ്പത്തിക ബുദ്ധിമുട്ടുകൾ ചലച്ചിത്രമേളക്ക് തടസ്സമാവരുത് എന്ന് സർക്കാർ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതു പ്രതിസന്ധിഘട്ടത്തിലും മനുഷ്യനെന്ന ഒറ്റ പരിഗണനയേ പാടുള്ളൂ. ചലച്ചിത്രമേള ഇത്തരമൊരു മൂല്യബോധമാണ് വളർത്തിയെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഇറാനിയൻ സംവിധായകൻ മജീദ് മജീദിക്ക് മുഖ്യമന്ത്രി സമ്മാനിച്ചു.
മന്ത്രി എ.കെ ബാലൻ അധ്യക്ഷത വഹിച്ചു. പ്രളയത്തിൽ തകർന്ന കേരളത്തിന്റെ കലാപരമായ ഉയർത്തെഴുന്നേൽപ്പാണ് മേളയെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ബംഗാളി സംവിധായകൻ ബുദ്ധദേവ്ദാസ് ഗുപ്ത, നടിയും സംവിധായികയുമായ നന്ദിതാ ദാസ് എന്നിവ മുഖ്യാതിഥിയായിരുന്നു. ഫെസ്്റ്റിവൽ ബുക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രൻ മേയർ വി.കെ. പ്രശാന്തിന് നൽകി പ്രകാശനം ചെയ്തു.
കെ.ടി.ഡി.സി. ചെയർമാൻ എം. വിജയകുമാർ, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, വൈസ് ചെയർപേഴ്‌സൺ ബീനാപോൾ, സെക്രട്ടറി മഹേഷ് പഞ്ചു തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടനചടങ്ങിനെത്തുടർന്ന് ഉദ്ഘാടനചിത്രമായി അസ്ഗർ ഫർഹാദിയുടെ ‘എവരിഡി നോസ്’ പ്രദർശിപ്പിച്ചു.