കണ്ണൂരിൽ നടക്കുന്ന സർഗ്ഗോത്സവം 2025 കലയുടെ ഉത്സവം മാത്രമല്ല, രുചിയുടേത് കൂടിയാണ്. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന കലാമേളയുടെ ഭാഗമായി ഭക്ഷണപ്പുരയിൽ എല്ലാ ദിവസവും മൂന്ന് നേരം 2500 പേർക്ക് ഭക്ഷണമൊരുക്കും. അതോടൊപ്പം ഇടനേരം ചായയും പലഹാരവും ഉണ്ടാകും. മൂന്ന് നേരവും പ്ലേറ്റിലാണ് ഭക്ഷണം നൽകുന്നത്. വ്യത്യസ്തമായ പ്രഭാത ഭക്ഷണമാണ് ഓരോ ദിവസവും നൽകുക.

എല്ലാ ജില്ലകളിൽ നിന്നുമുള്ളവർക്ക് ഇഷ്ടപെടുന്ന രുചികളാണ് മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തലശ്ശേരി ദം ബിരിയാണി, കിണ്ണത്തപ്പം തുടങ്ങിയ കണ്ണൂർ സ്പെഷ്യൽ വിഭവങ്ങളും മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കലക്ടറേറ്റ് മൈതാനത്ത് തയ്യാറാക്കിയിട്ടുള്ള ഭക്ഷണശാലയിൽ ഒരേ സമയം അറുനൂറിലധികം പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യമുണ്ട്. 20 കുടുംബശ്രീ അംഗങ്ങളും 15 വളണ്ടിയർമാരും 21 ഭക്ഷണ കമ്മറ്റി അംഗങ്ങളുമുൾപ്പടെ 56 പേർ ഭക്ഷണം വിളമ്പാനും ഭക്ഷണശാല നിയന്ത്രണത്തിനുമുണ്ട്. അസിസ്റ്റന്റ് ടി ഡി ഒ ടി.കെ മനോജിനാണ് ഭക്ഷണ കമ്മിറ്റിയുടെ ചുമതല. സി. കെ ജോഷ്‌മോൻ, പി പി ഗിരീഷ് എന്നിവർ കൺവീനർമാരാണ്.