വേനല്‍ക്കാലം അടുക്കുന്നതിനാല്‍ കുടിവെള്ള ദൗര്‍ലഭ്യം ഒഴിവാക്കുന്നതിനായി നിലവില്‍ നടക്കുന്ന കുടിവെള്ള പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം. കേരള വാട്ടര്‍ അതോറിറ്റിയുടേയും ജല്‍ജീവന്‍ മിഷന്റെയും നേതൃത്വത്തില്‍ ജില്ലയില്‍ നടക്കുന്ന വിവിധ പദ്ധതികള്‍ യോഗത്തില്‍ വിലയിരുത്തി. അമ്പലപ്പാറ, കടമ്പഴിപ്പുറം, പൂക്കോട്ട് കാവ് മേഖലകളിലെ കുടിവെള്ള ദൗര്‍ലഭ്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് കെ പ്രേംകുമാര്‍ എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു. ഒറ്റപ്പാലം മണ്ഡലത്തിലെ ശ്രീകൃഷ്ണപുരം ലക്ഷം വീട് ഉന്നതിയിലെ മലൈപ്പണ്ടാരം വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് ജില്ലാ വികസന സമിതിയുടെ തീരുമാനപ്രകാരം സര്‍ക്കാരിലേക്ക് കത്ത് അയയ്ക്കും. തണ്ണീര്‍പന്തല്‍- കാരാക്കുറിശ്ശി റോഡില്‍ (നിരഞ്ജന്‍ റോഡ്) തുടര്‍ച്ചയായി അപകടങ്ങള്‍ ഉണ്ടാകുന്നതിനാല്‍ ഇവിടെ പൊതുമരാമത്ത് വകുപ്പ് ബാരിക്കേഡുകള്‍ സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
വടക്കഞ്ചേരി ടൗണിലെ അനധികൃത കച്ചവടവും ഗതാഗത കുരുക്കും ഒഴിവാക്കുന്നതിന് ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും ചേര്‍ന്ന് യോഗം നടത്തി പരിഹാരം കണ്ടെത്തണമെന്ന് പി പി സുമോദ് എം എല്‍ എ പറഞ്ഞു. വടക്കഞ്ചേരി മംഗലം പാലം മുതല്‍ വള്ളിയോട് വരെയുള്ള റോഡ് സഞ്ചാര യോഗ്യമല്ലാത്തതിനാല്‍ ടാറിങ് പ്രവൃത്തികളും, മണ്ഡലത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികളും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും എം എല്‍ എ ആവശ്യപ്പെട്ടു. ഡിസംബര്‍ 31 നകം ഒന്നാം വിള നെല്ല് സംഭരണം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഇതുവരെ 54.34 കോടി രൂപ കര്‍ഷകര്‍ക്ക് നല്‍കിയതായും ജില്ലാ പാഡി ഓഫീസര്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധിയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. കര്‍ഷകര്‍ക്കുള്ള വിള ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ നല്‍കിയിട്ടുണ്ടെന്നും 2024 മെയ് വരെയുള്ള ക്ലെയിം തുക വന്നിട്ടുണ്ടെന്നും ജില്ലാ പാഡി ഓഫീസര്‍ അറിയിച്ചു. ചിറ്റൂര്‍ മണ്ഡലത്തിലെ ഫിഷ് മീല്‍ നിര്‍മ്മിക്കുന്ന സ്വകാര്യസ്ഥാപനം അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്നെന്ന പരിസരവാസികളുടെ പരാതി ഗൗരവകരമായി കാണണമെന്നും ജില്ലാകളക്ടര്‍ നേരിട്ട് പരിശോധിക്കണമെന്നും മന്ത്രിയുടെ പ്രതിനിധി യോഗത്തില്‍ ആവശ്യപ്പെട്ടു.
ഷൊര്‍ണൂര്‍ എലിയപ്പൊറ്റ- കുളപ്പുള്ളി റോഡിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്നും ജനുവരി 31 നകം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും കേരള വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി മമ്മിക്കുട്ടി എം എല്‍ എ യെ അറിയിച്ചു. ചെര്‍പ്പുളശ്ശേരി ആശുപത്രിയില്‍ എം എല്‍ എ ഫണ്ടില്‍ ഉള്‍പ്പെടുത്തി സ്ഥാപിച്ച എക്‌സ് റേ യൂണിറ്റിന്റെ ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍ ഉടനെ ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പട്ടാമ്പി കുലുക്കല്ലൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം നിര്‍മ്മിക്കുന്നതിന് ഡിസംബര്‍ അവസാനം ഡി പി ആര്‍ സമര്‍പ്പിക്കുമെന്ന് ഡി എം ഒ (ആരോഗ്യം) അറിയിച്ചു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്. സജീദ് അധ്യക്ഷത വഹിച്ചു. എം.എല്‍.എ മാരായ പി.പി .സുമോദ്, കെ. പ്രേംകുമാര്‍, പി. മമ്മിക്കുട്ടി, വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി എസ് വിനോദ്ബാബു, ആര്‍.ഡി.ഒ കെ. മണികണ്ഠന്‍, ഡെപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫീസര്‍ എം. ധ്വര, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
