രാജ്യാന്തര ചലച്ചിത്രമേളയുടെ കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ ഇത്തവണ ബ്രസീല്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. സിനിമ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന സ്റ്റെഫാന്‍ സോളമന്‍ തെരഞ്ഞെടുത്ത ആറ് ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കില്‍ മി പ്ലീസ് (അനിറ്റ റോച്ച ഡി സില്‍വെയ്‌റ), നെക്രോപൊലിസ് സിംഫണി (ജൂലിയാന റോജസ്), സൗത്ത് വെസ്റ്റ് (എഡ്വാര്‍ഡോ ന്യൂണ്‍സ്), സ്റ്റോറീസ് അവര്‍ സിനിമ ഡിഡ് (നോട്ട്) ടെല്‍ (ഫെര്‍ണാണ്ട പെസ്സോ), വൈറ്റ് ഔട്ട് ബ്ലാക്ക് ഇന്‍ (അഡേര്‍ലി ക്യൂറോസ്), യങ് ആന്‍ഡ് മിസറബിള്‍ ഓര്‍ എ മാന്‍ സ്‌ക്രീമിങ് ഈസ് നോട്ട് എ ഡാന്‍സിങ് ബിയര്‍ (തിയാഗോ ബി മെന്‍ഡോക്ക) എന്നീ ചിത്രങ്ങളാണ് കണ്‍ട്രി ഫോക്കസ് വിഭാഗത്തിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.
തെളിഞ്ഞ കാഴ്ചയും വ്യക്തമായ കാഴ്ചപ്പാടുകളുമുള്ള സിനിമാപ്രവര്‍ത്തകര്‍ ബ്രസീല്‍ സിനിമകളെ മാറ്റിമറിക്കുന്നു.
മാറിയ സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങളുടെ സൂക്ഷ്മമായ അവതരണമാണ് അവരുടെ ഇന്നത്തെ സിനിമകള്‍. ബ്രസീലിന്റെ സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങളുടെ പരിഛേദമായി ഈ സിനിമകള്‍ മാറുന്നുണ്ട്. രാജ്യത്തിന്റെ ബാഹ്യമായ അവസ്ഥകള്‍ക്കു പുറമെ മനുഷ്യന്റെ ആന്തരികമായ സംഘര്‍ഷങ്ങളെക്കുറിച്ചും ഉല്‍ക്കണ്ഠകളെക്കുറിച്ചും കൂടി സിനിമകള്‍ പറയാന്‍ ശ്രമിക്കുന്നുണ്ട്. ബ്രസീല്‍ സിനിമകള്‍ മുന്‍കാലങ്ങളില്‍ അഭിമുഖീകരിക്കാതെ പോയ വിഷയങ്ങളും ചോദിക്കാന്‍ മറന്ന ചോദ്യങ്ങളും കാഴ്ചക്കാരിലേക്ക് എറിയുന്നുണ്ട് ഈ ചിത്രങ്ങള്‍.